Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (28/12/2022)

കുഞ്ഞുങ്ങളുടെ പരിരക്ഷയ്ക്കായി ശിശു പകല്‍പരിചരണകേന്ദ്രം(ക്രഷ്)

വനിത-ശിശുവികസന വകുപ്പിന്റെയും ശിശുക്ഷേമസമിതിയുടെയും കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ശിശു പകല്‍പരിചരണകേന്ദ്രം (ക്രഷ്) ടി.എം വര്‍ഗീസ് സ്മാരക ഹാള്‍ പരിസരത്ത് പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ അധ്യക്ഷനായി.

ജോലിക്ക് പോകാന്‍ ബുദ്ധിമുട്ട് നേരിടുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കുഞ്ഞുങ്ങളുടെ മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി രണ്ട് ആയമാരുണ്ടാകും. തൊട്ടിലുകള്‍, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, മുലയൂട്ടല്‍ മുറികള്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, മിക്‌സി തുടങ്ങിയവയും സജ്ജമാക്കി.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. ആറുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പ്രവേശനം. പ്രതിമാസം 15 രൂപയാണ് നല്‍കേണ്ടത്. കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ശിശു വികസന വകുപ്പില്‍ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

ശിശുപരിചരണ കേന്ദ്രത്തിന്റെ ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് ഷിയാസ്ഖാനെയും എസ്. എന്‍ കോളജിലെ വിദ്യാര്‍ഥിനികളെയും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിനിമോള്‍, വനിതാ-ശിശുവികസന ജില്ലാ ഓഫീസര്‍ പി. ബിജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അരുമമൃഗ-പക്ഷിപ്രദര്‍ശനവും സെമിനാറും നാളെ (ഡിസംബര്‍ 30)

മൃഗസംരക്ഷണ വകുപ്പും നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അരുമമൃഗ-പക്ഷി പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും നാളെ (ഡിസംബര്‍ 30) രാവിലെ ഒമ്പതിന് നീരാവില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ.ജി ജയദേവന്‍ അധ്യക്ഷനാകും. കവി കുരീപ്പുഴ ശ്രീകമാര്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് പ്രദര്‍ശനം.

 

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 29)

കൊല്ലം കോര്‍പ്പറേഷനില്‍ കടവൂര്‍ മതിലില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കൊല്ലം ബൈപ്പാസിന് സമീപം സൂപ്പര്‍മാര്‍ക്കറ്റായി പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഡിസംബര്‍ 29) വൈകിട്ട് മൂന്നിന് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും.

എം. മുകേഷ് എം.എല്‍.എയാണ് അധ്യക്ഷന്‍. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യവില്‍പ്പന നിര്‍വഹിക്കും. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്ജോഷി, കടവൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഗിരിജ സന്തോഷ്, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജലജ ജി.എസ് റാണി, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: സ്വാഗതസംഘ രൂപീകരണയോഗം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി ഹോക്കി, ഹാന്‍ഡ്ബോള്‍, ബെയിസ്ബോള്‍, ജൂഡോ മത്സരങ്ങള്‍ക്ക് ജില്ല വേദിയാകും. സ്വാഗതസംഘ രൂപീകരണയോഗം പട്ടത്താനം വിമലഹൃദയ ഗേള്‍സ് സ്‌കൂളില്‍ ചേര്‍ന്നു.

മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ആയുര്‍വേദ-അലോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

ചെയര്‍മാനായി എം. നൗഷാദ് എം.എല്‍.എയും, ഡെപ്യൂട്ടി മേയര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും പ്രവര്‍ത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജനറല്‍ കണ്‍വീനറായും, എച്ച്.എസ്.എസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വി.എച്ച്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ ജോയിന്‍ ജനറല്‍ കണ്‍വീനര്‍മാരായും, ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ട്രഷററായും തിരഞ്ഞെടുത്തു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യം, ഗതാഗതം, ആരോഗ്യസുരക്ഷ തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തും. ജനുവരി എട്ടു മുതല്‍ 13 വരെ നടത്തുന്ന മത്സരങ്ങളില്‍ 4000ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുക.

ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ എ. ആര്‍. മുഹമ്മദ് റാഫി, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി പ്രദീപ്കുമാര്‍, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍, ക്യൂ.എ.സി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഗുണഭോക്താക്കള്‍ ഹാജരാകണം

ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, തൊഴില്‍രഹിത വേതന വിതരണ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2492026.

 

പ്രളയരക്ഷാപ്രവര്‍ത്തനം: ജില്ലയില്‍ അഞ്ചിടങ്ങളില്‍ മോക്ക്ഡ്രില്‍ ഇന്ന് (ഡിസംബര്‍ 29)

പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും താലൂക്ക് അടിസ്ഥാനത്തിലും അഞ്ചിടങ്ങളിലായി ഇന്ന് (ഡിസംബര്‍ 29) മോക്ക്ഡ്രില്ലുകള്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് നടപടി.

കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ പ്രളയ ദുരിതാശ്വാസം, ദുരിതബാധിത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മോക്ക് ഡ്രില്ലും കുന്നത്തൂര്‍ താലൂക്കിലെ നെടിയവിളയില്‍ മുന്‍കരുതല്‍ രക്ഷാപ്രവര്‍ത്തനവും സംഘടിപ്പിക്കും. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് ഉണ്ടായാലുള്ള രക്ഷാപ്രവര്‍ത്തനമാണ് പുനലൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട തെ•ലയില്‍ നടത്തുക. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഇവാക്വേഷന്‍, കരുനാഗപ്പള്ളിയിലെ കെ.എം.എം.എല്ലില്‍ വ്യാവസായിക മേഖലകളിലെ അപകടങ്ങളുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന മോക്ക്ഡ്രില്ലും സംഘടിപ്പിക്കും.

രാവിലെ ഒമ്പത് മണിക്ക് മോക്ക്ഡ്രില്ലുകള്‍ ആരംഭിക്കും. ജില്ലയിലെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. മോക്ക്ഡ്രില്‍ പുരോഗതി വിലയിരുത്താന്‍ സി.ആര്‍.പി.എഫിലെ അഞ്ച് ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു.

 

മോക്ക്ഡ്രില്‍

സംസ്ഥാനത്താകെ നടത്തുന്ന ദുരന്തനിവാരണ മോക്ക്ഡ്രില്ലിന്റെ ഭാഗമായി മുണ്ടയ്ക്കല്‍ വില്ലേജിലെ ഇരവിപുരം ഗ്രീഷ്മം ഓഡിറ്റോറിയത്തിന് അടുത്തുള്ള കൊല്ലം തോടിന്റെ ഭാഗത്ത് ഇന്ന് (ഡിസംബര്‍ 29) മോക്ക്ഡ്രില്‍ സംഘടിപ്പിക്കും. റവന്യൂ ,ഫയര്‍ഫോഴ്‌സ്, പോലീസ്, മോട്ടര്‍ വാഹന വകുപ്പ്, കൊല്ലം കോര്‍പ്പറേഷന്‍, ആരോഗ്യവകുപ്പ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. പുത്തന്‍നട, ജി.എല്‍.പി സ്‌കൂള്‍ ദുരതാശ്വാസക്യാമ്പായി പ്രവര്‍ത്തിക്കും. മോക്ക്ഡ്രില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

സഹായഉപകരണ നിര്‍ണയ ക്യാമ്പ്

ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായഉപകരണ വിതരണ പദ്ധതിയുടെ ഭാഗമായി മയ്യനാട് പഞ്ചായത്തില്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

ഗുണഭോക്തൃ പട്ടികയിലുള്ളവര്‍ക്ക് ഉപകരണങ്ങള്‍ കൈമാറും. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. മയ്യനാട് വെള്ളമണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സജീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീലജ, ചിത്ര, ആര്‍ദ്ര വിശ്വം, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നീരുറവ് പദ്ധതി; നെടുമ്പനയില്‍ നീര്‍ത്തട നടത്തം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ രണ്ടാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. നീര്‍ത്തടങ്ങള്‍ സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സര്‍വേ നടപടികളും ആരംഭിച്ചു. നീര്‍ത്തടനടത്തം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുധാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ ഉഷാകുമാരി, ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചുരുക്കപ്പട്ടിക

വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്.ടി ആദിവാസികള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (പാര്‍ട്ട് ഒന്ന്, രണ്ട്) (കാറ്റഗറി നമ്പര്‍: 092/2022, 093/2022) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗ്രാന്‍ഡ്‌സ് ടെക്‌നോളജീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക്, ബി.ടെക്, ബി.എസ്.സി ഡിപ്ലോമ (ഇലക്ട്രോണിക്‌സ്), എം.ബി.എ, ബി.ബി.എ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പ്രോജക്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് (മൂന്ന് മാസം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: 10, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളജ് റോഡ്, വഴുതക്കാട് (പി.ഒ) തിരുവനന്തപുരം. ഫോണ്‍: 0471 2325154, 8590605260.

 

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 31 വരെ

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കിലുള്ള പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും. കെ.എസ്.ഇ.ബി.എല്ലിന്റെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ഡിസംബര്‍ 31 വരെയുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് അഞ്ച് മണി വരെയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായോ കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറായ 1912ലോ സൗര കോ-ഓര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. ഇ-മെയില്‍: [email protected] ഫോണ്‍ – 9496002950.

 

അപേക്ഷ ക്ഷണിച്ചു

ഐ. എച്ച്. ആര്‍. ഡിയുടെ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രി/ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റെ കോഴ്‌സിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേക്കും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി. സി. എ കോഴ്‌സുകളും എം.ടെക്, ബി.ടെക്, എം.എസ്.സി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോം www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസ് (ജനറല്‍-150, എസ്. സി, എസ്. റ്റി- 100) ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നാളെ (ഡിസംബര്‍ 30) വൈകിട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 8547005029, 9495069307, 9447711279, 0492 3241766.

error: Content is protected !!