സംസ്ഥാന കേരളോത്സവം: കായിക മത്സരങ്ങള്‍ക്ക് ഇന്ന് (ഡിസംബര്‍ 27) തുടക്കം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 27) രാവിലെ 10ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
3400 കായികതാരങ്ങലാണ് മത്സരങ്ങളില്‍ അണിനിരക്കുക. അത്ലറ്റിക്‌സ്, നീന്തല്‍, ആര്‍ച്ചറി, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, ചെസ്സ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. അത്ലറ്റിക്‌സ് ഇനങ്ങളില്‍ സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, പുരുഷന്‍, വനിത എന്നീ കാറ്റഗറികളിലാണ് മത്സരം. സമാപന സമ്മേളനം ഡിസംബര്‍ 30ന് വൈകീട്ട് 3.30ന് ക്യു.എ.എസ് ഗ്രൗണ്ടില്‍ പൊതുമരാമത്ത്- യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചാരായ നിരോധന ജനകീയ കമ്മിറ്റി പുതുവത്സര പരിശോധന കര്‍ശനമാക്കും: ജില്ലാ കളക്ടര്‍
പുതുവത്സരാഘോഷം പ്രമാണിച്ച് നിരോധിത ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ജില്ലാതല ചാരായനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ പൊതുജനങ്ങള്‍ കൂടുന്ന ഇടങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ എക്‌സൈസ് വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബീച്ചുകള്‍, കോര്‍പ്പറേഷന്‍ മേഖലകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചു. തപാല്‍, കൊറിയര്‍ മുഖേന എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
എക്‌സൈസ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ, ഭക്ഷ്യസുരക്ഷ, കോസ്റ്റല്‍ പൊലീസ്, ഡ്രഗ്സ് കണ്‍ട്രോള്‍ എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന പുരോഗമിക്കുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. ഡിസംബര്‍ 20 വരെ വിവിധ വകുപ്പുകളുമായി സഹകരിച്ച് 3619 റെയ്ഡുകള്‍ നടത്തി. 469 അബ്കാരി കേസുകള്‍, 245 മയക്കുമരുന്ന് കേസുകള്‍, 2646 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 ലിറ്റര്‍ ചാരായം, 5617 ലിറ്റര്‍ കോട, 1113 ലിറ്റര്‍ വിദേശമദ്യം, 38 കിലോഗ്രാം കഞ്ചാവ്, 80 ഗ്രാം എം.ഡി.എം.എ, 165 നൈട്രാസെപാം ഗുളികകള്‍, 50 ഗ്രാം ഹാഷിഷ് ഓയില്‍, 10 കഞ്ചാവ് ചെടികള്‍ എന്നിവയും കണ്ടെടുത്തു. 37 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം, സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍, രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാലുമാസമായി സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടരുകയാണ്.
കള്ളുഷാപ്പുകളിലും, ബാറുകളിലും പ്രത്യേക പരിശോധന നടത്തും. അതിര്‍ത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് തമിഴ്‌നാട് പോലീസുമായി ചേര്‍ന്ന് പ്രത്യേക ഡ്രൈവ് ഉണ്ടാകും. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ് വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരു ബോര്‍ഡര്‍ പട്രോളിംഗ് യൂണിറ്റും 24 മണിക്കൂര്‍ പരിശോധന നടത്തുന്നുണ്ട്. പൊലീസ് ഡോഗ് സ്‌ക്വാഡുമായി ചേര്‍ന്ന് ചെക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന ഉറപ്പാക്കും. കള്ള് ഷാപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് വരുന്നു. രാത്രികാല തട്ടുകടകളും, ടൂറിസ്റ്റ് ബസുകളും, ആംബുലന്‍സുകളും കര്‍ശന നിരീക്ഷണത്തിലാക്കും.
വിദ്യാര്‍ഥികള്‍ക്കായി ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം ശക്തിപ്പെടുത്തി. എസ്.പി.സി, എന്‍.പി.സി വിഭാഗങ്ങളുടെ സേവനമാണ് വിനിയോഗിക്കുന്നത്. സ്‌കൂളുകളിലടക്കം ക്ലാസുകള്‍ സംഘടിപ്പിച്ച് വിമുക്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു. നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ ഡി -അഡിക്ഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ലഹരി-വിരുദ്ധ സംഘടന പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കിഴക്കേ കല്ലട, ശാസ്താംകോട്ട ചന്തകള്‍ നവീകരിക്കും
കിഴക്കേകല്ലട, ശാസ്താംകോട്ട ചന്തകളുടെ നവീകരണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. നവീകരണത്തിനായി കിഫ്ബി വഴി 4.29 കോടി രൂപ അനുവദിച്ചിരുന്നു. കിഴക്കേകല്ലട ചന്ത പുതുക്കുന്നതിനുള്ള സാങ്കേതികാനുമതി അടുത്തയാഴ്ച ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. കിഴക്കേകല്ലടയ്ക്ക് 2.14 കോടിയും ശാസ്താംകോട്ടയ്ക്ക് 2.15 കോടി രൂപയുമാണ് അനുവദിച്ചത്. ശാസ്താംകോട്ട ചന്തയുടെ സ്ഥലവുമായി ബന്ധപ്പട്ട തടസ്സം എത്രയും വേഗം മാറ്റി, സ്ഥലം പരിശോധിച്ചശേഷം ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കും.
ജില്ലയില്‍ 19 ചന്തകള്‍ക്കാണ് കിഫ്ബി വഴി ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയം ഒരുക്കും. ശൗചാലയങ്ങള്‍, ശീതീകരണ സംവിധാനം, വിശ്രമസ്ഥലം, മാലിന്യസംസ്‌കരണ പ്ലാന്റ്, മത്സ്യവില്‍പനയ്ക്കുള്ള സൗകര്യം തുടങ്ങിയവ സജ്ജമാക്കും. ചന്തകളുടെ നവീകരണത്തിനായി ചിറ്റുമല ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ. പി.കെ.ഗോപന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ജയദേവി, അന്‍സാര്‍ ഷാഫി, ശാസ്താംകോട്ട, കിഴക്കേകല്ലട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍.ഗീത, ഉമാദേവി അമ്മ, ബ്ലോക്ക് അംഗം തുണ്ടില്‍ നൗഷാദ്, ബി.ദിനേഷ്, തീരദേശവികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിലു തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: സ്വാഗതസംഘ രൂപീകരണയോഗം നാളെ (ഡിസംബര്‍ 28)
ജനുവരി എട്ടുമുതല്‍ 13 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നാളെ (ഡിസംബര്‍ 28) രാവിലെ 11.30 ന് പട്ടത്താനം വിമലഹൃദയ ഗേള്‍സ് സ്‌കൂളില്‍ ചേരും.
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ ഹോക്കി, ഹാന്‍ഡ്‌ബോള്‍, ബെയിസ്‌ബോള്‍, ജൂഡോ എന്നീ ഇനങ്ങളാണ് ജില്ലയില്‍ നടത്തുക. 4000ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുക.
കാര്‍ഷിക സെന്‍സസ്; താലൂക്ക്തല പരിശീലന പരിപാടി ഇന്ന് (ഡിസംബര്‍ 27)
11-മത് കാര്‍ഷിക സെന്‍സസിന്റെ തിരഞ്ഞെടുത്ത എന്യൂമര്‍റേറ്റര്‍മാര്‍ക്കുള്ള കൊല്ലം താലൂക്ക്തല പരിശീലന പരിപാടി ഇന്ന് (ഡിസംബര്‍ 27) രാവിലെ 10ന് ചിന്നക്കട കേരള സ്റ്റേറ്റ്‌സ് സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിസ് അസോസിയേഷന്‍ ഹാളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ കെ.വി. ശ്രീജ അധ്യക്ഷയാകും.
ഒന്നാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും മുഴുവന്‍ ഉടമസ്ഥരുടെയും/ ഓപ്പറേഷന്‍ ഹോള്‍ഡര്‍മാരുടെയും എണ്ണവും വിസ്തൃതിയും സാമൂഹ്യ വിഭാഗം, ജന്‍ഡര്‍, ഉടമസ്ഥത, ഹോള്‍ഡിംഗിന്റെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുക. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍, സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്. സുനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വ്യവസായ പ്രദര്‍ശനമേള ഇന്നുമുതല്‍ (ഡിസംബര്‍ 27)
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 27) മുതല്‍ ജനുവരി രണ്ടു വരെ കൊട്ടാരക്കര നഗരസഭാ ഗ്രൗണ്ടില്‍ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണനമേള നടത്തും. വൈകിട്ട് നാലിന് കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ. ഷാജു മേള ഉദ്ഘാടനം ചെയ്യും. ഭക്ഷ്യകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കശുവണ്ടി പരിപ്പില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെ 20 സ്റ്റാളുകളിലായി ലഭ്യമാകും. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് മേള. പ്രവേശനം സൗജന്യം.
ടെന്‍ഡര്‍ ക്ഷണിച്ചു
പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ നാല് എയര്‍കണ്ടീഷണറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി ആറ് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2222353.
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട എല്‍.ബി.എസ് കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് നാല് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. http://lbscentre.kerala.gov.in/services/courses ലിങ്കില്‍ അപേക്ഷിക്കാം. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 9446854661.
ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാക്യാമ്പുകള്‍ക്ക് തുടക്കമായി
കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. നാല് കേന്ദ്രങ്ങളിലായി ജനുവരി 31 വരെ മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 184 സ്‌കൂളുകളിലെ 1310 കുട്ടികളാണ് പങ്കെടുക്കുന്നത്.
ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ഇതോടെപ്പം ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍ കുട്ടികളും തയാറാക്കും. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള 106 കുട്ടികളെ തെരഞ്ഞെടുക്കും. റോബോട്ടിക്‌സിലും ബ്ലെന്റര്‍ സോഫ്റ്റ് വെയറിലും പരിശീലനം നല്‍കും.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ എക്സ്റ്റക്ഷന്‍ സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അംഗീകൃത സര്‍വകലാശാല ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്.ടു) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.സി, എസ്.റ്റി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം ഡിസംബര്‍ 31 വരെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. ഫോണ്‍ 0474 2580462, 8547005090.