Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (19/12/2022)

കുളിര്‍മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്

കൊല്ലം ക്യു.ആര്‍.എസ് കോളനിയിലെ മത്സ്യത്തൊഴിലാളികള്‍ അല്ലാത്ത 65 കുടുംബങ്ങള്‍ക്കായി ലൈഫ് പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 48 വീടുകള്‍ ഉള്‍പ്പെടുന്ന കുളിര്‍മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഇന്ന് (ഡിസംബര്‍ 20) വൈകിട്ട് അഞ്ചിന് പള്ളിത്തോട്ടം കുളിര്‍മ ഫ്‌ളാറ്റ് അങ്കണത്തില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, എം.മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഉപഭോക്തൃ വാരാചരണം: മത്സരങ്ങള്‍ സംഘടിപ്പിക്കും

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 23ന് രാവിലെ 10.30ന് സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ മത്സരങ്ങള്‍ നടത്തും. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ക്കായി ഉപന്യാസം, കോളജ് തലത്തില്‍ പ്രസംഗം എന്നിവയാണ് മത്സര ഇനങ്ങള്‍. ‘ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്, ഉപഭോക്തൃ നിയമം- അവകാശങ്ങള്‍ -കടമകള്‍’ എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായിരിക്കും മത്സരങ്ങള്‍. ജില്ലാതല വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം ഒന്നാം സമ്മാനമായി 1500 രൂപയും രണ്ടാം സമ്മാനമായി 1000 രൂപയും മൂന്നാം സമ്മാനമായി 500 രൂപയും ലഭിക്കും. വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖകളുമായി ഡിസംബര്‍ 23ന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണം. വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസ് കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2794818, 9747794089.

 

ഒംബുഡ്‌സ്മാന്‍ സിറ്റിംഗ്

തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സ്മാന്‍ സിറ്റിംഗ് ഡിസംബര്‍ 22ന് രാവിലെ 11 മുതല്‍ 12 വരെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ, [email protected] ഇ-മെയിലിലോ അയക്കാം. ഫോണ്‍ 9995491934.

 

ജില്ലാ ആശുപത്രിക്ക് അത്യാധുനിക സി. റ്റി സ്‌കാന്‍ മെഷീന്‍ സമര്‍പ്പണം നാളെ (ഡിസംബര്‍ 21)

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.21 കോടി രൂപ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച സി.റ്റി സ്‌കാന്‍ മെഷീന്‍ നാളെ (ഡിസംബര്‍ 21) വൈകിട്ട് മൂന്നിന് ജില്ലാ ആശുപത്രിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിക്കും.

തല മുതല്‍ പാദം വരെയുള്ള ഭാഗങ്ങളിലെ സ്‌കാനിംഗ് റിസള്‍ട്ട് വളരെ വേഗത്തില്‍ ലഭ്യമാക്കുമെന്നതാണ് മെഷീന്റെ സവിശേഷത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയേല്‍ അധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ.ബി മീനാക്ഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപന്‍, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍ സന്ധ്യ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എച്ച്.എം.സി അംഗങ്ങള്‍, മറ്റ് രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 179 അങ്കണവാടികളിലേക്കും അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 36 അങ്കണവാടികളിലേക്കും ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ (സ്ഥാപനങ്ങള്‍/വ്യക്തികള്‍) നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നാളെ( ഡിസംബര്‍ 21) ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ട്, സ്റ്റേഡിയം കോംപ്ലക്സ്. ഫേണ്‍: 0474 2740590, 9188959663.

 

കേന്ദ്രീയ വിദ്യാലയം കായിക ദിനാഘോഷം നടത്തി

കേന്ദ്രീയ വിദ്യാലയം 15-ാം വാര്‍ഷിക സ്‌കൂള്‍ കായിക ദിനാഘോഷം നടത്തി. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ മുഖ്യാതിഥിയായി. വിവിധ കായിക ഇനങ്ങളില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും, കെ.വി.എസ് നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മെഡല്‍ നേടിയവരെയും കളക്ടര്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ ജി.ശശികുമാര്‍, മുതിര്‍ന്ന അധ്യാപകന്‍ ജി.നാഗരാജന്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മിനി തൊഴില്‍മേള ‘ദിശ’ ഡിസംബര്‍ 22ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഡിസംബര്‍ 22ന് രാവിലെ ഒമ്പത് മുതല്‍ ‘ദിശ 2022’ മിനി തൊഴില്‍മേള നടത്തും. ആയിരത്തോളം ഒഴിവുകളാണുള്ളത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, എച്ച്.ആര്‍, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.

പ്ലസ്.ടു, ഐ.ടി.ഐ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റ (അഞ്ചെണ്ണം) സഹിതം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എത്തണം. ഫോണ്‍: 0474 2746789, 0474 2740615.

error: Content is protected !!