റാന്നി ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം ഇന്ന്(ജനുവരി 3)
റാന്നി ബ്ലോക്ക് ക്ഷീരസംഗമത്തിന്റെ പൊതുസമ്മേളനം ഇന്ന്(ജനുവരി 3) രാവിലെ 10.30ന് ചെട്ടിമുക്ക് ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന പദ്ധതികളുടെ ധനസഹായ വിതരണം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. തീറ്റപുല്‍കൃഷി ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ മുന്‍ എംഎല്‍എ രാജു ഏബ്രഹാം ആദരിക്കും.
രാവിലെ ഒന്‍പതിനു ക്ഷീര വികസന സെമിനാര്‍ നടക്കും. ശുദ്ധമായ പാല്‍ ഉത്പാദനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയം സുരേഖ നായര്‍ അവതരിപ്പിക്കും. ശാസ്ത്രീയ പശുപരിപാലനം ലാഭകരമായ ക്ഷീരോത്പാദനത്തിന് എന്ന വിഷയം സി.വി. പൗര്‍ണമി അവതരിപ്പിക്കും.
റാന്നി ക്ഷീരവികസന യൂണിറ്റ്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. നെല്ലിക്കമണ്‍ ക്ഷീരോത്പാദക സഹകരണ സംഘമാണ് ആതിഥേയര്‍.
മകരവിളക്ക് തീര്‍ഥാടനം: യോഗം ഇന്ന് (മൂന്ന്)
ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഇന്ന് (ജനുവരി മൂന്ന്) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
റോഡ് അപകടം: വിദഗ്ധ പരിശോധന നടത്തണമെന്ന് എംഎല്‍എ
ളാഹ വിളക്കുവഞ്ചിക്ക് സമീപം ശബരിമല പാതയില്‍ സ്ഥിരമായി അപകടം ഉണ്ടാകുന്ന ഭാഗത്ത് വിദഗ്ധ പരിശോധന നടത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊതുമരാമത്ത്-ഗതാഗത വകുപ്പ് മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. മണ്ണാറക്കുളഞ്ഞി – ചാലക്കയം പാതയിലെ ളാഹ വിളക്കുവഞ്ചിക്ക് സമീപം ഇത്തവണ മൂന്നു തവണ വാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായി. തീര്‍ഥാടനം ആരംഭിക്കുന്ന സമയത്ത് ബസ് മറിഞ്ഞതിനെ തുടര്‍ന്ന് അപകടം ഒഴിവാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, വീണ്ടും അപകടം തുടരുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഹൈവേ സുരക്ഷാ വിഭാഗത്തിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന ഈ ഭാഗത്ത് നടത്തണമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസിനോടും ആന്റണി രാജുവിനോടും എംഎല്‍എ അഭ്യര്‍ഥിച്ചത്.
ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജനുവരി ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഏഴിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഈ മാസം ഏഴിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in വെബ്സൈറ്റില്‍ ലഭിക്കും. നവോദയ വെബ്സൈറ്റില്‍ പ്രോസ്പെക്ടസില്‍ കൊടുത്തിട്ടുളള നിബന്ധനകള്‍ പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം.ഫോണ്‍: 0473 5 265 246.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ കലാ-കായിക ശാസ്ത്ര രംഗത്ത് മികവ് തെളിയിച്ചവര്‍ക്കും നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളുല്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മേഖല വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27ന് വൈകുന്നേരം അഞ്ചിന് മുന്‍പ് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം, മേഖലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍-695036, ഫോണ്‍: 0471 2 460 667 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അനെര്‍ട്ട് സബ്സിഡി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയ ഓണ്‍ഗ്രിഡ് സൗരനിലയങ്ങള്‍ 2 -10 കിലോവാട്ട് വരെ 40 ശതമാനം സബ്സിഡി നല്‍കും. കൃഷിമേഖലയില്‍ സോളാര്‍പമ്പുകള്‍ക്ക് 60 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 25 ശതമാനം സബ്‌സിഡിയും, കൂടാതെ ഓണ്‍ഗ്രിഡ്‌സൗരോര്‍ജ്ജനിലയം 5- 50 കിലോവാട്ട് വരെ അതിനോട് യോജിപ്പിക്കുന്നതിനുവേണ്ടി 50 ശതമാനം സബ്സിഡി സോളാര്‍പ്ലാന്റിന് നല്‍കും. ഗവ:സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും 10ശതമാനം അനെര്‍ട്ട് സര്‍വീസ്ചാര്‍ജ്ജ് ഇന്‍സെന്റീവ് സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ക്കും,ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് മുതലായ സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും നല്‍കും. ഗവ: സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ ലീസ് കോണ്‍ട്രാക്ടില്‍ നല്‍കും. ഫോണ്‍: 9188 119 403 (അനെര്‍ട്ട് പത്തനംതിട്ട ഓഫീസ് ).
ദര്‍ഘാസ്
എംആര്‍എസ് എല്‍ ബി വി ജി എച്ച് എസ് എസ് വായ്പൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9745 776 957. വിശദവിവരങ്ങള്‍ക്ക് www.dhse.kerala.gov.inസന്ദര്‍ശിക്കുക.
മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരുവര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994 449 314.
എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി വീണാ ജോര്‍ജ്
മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ, രജിസ്‌ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളില്‍മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടാങ്ങല്‍ പടയണി യോഗം
കോട്ടാങ്ങല്‍ പടയണി 2023 ആവശ്യമായ ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ടത് സംബന്ധിച്ച യോഗം ജനുവരി ആറിന് ഉച്ചക്ക് രണ്ടിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.
പെരുനാട് സിഎച്ച്സി കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഏഴിന് ആരോഗ്യമന്ത്രി നിര്‍വഹിക്കും
റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനത്തോടെ ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആകും.
ആദിവാസി പിന്നോക്ക വിഭാഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുളള സാധാരണക്കാരും അധിവസിക്കുന്ന പെരുനാട്ടില്‍ ആരോഗ്യരംഗത്തെ മുന്നേറ്റമാണ് സിഎച്ച്സിയില്‍ ആരംഭിക്കുന്ന കിടത്തി ചികിത്സ. ശബരിമല തീര്‍ഥാടകരും ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഈ സിഎച്ച്സി. 70 വര്‍ഷം മുമ്പ് മലേറിയ ഡിസ്‌പെന്‍സറിയായി പൊതുജന ആരോഗ്യ രംഗത്ത് തുടക്കം കുറിച്ച സിഎച്ച്സിയിലാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വളരെ വലുത് : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീര കര്‍ഷകരും ക്ഷീര വികസന വകുപ്പും മില്‍മയും അടങ്ങുന്ന ക്ഷീര മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച റാന്നി ബ്ലോക്ക് ക്ഷീര സംഗമം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പുറത്തുവരുന്നു. നമ്മുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് നാം ഉപയോഗിക്കുന്ന പാല്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പേരറിയാത്തതും കൃത്യമായ വിവരം രേഖപ്പെടുത്താത്തതുമായ ബ്രാന്‍ഡുകള്‍ കടന്നു വന്നിരുന്നു. ഇവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളം കണികണ്ടുണരുന്ന നന്മ എന്നത് ഒരു പ്രയോഗം മാത്രമല്ല. പാലും കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ സുരക്ഷിതമായി ലഭിക്കുന്നതിന് കാരണം ഇവിടുത്തെ ക്ഷീര മേഖലയാണെന്നും എംഎല്‍എ പറഞ്ഞു. രാജ്യത്തെ ക്ഷീരോല്‍പാദന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച മലയാളിയായ വര്‍ഗീസ് കുര്യനെയും എംഎല്‍എ സ്മരിച്ചു.
സംസ്ഥാനത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശക്തമായ ഒരു ക്ഷീര ശൃംഖല കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയും മുന്നോട്ടു പോകുവാന്‍ ഉണ്ട്. ക്ഷീരകര്‍ഷകര്‍ കേരള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അവര്‍ക്കായി നിരവധി പദ്ധതികളും ബോധവല്‍ക്കരണ പരിപാടികളും വകുപ്പ് നടപ്പാക്കി വരുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ക്ഷീരവൃത്തി കൊണ്ട് ജീവിതം നയിക്കുന്ന ഭിന്നശേഷിക്കാരനായ ക്ഷീരകര്‍ഷകന്‍ പൊന്നൂസ് ആലപ്പാട്ടിനെ എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. റാന്നി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷക ലിറ്റി ബിനോയിയെ മുന്‍ എംഎല്‍എ രാജു എബ്രഹാം ആദരിച്ചു. ക്ഷീര സംഗമവുമായി ബന്ധപ്പെട്ട് നടത്തിയ ക്ഷീരവികസന സെമിനാറില്‍ ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ സുരേഖ നായര്‍, അടൂര്‍ ഡിഇഡിസി സീനിയര്‍ ഡിഇഒ സി.വി. പൗര്‍ണമി എന്നിവര്‍ വിഷയാവതരണം നടത്തി.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്സ്, ജോര്‍ജ് എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജേക്കബ് സ്റ്റീഫന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോമളം അനിരുദ്ധന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ബി. സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഷൈനി മാത്യൂസ്, അങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.കെ. ആന്‍ഡ്രൂസ്, ജെവിന്‍ കെ വില്‍സണ്‍, രാധാകൃഷ്ണന്‍, അഞ്ജു ജോണ്‍, എലനിയാമ്മ ഷാജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജു മരുതിക്കല്‍, ആലിച്ചന്‍ ആറൊന്നില്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, റാന്നി ക്ഷീരവികസന ഓഫീസര്‍ ജെ. സജീഷ് കുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോര്‍ജ്, റാന്നി പെരുനാട് ഹൈസ്‌കൂള്‍ ഡയറി ക്ലബ്ബ് ടീച്ചര്‍ ഇന്‍ ചാര്‍ജ് വിജേഷ് ബാബു, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാരായ മോഹന്‍രാജ് ജേക്കബ്, ജേക്കബ് എബ്രഹാം, മോഹന്‍ പിള്ള, കെ.വി. മോഹന്‍ദാസ്, ടി.പി. ചെറിയാന്‍, എം.എസ്. ഗോപാലന്‍, ജോണ്‍ എം ജോര്‍ജ്, സി.എം. തോമസ്, കെ.എം. വര്‍ഗീസ്, പി.കെ. വിജയന്‍, പി. രാജു, സന്ധ്യാ രാജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.