പത്തനംതിട്ട: കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങിയുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച കുരുമ്പന്‍മൂഴി ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്.
റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ ഇറങ്ങി നിരന്തരം നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, എല്ലാ ഭാഗത്തും കാട്ടുമൃഗങ്ങള്‍ നാട്ടിന്‍പുറത്തേക്ക് ഇറങ്ങാതിരിക്കാന്‍ സംരക്ഷണം ഒരുക്കാന്‍ വനംവകുപ്പിന് സാമ്പത്തിക പരിമിതി മൂലം കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കാന്‍ മാര്‍ഗം കണ്ടെത്താന്‍ യോഗം വിളിച്ചുചേര്‍ക്കാം എന്ന് തീരുമാനിച്ചത്. കൂടാതെ വലിയ മൃഗങ്ങളുടെ ആക്രമണം കാരണം നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വൈകിപ്പിക്കാതെ നല്‍കുന്നതിന് വനംവകുപ്പിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോ: എംഎല്‍എ വിസിറ്റ്- കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച കുരുമ്പന്‍മൂഴി ഭാഗം സന്ദര്‍ശിച്ച ശേഷം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.