Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (29/12/2022)

റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ പരിശോധന

റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍, സാധനങ്ങള്‍ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടര്‍ പരിശോധിച്ചു. റേഷന്‍ കടകളില്‍ എത്തിയ ഗുണഭോക്താക്കളോട് അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രദീപ്, ശ്രീജ കെ സുകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

 

ബോധവല്‍ക്കരണ പരിപാടി

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(ബിഐഎസ്) ആഭിമുഖ്യത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ബിഐഎസിന്റെ വിവിധ സ്റ്റാന്‍ഡേര്‍ഡുകള്‍, നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ വേണ്ട പ്രോഡക്ടുകള്‍, ഐഎസ്ഐ മാര്‍ക്ക്, ഹാള്‍മാര്‍ക്ക്, സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കുന്ന രീതി തുടങ്ങിയവ വിശദീകരിച്ചു. ബിഐഎസ് കെയര്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തി.

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് റ്റി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് കൊച്ചി ഓഫീസ് ജോയിന്റ് ഡയറക്ടര്‍ ടി.ആര്‍. ജുനിത, ഡെപ്യൂട്ടി ഡയറക്ടര്‍ രമിത്ത് സുരേഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകും : മന്ത്രി പി. പ്രസാദ്

റാന്നിക്കായി പ്രത്യേക സമഗ്ര കാര്‍ഷിക പദ്ധതി രൂപീകരിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്പന്നം വില്‍ക്കുമ്പോഴും അതിന്റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ. മികച്ച കാര്‍ഷികസംസ്‌കാരത്തിന്റെ വേരുകളുള്ള റാന്നി മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി ഒരു സമഗ്ര കാര്‍ഷിക പദ്ധതി പ്രത്യേകമായി ഉണ്ടാക്കുമെന്നും മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മേഖലയാണ് കാര്‍ഷികമേഖല. അതിന്റെ പ്രാധാന്യത്തെ മനസിലാക്കിയുള്ള പരിഗണനയാണ് കര്‍ഷകന് വേണ്ടത്. കൃഷിക്കാരന്‍ കൃഷിയിടത്തില്‍ നിന്നില്ലയെങ്കില്‍ ജീവിതത്തിന്റെ താളം തെറ്റും. ഇനി മുതല്‍ കൃഷി ചെയ്യില്ലാന്ന് ഓരോ കര്‍ഷകനും തീരുമാനിച്ചാല്‍ അത് ദോഷകരമായി നമ്മളെ ബാധിക്കും. അതുകൊണ്ട് തന്നെ കര്‍ഷകന് കൃഷി ചെയ്യാനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് അനുസരിച്ച് ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ചക്കപ്പഴം. എന്നാല്‍, ആപ്പിള്‍ വില കൊടുത്ത് വാങ്ങിക്കഴിക്കുകയെന്നത് നമ്മുടെ അന്തസിന്റെ ഭാഗമായി മാറി. വാങ്ങി കഴിച്ചാല്‍ മതിയെന്ന ചിന്തയാണ് കുഴപ്പം. വാങ്ങിക്കഴിക്കണോ ഉത്പാദിപ്പിച്ച് കഴിക്കണോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയില്‍ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം ഒരു പുതിയ കാര്‍ഷികമുന്നേറ്റത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്ന ഈ സമയത്ത് റാന്നിയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരുന്ന തരത്തിലാണ് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിമഹത്തായ കാര്‍ഷികസംസ്‌കൃതിയുള്ള സംസ്ഥാനമാണ് കേരളം. എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ കാണുന്ന സമയത്ത് കൃഷി ഉപേക്ഷിക്കുകയും കേരളം രോഗാതുരമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനുള്ള പരിഹാരമെന്നോണം കേരളത്തിന്റെ കൃഷിമന്ത്രി അവതരിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളം കേട്ടിരുന്ന വലിയ പ്രസ്താവനയായിരുന്നു അത്. വീട്ടുമുറ്റം മുതല്‍ ടെറസ് വരെ, വിദ്യാലയങ്ങള്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെ എല്ലാ വിഭാഗം ജനങ്ങളും കൃഷിയിലേക്ക് ഇറങ്ങുകയെന്ന ദൗത്യം ഏറ്റെടുത്തു. ഓരോ കൃഷിയിടവും ദേവാലയം പോലെ പരിശുദ്ധമാണ്.

കൃഷിയാണ് പരിസ്ഥിതിയുടെ പാസ്വേര്‍ഡ്. റാന്നി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ചെറുതും വലുതുമായ ഗ്രാമങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പങ്കാളികളായപ്പോള്‍ വലിയ സാമൂഹികമാറ്റമാണ് ഉണ്ടായത്. കേരളത്തിന്റെ കാര്‍ഷികോത്പന്നത്തില്‍ പുതിയ ചരിതമായി മാറാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.

ഒരു ഭരണാധികാരിക്ക് അതുവരെയുണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ചലനങ്ങളില്‍, വ്യവഹാരങ്ങളില്‍, ഭാഷയില്‍, ആവിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിച്ചുവെങ്കില്‍ ആ ഭരണാധികാരിയെ വിപ്ലവകാരിയെന്ന് വിളിക്കാമെങ്കില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന ഒറ്റ പദ്ധതികൊണ്ട് പി. പ്രസാദ് എന്ന പേര് വിപ്ലവകാരികളുടെ പേരിനൊപ്പം എഴുതിച്ചേര്‍ക്കാം. കേരളം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാണുന്ന പദ്ധതിയാണ് നമ്മുടെ നാട്ടുവിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്നത്. അക്കാര്യത്തിലും ശ്രദ്ധേയമായ ചുവട് വയ്പ്പാണ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ റാന്നിയിലെ മുതിര്‍ന്ന കര്‍ഷകനായ കെ.യു. തോമസിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍, പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളായ എ.എസ്. സുജ, അന്നമ്മ തോമസ്, വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷെര്‍ലി ജോര്‍ജ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സീമ മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി ചാക്കോ, പഞ്ചായത്തംഗങ്ങളായ എം.ജി. ശ്രീകുമാര്‍, ജോയ്സി ചാക്കോ, സൗമ്യ ജി നായര്‍, റൂബി കോശി, ഷൈനി പി മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ബ്രില്ലി ബോബി ഏബ്രഹാം, ബിനിറ്റ് മാത്യു, ജിജി വര്‍ഗീസ്, ബിജി വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ രാജീവ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആലിച്ചന്‍ ആറൊന്നില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല, ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറാ.ടി.ജോണ്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ മഞ്ജുള മുരളികൃഷ്ണന്‍, റാന്നി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീന മേരി മാത്യു, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.കെ. സുരേന്ദ്രന്‍(സിപിഐഎം), എ.ജി. ഗോപകുമാര്‍ (സിപിഐ), ആനന്ദന്‍പിള്ള(ഐഎന്‍സി), സോമന്‍ ഇളപ്ലാംശേരില്‍ (ബിജെപി), പാപ്പച്ചന്‍ കൊച്ചുമേപ്രത്ത് (ജെഡിഎസ്), തോമസ് മാത്യു(ജനാധിപത്യ കേരള കോണ്‍ഗ്രസ്), ടി.ജെ. ഫിലിപ്പ് (കേരള കോണ്‍ഗ്രസ്(ജെ)), ടി.എം. പ്രസാദ് (ആര്‍എസ്പി), സാംസണ്‍ ബേബി (എന്‍സിപി), എ.കെ. ഷജാദ്, കുരുവിള സ്‌കറിയ (കേരള കോണ്‍ഗ്രസ് (എം)), അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് മഹാദ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. കനകമണി, കൃഷി ഓഫീസര്‍ എം.ടി. മുത്തുസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുനരളവെടുപ്പ്

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബിഎന്‍(കാറ്റഗറി നമ്പര്‍: 530/19) തസ്തികയ്ക്കായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടത്തിയ ശാരീരിക അളവെടുപ്പ്/ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത്, കായികക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുളള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് 2023 ജനുവരി നാല്, അഞ്ച് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

 

കായികക്ഷമതാ പരീക്ഷ

പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ഒക്ടോബര്‍ 31ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ 2023 ജനുവരി ആറ്, ഏഴ് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

 

ഗതാഗത നിയന്ത്രണം

എഴുമറ്റൂര്‍-പടുതോട് റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 30 മുതല്‍ താല്‍ക്കാലികമായി വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കൊറ്റന്‍കുടി-സ്റ്റോര്‍മുക്ക് റോഡില്‍ (ഓസ്റ്റിന്‍ റോഡ്) കൂടി പോകണം.

 

ആധാര്‍ ബന്ധിപ്പിക്കണം

കുളനട ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ ആധാര്‍ കാര്‍ഡുമായി ഡിസംബര്‍ 31ന് അകം പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04734-260272.

 

സഹവാസ ക്യാമ്പുകള്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉപകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍

സഹവാസ ക്യാമ്പുകള്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉപകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ ഉപജില്ലാ പരിധിയിലെ പ്രത്യേക പരിഗണന വേണ്ട 30 കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കാളികളായി. കല, സംഗീതം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലയില്‍ പ്രത്യേക പരിശീലനം ക്യാമ്പില്‍ നല്‍കുന്നുണ്ട്.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. ദിവ്യ റെജി മുഹമ്മദ്, മഹേഷ്‌കുമാര്‍, എം. ശ്രീജ, റ്റി. സൗദാമിനി, അടൂര്‍ ബിപിസി ബിജു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രത്യേക പരിഗണന നല്‍കണ്ട കുട്ടികളുടെ കളികളും കഥപറച്ചിലും പ്രവൃത്തിപരിചയവുമായി ക്യാമ്പ് രണ്ട് ദിവസങ്ങളിലാണ് നടക്കുന്നത്. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുയാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.

 

ജില്ലയില്‍ കാര്‍ഷിക സെന്‍സസിനു തുടക്കമായി

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പത്തനംതിട്ട ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ ഭവനത്തില്‍ നിന്നും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു.

വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. റിസര്‍ച്ച് ഓഫീസര്‍ പി. പദ്മകുമാര്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.ആര്‍. ഉഷ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മജീദ് കാര്യംമാക്കൂല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.എം. അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ടെന്‍ഡര്‍

കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി മൂന്നിന് പകല്‍ നാലു വരെ. ഫോണ്‍ : 9446 604 828, 9446 116 086.

 

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം

പ്രളയം, കോവിഡ് സാഹചര്യങ്ങളില്‍ പെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. ചെറിയ വായ്പകളിന്മേല്‍ തിരിച്ചടവ് സാധിക്കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികളിലേക്ക് ബാങ്കുകള്‍ കടക്കരുത്.

മുന്‍പാദത്തെക്കാള്‍ മികച്ച പ്രവര്‍ത്തനം കൈവരിച്ച ബാങ്കുകളെ എംപി അനുമോദിച്ചു.

ഈ പാദത്തില്‍ വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ ബാങ്കുകള്‍ കൂടുതല്‍ നല്‍കി. പരാതികള്‍ ലഭിക്കുന്നത് അനുസരിച്ചു ആവശ്യമുണ്ടെങ്കില്‍ മുന്‍വര്‍ഷത്തെ പോലെ അദാലത്ത് നടത്താമെന്നും എംപി പറഞ്ഞു.

ജില്ലയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം അവസാനിക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ 5942 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 2677 കോടി രൂപ കാര്‍ഷിക മേഖലയിലും 965 കോടി രൂപ സൂക്ഷ്മ- ചെറുകിട വ്യവസായ മേഖലയിലും 196 കോടി രൂപ വിദ്യഭ്യാസ, ഭവന വായ്പകള്‍ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണനാ മേഖലയിലും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ ഉള്‍പ്പെടുന്ന മുന്‍ഗണന ഇതര വായ്പകളില്‍ 2104 കോടി രൂപ നല്‍കിയിട്ടുണ്ട്. ആകെ വായ്പകള്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 74 ശതമാനം വിതരണ ലക്ഷ്യം കൈവരിച്ചു.

ജില്ലയിലെ ആകെ വായ്പാ നീക്കിയിരുപ്പ് 1046 കോടി രൂപ വര്‍ധനയോടെ 16332 കോടി രൂപയായും നിക്ഷേപങ്ങള്‍ 873 കോടി രൂപയുടെ വര്‍ദ്ധനയോടെ 55485 കോടി രൂപയായും ഉയര്‍ന്നു. നിക്ഷേപ, വായ്പാ അനുപാതത്തില്‍ 1.06 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍ ബിഐ ലീഡ് ജില്ലാ ഓഫീസര്‍ എ.കെ. കാര്‍ത്തിക്ക്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ ചീഫ് മാനേജര്‍ സാം ടി ജേക്കബ്, വിവിധ ബാങ്ക് പ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി; തൊഴിലുറപ്പ് പദ്ധതിയില്‍ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് & മോണിറ്ററിംഗ് കമ്മിറ്റി(ദിഷാ) യോഗമാണ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തിയത്.

2022 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് നടത്തിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന, ദേശീയ നഗര/ഗ്രാമ ഉപജീവനദൗത്യം, ജലജീവന്‍മിഷന്‍, ശുചിത്വമിഷന്‍, സംയോജിത ശിശുവികസന പരിപാടി, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ സാമൂഹ്യസഹായ പദ്ധതി, പ്രധാന മന്ത്രി ഫസല്‍ ബീമായോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പ്രധാന മന്ത്രി ഉജ്വല്‍ യോജന, പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, പ്രധാന മന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 2022 -23 സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ 30 വരെ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി. ലേബര്‍ ബജറ്റിന്റെ 106 ശതമാനം പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് ശരാശരി 47 തൊഴില്‍ ദിനങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ജലജീവന്‍ മിഷന്‍ വഴി 7,582 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായ പോഷണ്‍ അഭിയാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ജില്ലയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പനി സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും സ്വയം ചികിത്സയുടെ ഭാഗമായും മറ്റുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ ആരോഗ്യ ദൗത്യം പ്രതിനിധിയോട് എംപി നിര്‍ദേശം നല്‍കി.

പ്രാധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എംപി ഭക്ഷ്യവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം കൂടുതല്‍ റോഡുകള്‍ ഏറ്റെടുക്കുന്നതിന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും, സമയബന്ധിതമായി റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് ജലജീവന്‍ മിഷന്റെ പ്രവര്‍ത്തികള്‍ തടസമാകരുതെന്നും എംപി നിര്‍ദേശിച്ചു.

വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംയോജിത പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം ജില്ലാ ഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം നടത്തുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി നിര്‍ദേശിച്ചു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രതിനിധി ആര്‍. തുളസീധരന്‍ പിള്ള, പിഎയു പ്രോജക്ട് ഡയറക്ടറും ദിഷാ കണ്‍വീനറുമായ കെ.ജി. അനില്‍, എംപിയുടെ പ്രതിനിധി റ്റി.കെ. സജു, വിവിധ വകുപ്പുകളുടെ ജില്ലാ മോധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ബഫർ സോൺ: പമ്പാവാലിയിൽ യോഗം

ബഫർസോണിൽ നിന്നും ജനവാസ കേന്ദ്രങ്ങൾ കണ്ടെത്തി ഒഴിവാക്കുന്നത് സംബന്ധിച്ച് നടന്നു വരുന്ന വിവരശേഖരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടെയും കർഷക സംഘടന നേതാക്കളുടെയും യോഗം പമ്പാവാലി മാർത്തോമാ പാരിഷ് ഹാളിൽ ഡിസംബർ 30 ന് രാവിലെ 11.30 ന് ചേരും.

 

മുഖ്യമന്ത്രി അനുശോചിച്ചു

പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ് മരണപ്പെട്ട കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

error: Content is protected !!