Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (5/1/2023)

പെരുനാട് സിഎച്ച്സി കിടത്തി ചികിത്സയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഏഴിന് രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇതിനു വേണ്ടി എന്‍എച്ച്എമ്മിന്റെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി. എംഎല്‍എ ആയപ്പോള്‍ മുതല്‍ നിരന്തരമായി നടത്തിയ ഇടപെടലുകളെ അനുഭാവപൂര്‍വം പരിഗണിച്ച ആരോഗ്യ മന്ത്രിയോടുള്ള നന്ദിയും എംഎല്‍എ അറിയിച്ചു. തുടര്‍ന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2.25 കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ആശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവര്‍ക്കാണ് ഏറെ പ്രയോജനം ചെയ്യുക. തോട്ടം മേഖലയായ പെരുനാട്, ചിറ്റാര്‍, നാറാണംമൂഴി, വടശേരിക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും പട്ടികജാതി -പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ നിലയ്ക്കല്‍ കഴിഞ്ഞാല്‍ ശബരിമല പാതയില്‍ ഏറ്റവും അടുത്തുള്ള ആശുപത്രി എന്ന നിലയില്‍ അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ആശുപത്രി.

ഇപ്പോഴത്തെ അവസ്ഥയില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് പത്തനംതിട്ടയിലും റാന്നിയിലും പോയാണ് രോഗികള്‍ വിദഗ്ധ ചികിത്സ തേടുന്നത്. മലയോരമേഖലയില്‍ അപകടങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും പതിവായ സാഹചര്യത്തില്‍ ഇവയ്ക്ക് വിധേയരാവുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിലൂടെ സാധിക്കും.

കിഴക്കന്‍ മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനോടും അഭ്യര്‍ഥിച്ചിരുന്നു. എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രി വികസനത്തിനായി 2.25 കോടി രൂപ അനുവദിച്ചതും ഇവിടെ കിടത്തി ചികിത്സ യാഥാര്‍ഥ്യമാക്കിയതും. പഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക

 

കമ്മ്യൂണല്‍ ഹാര്‍മണി യോഗം 23ന്

ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 23ന് ഉച്ചയ്ക്ക് 3.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേരും.

 

വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു

ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് വിഭാഗവും ആറന്മുള വികസന സമിതിയും സംയുക്തമായി നടത്തിയ സപ്തദിന ക്യാമ്പായ ദ്വോദയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു. ക്യാമ്പിന്റെ ഒന്നാം ദിനം മുതലുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പന്തളം – ആറന്മുള പാതയരികില്‍ ഉപയോഗ ശൂന്യമായിരുന്ന നാല്‍ക്കാലിക്കല്‍ പഴയ പാലം ശുചീകരിച്ചാണ് വിശ്രമ കേന്ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചത്. മുളകൊണ്ടുള്ള ബഞ്ചും കൂടാതെ ടയറുകളും, ഗ്ലാസ് ബോട്ടിലുകളും ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിശ്രമ കേന്ദ്രം ആകര്‍ഷകമാക്കി. പാലത്തിന് ചുറ്റുമുള്ള സ്ഥലം ചെടികളും മറ്റും നട്ട് കൂടുതല്‍ മനോഹരമാക്കും. ഇതിനോട് അനുബന്ധിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ശിക്കാന്‍ തയാറാക്കി.

ഈ പദ്ധതി പൂര്‍ണമാകുന്നതോടുകൂടി ചെറുവള്ളങ്ങള്‍, റാഫ്റ്റിംഗ്, ഫുഡ് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന വിശ്രമ കേന്ദ്രം പൈതൃക ഗ്രാമമായ ആറന്മുളയ്ക്ക് മുതല്‍ കൂട്ടാകും. കോഴിത്തോട് കൂടിയുള്ള കയാക്കിംഗ്, ചെറുവള്ളങ്ങളില്‍ കൂടിയുള്ള യാത്ര എന്നിവ ടൂറിസ്റ്റുകള്‍ക്ക് വില്ലേജ് ലൈഫ് ആസ്വദിക്കാനും കോഴിത്തോട് യാത്രയില്‍ തോടിന്റെ ഉദ്ഭവ സ്ഥാനം മുതല്‍ അവസാനം വരെ ഇടയ്ക്കിടയ്ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്.

ഖരമാലിന്യങ്ങള്‍ തള്ളുന്ന ഒരിടമായിരുന്ന ഈ ഭാഗം വിശ്രമ കേന്ദ്രം വരുന്നതോടുകൂടി മാലിന്യ മുക്തമാകും. വാര്‍ഡ് അംഗങ്ങളായ ദീപ ജി. നായര്‍, ശിവന്‍, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിറാണ്ട, കോളജ് പ്രിന്‍സിപ്പല്‍ ഇന്ദു പി. നായര്‍, ആറന്മുള വികസന സമിതി സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, ട്രഷറര്‍ സന്തോഷ് കുമാര്‍ പുളിയേലില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രിയങ്ക രവി, കെ.റ്റി. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

മകരവിളക്ക്: ടിപ്പറുകള്‍ക്ക് നിരോധനം

ശബരിമല മകരവിളക്ക് ഉത്സവ സമയത്ത് ജില്ലയില്‍ ഉണ്ടാകുവാന്‍ സാധ്യതയുളള വാഹന ബാഹുല്യം പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന നിയമ പ്രകാരം ജനുവരി 13,14,15 എന്നീ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എന്നിവരെ ചുമതലപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകളായ കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, അനിമേഷന്‍ കോഴ്‌സുകള്‍, എംബഡഡ് സിസ്റ്റം ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസോറി ട്രെയിനിംഗ് ടീച്ചര്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കല്ലൂര്‍, എറണാകുളം. ഫോണ്‍: 0484 2 971 400, 8590 605 259

 

യൂത്ത് യുവ ക്ലബുകള്‍ക്ക് ധനസഹായം

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് യുവ ക്ലബുകള്‍ക്ക് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2022-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ജനുവരി 10 നകം സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് 2022-ലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല സമിതി അവാര്‍ഡിന് അര്‍ഹരായ ക്ലബിനെ തെരഞ്ഞെടുക്കും. ഫോണ്‍ -0468-2231938, 9847545970.

 

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രി 2023 ജനുവരി 20വരെ സമര്‍പ്പിക്കാം. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.

റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം. ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10x 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000/ രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

2023 ജനുവരി 20ന് വൈകീട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682 030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.

 

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടത് നിയമപരം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന മുഖേന നടത്തുന്ന അജൈവ മാലിന്യശേഖരണത്തിന് യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്നതരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചരണം നടത്തി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഭാരതസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. ഈ ബൈലോ പ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതും നിശ്ചയിച്ചിട്ടുള്ള യൂസര്‍ ഫീ നല്‍കേണ്ടതുമാണ്.

കേരള സര്‍ക്കാരിന്റെ 12.08.2020 തീയതിയിലെ ജിഒ(ആര്‍ടി) നമ്പര്‍1496/2020 എല്‍എസ്ജിഡി ഉത്തരവില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനമാര്‍ഗരേഖ അംഗീകരിച്ചിട്ടുള്ളതും, ഇതില്‍ ഹരിത കര്‍മ്മ സേന നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ക്കുള്ള പാരിതോഷികം കൂടിയായി വേണം യൂസര്‍ഫിയെ കാണേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. വീടുകളില്‍ നിന്നുള്ള അജൈവമാലിന്യ ശേഖരണത്തിന് കുറഞ്ഞത് ഗ്രാമപ്രദേശങ്ങളില്‍ 50 രൂപയും നഗരപ്രദേശങ്ങളില്‍ 70 രൂപയും കടകളില്‍ നിന്നും 100 രൂപയുമായി മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കും എതിരെ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോ പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്നതിനെതിരായി വ്യാജ പ്രചരണം നടത്തി തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

 

ഭക്ഷ്യവിഷബാധ: ഭക്ഷണ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കണം – ഡിഎംഒ

ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ, ജലമോ കാരണമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.

ഭക്ഷണസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍:

ഭക്ഷണപാനീയ വില്‍പനശാലകള്‍ അംഗീകൃത ലൈസന്‍സോടു കൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളും തൊഴിലാളികളും ആറു മാസത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്തി കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കണം. യാതൊരു കാരണവശാലും പഴകിയതും, ഉപയോഗയോഗ്യം അല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ല.

സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ജലം സമയാസമയങ്ങളില്‍ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം.

പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. കല്യാണം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്ഡ്രിങ്കുകളില്‍ ഐസ് ഉപയോഗം കഴിവതും ഒഴിവാക്കുക. ഐസ് ഉപയോഗിക്കുന്നപക്ഷം അതു ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പു വരുത്തുക.

സ്ഥാപനത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക. ഈച്ച, കൊതുക് തുടങ്ങിയ രോഗവാഹക ജീവികളുടെ അസാന്നിധ്യം ഉറപ്പുവരുത്തുക. ശാസ്ത്രീയമായ ഖര, ദ്രവ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ഏര്‍പ്പെടുത്തുക. ഭക്ഷണ വിതരണ ശാലകളില്‍ മാസ്‌ക്, ക്യാപ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മത്സ്യ – മാംസാദികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക. അഞ്ചുമിനിട്ട് നേരമെങ്കിലും തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച ജലത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.

 

റെയിന്‍ പദ്ധതി യോഗം ഇന്ന്(6)

ലഹരിക്കെതിരായ റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് (റെയിന്‍) പദ്ധതിയുടെ ആലോചനാ യോഗം ഇന്ന്(ജനുവരി ആറ്) രാവിലെ 10.30ന് റാന്നി സെന്റ് തോമസ് കോളജില്‍ ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

 

പുനര്‍ലേലം

കുളനട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സിലെ റൂം നമ്പര്‍ 14/331 ഉം അമ്പലക്കടവ് ജംഗ്ഷന് സമീപം പഞ്ചായത്ത് വഴിയിലെ പുളിമരം, പാണില്‍ വാര്‍ഡില്‍ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്ലാവ്, ആഞ്ഞിലി എന്നിവ ജനുവരി 10 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ആഫീസില്‍ വച്ച് പരസ്യമായി പുനര്‍ലേലം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0473 4 260 272

 

ക്വട്ടേഷന്‍

വയലത്തല പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രം ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 12 ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 0468 2 224 070

error: Content is protected !!