പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനം
പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. സേവനങ്ങള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാനും ജി. എസ്. ജയലാല്‍ എം. എല്‍. എയുടെയും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
സി. ടി. സ്‌കാന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കും. ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കായുള്ള സാധ്യതയും പരിശോധിക്കും. എച്ച്.ഡി.എസ് ഫാര്‍മസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഒഴിവുള്ള നേഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികളിലേക്കുള്ള നിയമനനടപടികള്‍ പൂര്‍ത്തിയായി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മാതൃകയില്‍ ജനുവരി മുതല്‍ വിസിറ്റിംഗ് പാസ്സ് ഉണ്ടാകും.
കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ആശുപത്രിക്ക് ചുറ്റും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, ട്രോമാ കെയര്‍ ബ്ലോക്ക്, ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി.
ആശുപത്രിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിമാസയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. എച്ച്. ഗോപകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കോളര്‍ഷിപ്പ് പദ്ധതി
പവിത്രേശ്വരം പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എന്‍ജിനിയറിംഗ്, പ്രൊഫെഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ള അംഗീകൃത ബിരുദ-ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍, ഗവേഷണം/എന്‍ട്രന്‍സ് പരിശീലനം, പ്ലസ്ടുവിന് ശേഷം മറ്റ് സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളില്‍ റെഗുലര്‍ കോഴ്‌സ് ചെയ്യുന്നവര്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 24 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷകള്‍ പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2415526.
‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം’പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക സമുദായത്തില്‍പ്പെട്ട (ഒ.ബി.സി) ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍/ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിംഗ് സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ് തുടങ്ങിയ മത്സര/യോഗ്യതാപരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in മുഖേന 2023 ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0474 2914417.
അപേക്ഷ ക്ഷണിച്ചു
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി രൂപീകരിക്കുന്ന ഡിസ്ട്രിക്ട് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലെ (ഡി.പി.എം.യു) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷ ഡിസംബര്‍ 24 നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
യോഗ്യത: ഡി.പി.എം.യു ഹെഡ് (ഒരു ഒഴിവ്) തസ്തികയിലേക്ക് സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിടെക് ബിരുദവും, ജലവിതരണ രംഗത്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിങ് തസ്തികയില്‍ കുറയാതെ കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
പ്രോജക്ട് എന്‍ജിനീയര്‍ (ആറ് ഒഴിവ്) തസ്തികയിലേക്ക് സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്, ജലവിതരണ രംഗത്ത് ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം, എന്‍വയണ്‍മെന്റല്‍/സ്ട്രക്ച്ചറല്‍/ഹൈഡ്രോളിക് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം (അഭിലഷണീയം) ഉള്ളവര്‍ക്കും അപേക്ഷിക്കാം.
വോളന്റിയര്‍ (ആറ് ഒഴിവ്) തസ്തികയിലേക്ക് സിവില്‍/മെക്കാനിക്കല്‍ വിഭാഗത്തില്‍ ഐ.ടി.ഐയില്‍ കുറയാത്ത യോഗ്യത, പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ആറ് ഒഴിവ്) തസ്തികയിലേക്ക് ബി.എസ്. സി/എം.സി.എ/പി.ജി.ഡി.സി.എ/ബന്ധപ്പെട്ട ഐ.ടി.ഐ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകളുമായി ഡിസംബര്‍ 28ന് രാവിലെ 10ന് ജില്ലാ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2793473.
നീക്കം ചെയ്തു
ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് 1) (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 102704, 102629 എന്നീ രജിസ്റ്റര്‍ നമ്പറുകളിലുള്ള ഉദ്യോഗാര്‍ഥികള്‍ ‘വിധവയായ അമ്മയുടെ കുട്ടി’ എന്ന മുന്‍ഗണനാ സാക്ഷ്യപത്രം ഹാജരാക്കാത്തതിനാല്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തതായി പി.എസ്.സി ജില്ലാ ഓഫിസര്‍ അറിയിച്ചു.
തപാല്‍ അദാലത്ത്
ജില്ലാ തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28ന് രാവിലെ 11ന് ഓണ്‍ലൈനായി തപാല്‍ അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികളാണ് പരിഗണിക്കുക. പരാതികള്‍ [email protected] മുഖേന ഡിസംബര്‍ 24ന് മുമ്പ് ‘ഡിഎകെ അദാലത്ത് ക്വാര്‍ട്ടര്‍ എന്‍ഡിങ് ഡിസംബര്‍ 2022′ എന്ന തലക്കെട്ടോടെ സമര്‍പ്പിക്കണം. പരാതിക്കാര്‍ മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. ഫോണ്‍ : 0474 2760463, 2740278.
ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍
കൊട്ടാരക്കര നഗരസഭയുടേയും കേരള സ്റ്റേറ്റ് ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും ബോള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും നേതൃത്വത്തില്‍ 68-ാമത് സീനിയര്‍ (പുരുഷ-വനിത) ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍ നടക്കും.
കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 24ന് വൈകിട്ട് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനാകും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍, മുന്‍ എം.എല്‍.എ പി. അയിഷ പോറ്റി, ബി. ബി. എഫ്. എ പ്രസിഡന്റ് അശോക് കുമാര്‍ ഗോയല്‍, സെക്രട്ടറി ദിനേഷ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. എണസ്റ്റ്, ജില്ലാ ബോള്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്. അനില്‍കുമാര്‍. കെ. എസ്. ബി. ബി. എ പ്രസിഡന്റ് ടി. കെ. ഹെന്‍ട്രി, ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു അമ്പലക്കര,കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണമേനോന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് എ. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ 25ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. പി. എസ്. സുപാല്‍ എം.എല്‍.എ മുഖ്യാതിഥിയാകും. എസ്.ആര്‍.രമേശ് അധ്യക്ഷനാകുന്ന ചടങ്ങില്‍ അരുണ്‍ കടാംകുളം, സുജ അച്ചന്‍കുഞ്ഞ്, ഡി.ബി.ബി.ഐ ജില്ലാ സെക്രട്ടറി എം. മുബാഷ് എന്നിവര്‍ പങ്കെടുക്കും.
26ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യാതിഥിയാകും. അനില്‍ അമ്പലക്കര, കെ.എസ്.ബി.ബി.എ ട്രഷറര്‍ കെ.സുധാകരന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഫൈസല്‍ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
27ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കൗണ്‍സിലര്‍ വി. ഫിലിപ്പ് അധ്യക്ഷനാകും. കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മുഖ്യാതിഥിയാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജി.സുഷമ, സി. മുകേഷ്, തുടങ്ങിയവര്‍ പങ്കെടുക്കും.
28ന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. കെ.എസ്.ബി. ബി. എ പ്രസിഡന്റ് ടി. കെ. ഹെന്‍ട്രി അധ്യക്ഷനാകും. എം.എല്‍.എമാരായ എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ബി.ബി.എഫ്.ഐ പ്രസിഡന്റ് അശോക് ഗോയല്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് നടക്കുന്ന കലാസന്ധ്യയില്‍ നാദസ്വരകച്ചേരി, നാട്യഞ്ജലി, കഥകളി, കരാട്ടെ, നാടകം, യോഗ എന്നിവയും അരങ്ങേറും.
നീരുറവ് പദ്ധതിക്ക് കരീപ്രയില്‍ തുടക്കം
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കൊട്ടാരക്കര ബ്ലോക്കിലെ കരീപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സര്‍വേ നടപടികളും ആരംഭിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ പഠിക്കാനായി സംഘടിപ്പിച്ച നീര്‍ത്തട നടത്തത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ ഏറ്റുവായ്‌ക്കോട് വാര്‍ഡില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പിള്ള അധ്യക്ഷനായി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍-പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കേരള മിഷന്‍ ആര്‍. പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാന്റ്‌പേരന്റ്സ് ദിനാചാരണം നടന്നു
കേന്ദ്രീയ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രാന്റ് പേരന്റ്സ് ദിനം ആഘോഷിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. കേന്ദ്രീയ വിദ്യാലയ സംഗേതന്‍ എറണാകുളം റീജ്യണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. സന്തോഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ ജി. ശശികുമാര്‍, പ്രധാനാധ്യാപിക ബീനാ ബാലകൃഷ്ണന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ലാബ് ടെസ്റ്റിനുള്ള വിവിധ രാസപദാര്‍ഥങ്ങളും അനുബന്ധ സാധനങ്ങളും നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 23 വൈകിട്ട് മൂന്ന് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍-9048892443.
ഖാദി ക്രിസ്തുമസ്-പുതുവത്സര മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ക്രിസ്തുമസ് പുതുവത്സര മേളയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ ഓഫിസ് അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ജനുവരി അഞ്ച് വരെ നടക്കുന്ന മേളയില്‍ കോട്ടണ്‍, സില്‍ക്ക് തുണികള്‍ക്ക് 30% വരെയും വൂള്ളന്‍ തുണികള്‍ക്ക് 20% വരെ റിബേറ്റും ഉണ്ടായിരിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ഉണ്ടാകും. 0474 2743587.
മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
കെപ്ക്കോയുടെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില 60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. ആവശ്യക്കാര്‍ കൊട്ടിയം ഫാമില്‍ നേരിട്ടോ 9495000923, 9495000913 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.