നഗരസഭ ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണം : വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
പത്തനംതിട്ട നഗരസഭ ബസ് ടെര്‍മിനലിന്റെ യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം യാര്‍ഡില്‍ പരിശോധന നടത്തി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിദഗ്ധസംഘം ബസ്‌സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മുന്‍പ് ടാര്‍ ചെയ്തിരുന്നതിന്റെയും, നിലവിലുള്ള വെള്ളക്കെട്ടും മഴ പെയ്യുമ്പോഴുള്ള വെള്ളത്തിന്റെ ഒഴുക്കും വിശദമായി പഠിക്കുകയും ബസ് ഓണേഴ്‌സ് പ്രതിനിധികളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് യാര്‍ഡിലെ നിലവിലെ ഉപരിതലത്തില്‍ നിന്ന് ഒന്നര മീറ്റര്‍ ആഴത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി എന്‍ജിനീയറിംഗ് കോളേജിലെ മണ്ണ് പരിശോധനാ ലാബിന് കൈമാറി. പരിശോധനാ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അടങ്കല്‍ തയ്യാറാക്കി നഗരകാര്യ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് നഗരസഭാ കൗണ്‍സിലര്‍ ആര്‍.സാബു മുനിസിപ്പല്‍ എഞ്ചിനീയര്‍ സുധീര്‍ രാജ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ഖാദിഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പന മേള തിരുവല്ലയില്‍
പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി നിര്‍മ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വില്‍പ്പന മേള പിഎംഇജിപി എക്‌സ്‌പോ 2022 തിരുവല്ലയില്‍ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കും. 12 ദിവസത്തെ മേളയില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ പങ്കെടുക്കും. വിവിധ ഇനം ഖാദി വസ്ത്രങ്ങളുടെ വില്പന ഉണ്ടായിരിക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെണയും കേരള സര്‍വോദയ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് കെ.വി.ഐ.സി യുടെ https://www.kviconline.gov.in/pmegpeportal എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സംരംഭങ്ങള്‍ക്ക് ചെലവിനായി 35% വരെ കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ അയച്ചുതരണം. ലൈഫ്സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2 966 577, 9188 230 577.
മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ്ടുവും അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് എസ്എസ്എല്‍സിയുമാണ് യോഗ്യത.അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 8547 720 167, 6238 941 788. വെബ്‌സൈറ്റ് : https//mediastudies.cdit.org.
പ്രിഡിഡിസി യോഗം ഡിസംബര്‍ 24ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം ഡിസംബര്‍ 24ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.
ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ആറ് സാമൂഹ്യ പഠന മുറികളിലേക്ക് ട്രോളി സ്പീക്കറുകള്‍ (പിഎ ആബ്ലിഫൈയര്‍ വിത്ത് ട്രോളി സിസ്റ്റം ആന്റ് റീചാര്‍ജബിള്‍ ബാറ്ററി) വിതരണം നടത്തുന്നതിന് ബ്രാന്റഡ് കമ്പനികളുടെ 40 വാട്സും പരമാവധി ഒന്‍പത് കിലോഗ്രാം ഭാരം വരുന്ന ആറ് വയര്‍ലെസ് ട്രോളി സ്പീക്കറുകള്‍ (രണ്ട് മൈക്കുകള്‍) സഹിതം വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 0473 5 227 703.
അതിദാരിദ്ര സര്‍വേയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അടിസ്ഥാനരേഖകള്‍ ഉറപ്പാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അതിദാരിദ്ര സര്‍വേയില്‍ ദരിദ്രരെന്ന് കണ്ടെത്തിയവര്‍ക്ക് അടിസ്ഥാന രേഖകളായ ആധാര്‍, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉറപ്പാക്കുന്നതിന് ഗൗരവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുരോഗതി വരുത്തണം. ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കാത്ത തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി കൗണ്‍സില്‍ രൂപികരിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ ശുചിത്വ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മാലിന്യ ശേഖരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം പരമാവധി പ്രയോജനപ്പെടുത്തണം. ഹരിതകര്‍മസേന അംഗങ്ങള്‍ സജീവമല്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അംഗങ്ങളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികള്‍ ഇടപെട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
പദ്ധതി നിര്‍വഹണത്തിന് മൂന്ന് മാസം ബാക്കി നില്‍ക്കെ എക്‌സ്‌പെന്‍ഡീച്ചര്‍ വേഗത്തിലാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കണം. നിർമാണ പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതിക അനുമതി നൽകലും ഡിസംബര്‍ 31 ന് മുമ്പ് പൂർത്തിയാക്കാൻ എഞ്ചിനിയറിംഗ് വിഭാഗം ശ്രദ്ധിക്കണമെന്ന് യോഗം പറഞ്ഞു.
ലൈഫ് ഭവനനിർമാണ പദ്ധതിയുടെ നിർവഹണത്തിന്റെ ഭാഗമായി വിഇഒമാരുടെ ചുമതലയിൽ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സഹകരിച്ച് ഗുണഭോക്തൃ സംഗമം നടത്തുകയും നിർമാണത്തിന് കരാര്‍ വയ്ക്കുകയും വേണം. പുതിയ ലിസ്റ്റില്‍ നിന്ന് ഗുണഭോക്തക്കളെ എടുക്കാനും അവലോകന യോഗം തീരുമാനിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സത്വര നടപടി സ്വീകരിക്കണം. നെൽ കർഷകർക്ക് കൃഷി ചെലവ് നൽകാനുള്ള പദ്ധതിയുടെ തുക എത്രയും വേഗം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകണം. പൂര്‍ത്തികരിച്ച പദ്ധതികളുടെ ബില്‍ മാറാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കൃഷി വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുന്നുണ്ടെന്നും ഇവരുടെ ഒഴിവ് എത്രയും വേഗം നികത്തണമെന്നും യോഗം വിലയിരുത്തി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ച ഗ്രാമപഞ്ചായത്തുകള്‍ ഡിസംബര്‍ 22 ന് മുന്‍പായി പ്രേജക്ടുകള്‍ തയാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ബ്ലോക്കുതല അവലോകനം ചേരാനും യോഗം തീരുമാനിച്ചു.
പട്ടികജാതി പട്ടികവര്‍ഗ ഉപപദ്ധതികള്‍, എബിസി, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതി അവലോകനയോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ജോര്‍ജ് , ഡിഡിപി കെ.ആര്‍ സുമേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ , വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴിലരങ്ങത്തേയ്ക്ക് കാമ്പയിൻ വരുന്നു ; 1000 സ്ത്രീകൾക്ക് തൊഴിൽ
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം ആളുകൾക്ക് 2026 ന് മുൻപ് സ്വകാര്യ മേഖലയിൽ ജോലി നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന് നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ‘തൊഴിലരങ്ങത്തേക്ക് ‘ എന്ന പേരിൽ പുതിയ കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ് മാർച്ച് എട്ടിന് ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തൊഴിൽ അന്വേഷകരായ 1000 സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തി അവർക്ക് ജോബ് ഓഫർ ലെറ്റർ കൈമാറുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുടുംബശ്രീ മിഷനിലൂടെ നടത്തിയ എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിൻ സർവേയിലൂടെ കണ്ടെത്തിയ 53 ലക്ഷം തൊഴിൽ അന്വേഷകരിൽ 58 ശതമാനവും സ്ത്രീകൾ ആണ് എന്നുള്ളതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസം ഉള്ളവരായ സ്ത്രീകൾ ഉൾപ്പെടെ നിരവധി യുവതികൾ കുടുംബങ്ങളുടെ അകത്തളങ്ങളിൽ കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുവാനുള്ള ഊർജവും അവസരവും കൊടുക്കുവാൻ ഇതിലൂടെ കഴിയും. പ്രാദേശിക തൊഴിൽ അവസരങ്ങളും വിദേശ തൊഴിൽ അവസരങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ വിജ്ഞാന സമ്പത്തിനെ പൂർണമായി ഉപയോഗപ്പെടുത്തി നവകേരളം നിർമിക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവട് വയ്പ്പിനാണ് തുടക്കം കുറിക്കുന്നത്. തൊഴിലരങ്ങത്തേക്ക് എന്ന കാമ്പയിൻ ജില്ലയിൽ പൂർണതോതിൽ നടപ്പാക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ശ്രീകല വിഷയാവതരണം നടത്തി. കെ കെ ഇ എം റീജണൽ മാനേജർ അനൂപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം സാംസൺ, കില കോ-ഓർഡിനേറ്റർ അശ്വതി എന്നിവരും യോഗത്തിൽ പങ്കെടുത്തു.