Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (26/12/2022)

നാറ്റ്പാക് പരിശീലനം

നാറ്റ്പാക് പരിശീലനം ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം 2022 ഡിസംബര്‍ 28,29,30 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം, തിരുവനന്തപുരം പരിശീലന കേന്ദ്രത്തില്‍ നടക്കും. 2000 രൂപയാണ് പരിശീലന ഫീസ്. ഫോണ്‍ :0471 2 779 200, 9074 882 080.

 

മാവിന്‍തൈ ഗ്രാഫ്ട് വിതരണം 28 മുതല്‍

മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം പദ്ധതി പ്രകാരം മാവിന്‍തൈ ഗ്രാഫ്ട് ഈ മാസം 28 മുതല്‍ നൂറെണ്ണം 20 രൂപ നിരക്കില്‍ വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് തന്നാണ്ട് കരം അടച്ച രസീതിന്റെ കോപ്പിയുമായെത്തി തൈ കൈപ്പറ്റാം.

 

കാവല്‍ പ്ലസ് പദ്ധതി: താല്‍പ്പര്യപത്രം ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടെയുള്ള കാവല്‍ പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ളതുമായ ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷയും താല്‍പ്പര്യപത്രവും ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷ ലഭ്യമാകാക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. ഫോണ്‍: 0468 2 319 998, 8281 899 462

 

യോഗം 29ന്

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധനവും പരിഹാരവും), വിവിധ സ്ഥാപനങ്ങളിലെ ജില്ലാതല ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് യോഗം ചേരും.

 

ബോധവല്‍ക്കരണ ക്ലാസ്

ഉപഭോക്തൃ സംരക്ഷണദിനവുമായി ബന്ധപ്പെട്ട് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കായി ഡിസംബര്‍ 28ന് രാവിലെ 10 മുതല്‍ 1.30 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.

 

ലേലം

അടൂര്‍ താലൂക്കില്‍ ഏറത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 16ല്‍ 9445 നമ്പര്‍ തണ്ടപ്പരില്‍ റീസര്‍വെ നമ്പര്‍ 754/6, 754/61 ല്‍ പെട്ട 10 ആര്‍സ് സ്ഥലം റവന്യൂ റിക്കവറി കെ2-13242/18 നമ്പര്‍ ഫയല്‍ പ്രകാരം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിനായി ഡിസംബര്‍ 30ന് രാവിലെ 11ന് അടൂര്‍ തഹസില്‍ദാര്‍ ഏറത്ത് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍ : 0473 4 224 826.

 

വാര്‍ഷിക ജനറല്‍ബോഡി യോഗം ഡിസംബര്‍ 31 ന്

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം ഡിസംബര്‍ 31ന് പകല്‍ മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

error: Content is protected !!