Input your search keywords and press Enter.

ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം ജനുവരി ഒന്‍പതിന്

മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും

പാലക്കാട്: ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം 2023 ജനുവരി ഒന്‍പതിന് വൈകീട്ട് നാലിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പി. മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘാടകസമിതി യോഗം നടന്നു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ചെയര്‍മാനും കേരള ജല അതോറിറ്റി-പാലക്കാട് പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ് അനില്‍ രാജ് കണ്‍വീനറും അനങ്ങനടി-തൃക്കടീരി-ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്‍മാന്‍മാരുമായി സംഘാടകസമിതിയെ തെരഞ്ഞെടുത്തു.

ചെര്‍പ്പുളശ്ശേരി നഗരസഭയിലെയും അനങ്ങനടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ കുടിവെളള പദ്ധതിക്കായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 187.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അനങ്ങടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ടാപ്പുകള്‍ വഴി ശുദ്ധമായ കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം.

മൂന്ന് പഞ്ചായത്തുകളിലുമായി 2053-ലെ പ്രതീക്ഷിത ജനസംഖ്യയായ 1,42,453 പേര്‍ക്ക് ആളോഹരി പ്രതിദിനം 100 ലിറ്റര്‍ എന്ന രീതിയില്‍ കുടിവെള്ളം ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളിലെ ജല്‍ ജീവന്‍ പദ്ധതിക്ക് പുറമേ ചെര്‍പ്പുളശ്ശേരി നഗരസഭ കുടിവെളള പദ്ധതിക്കായി സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ ചെര്‍പ്പുളശ്ശേരിയിലും മൂന്ന് പഞ്ചായത്തുകളിലുമായി 207.8 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതിയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ 197.80 കോടിയുടെ പദ്ധതികള്‍ക്കാണ് നിലവില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ അറിയിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് നടപ്പാക്കുന്നതെന്നും ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ചളവറ, തൃക്കടീരി, അനങ്ങനടി പഞ്ചായത്തുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും എം.എല്‍.എ അറിയിച്ചു.

ജനുവരി ഒന്‍പതിന് വൈകിട്ട് നാലിന് സാംസ്‌കാരികഘോഷയാത്രയോടുകൂടി ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രന്‍, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ലതിക, ചളവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സഫ്‌ന പാറക്കല്‍, കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ് അനില്‍ രാജ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.സി ജയേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ: ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പി. മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം.

error: Content is protected !!