Input your search keywords and press Enter.

ദുരന്തജാഗ്രത: ജില്ലയിലും മോക്ക്ഡ്രില്‍

കൊല്ലം: പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച മോക്ക്ഡ്രില്‍ ജില്ലയിലും. അഞ്ചിടങ്ങളിലായാണ് സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയത്. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നേതൃത്വം നല്‍കി.
പ്രളയസാധ്യത, മണ്ണിടിച്ചില്‍, വ്യവസായശാലകളില്‍ നിന്നുള്ള വിഷവാതക ചോര്‍ച്ച എന്നീ സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു മോക്ക്ഡ്രില്‍. കൊല്ലം താലൂക്കിലെ മുണ്ടയ്ക്കല്‍, കരുനാഗപ്പള്ളി താലൂക്കിലെ ചവറ കെ.എം.എം.എല്‍, കുന്നത്തൂര്‍ താലൂക്കില്‍ കല്ലടയാറിന്റെ തീരത്തുള്ള ആറ്റുകടവ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, പുനലൂര്‍ താലൂക്കില്‍ തെന്മല എന്നിവിടങ്ങളിലായാണ് ദുരന്തനിവാരണ വിലയിരുത്തല്‍ നടത്തിയത്.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയാണ് വിലയിരുത്തിയത്.

ദുരന്തമേഖലകളില്‍ പരമ്പരാഗത ആശയവിനിമയ ഉപകരണങ്ങളുടെ അഭാവത്തില്‍ ഹാം റേഡിയോ പ്രയോജനപ്പെടുത്തുന്ന രീതിയും പരിചയപ്പെടുത്തി.

ഏകോപനത്തിനായി സജ്ജീകരിച്ചിരുന്ന ജില്ലാ ഭരണകൂടത്തിലെ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തത്സമയ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. എ.ഡി.എം, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, ആരോഗ്യവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റവന്യൂ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. വിവിധ കേന്ദ്ര സേനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍ നിരീക്ഷകരായി.

ഫോട്ടോ: ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവിധ താലൂക്കുകളില്‍ നടന്ന മോക്ക് ഡ്രില്ലുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കുന്ന ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍.

error: Content is protected !!