Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (6/1/2023)

ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്, ടി.എം.ആര്‍ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഓരോ വര്‍ഷത്തെയും പലിശ പൂര്‍ണമായും വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

പലിശയിളവ് ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പ എടുക്കുന്നതിലേക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വായ്പയിലേക്ക് മുതലും പലിശയും അടച്ചതിന്റെ സ്റ്റേറ്റ്മെന്റ് എന്നിവ ഫെബ്രുവരി അവസാനം നല്‍കണം. ഗുണഭോക്താകള്‍ക്ക് അഞ്ച് വര്‍ഷം തുടര്‍ച്ചയായി പലിശ ഇളവ് നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷയും അനുബദ്ധ രേഖകളും ജനുവരി ഒന്‍പതിനകം അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ നല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

പി.എം കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാം

അനെര്‍ട്ട് മുഖേന സംസ്ഥാനത്തെ ചെറുകിട കര്‍ഷകരെ പി.എം കുസും പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുന്നതിന് രണ്ട് എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സൗജന്യമായി ശൃംഖലബന്ധിത സൗരോര്‍ജ്ജ നിലയത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ 2023 ജനുവരി മൂന്ന് മുതല്‍ അതാത് കൃഷി ഭവനുകളില്‍ ലഭിക്കും. അപേക്ഷ ആധാര്‍ കാര്‍ഡ്, നികുതി രസീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നല്‍കണമെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 2500 അപേക്ഷകളാണ് പരിഗണിക്കുന്നത്. വിവരങ്ങള്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വെ സ്റ്റേഷന് എതിര്‍വശം, പാലക്കാട് 678001 ല്‍ ലഭിക്കും. ഫോണ്‍: 0491 2504182.

 

ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ദര്‍ഘാസ് ക്ഷണിച്ചു

കുമരനെല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫീസ് 400 രൂപ. ജനുവരി 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെന്‍ഡറുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495142984, 9447932099.

 

ലൈബ്രറി കൗണ്‍സില്‍ വായനാമത്സര വിജയികളെ തെരഞ്ഞെടുത്തു

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വായനമത്സരത്തിന്റെ വിജയികളെ തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ വായനമത്സരത്തില്‍ പട്ടാമ്പി താലൂക്കിലെ ഫാത്തിമ സുഹ്‌റ ബത്തൂല്‍, മണ്ണാര്‍ക്കാട് താലൂക്കിലെ ടി. ഇഷാര, പട്ടാമ്പി താലൂക്കിലെ സാന്ദ്ര സുരേഷ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരം 16 മുതല്‍ 25 വയസ് വരെയുള്ള വിഭാഗം ഒന്നില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ പി. ജിന്‍ഷ ഒന്നാം സ്ഥാനവും ഒറ്റപ്പാലം താലൂക്കിലെ കെ.ആര്‍ രഞ്ജുഷ രണ്ടാം സ്ഥാനവും ചിറ്റൂര്‍ താലൂക്കിലെ ദിവ്യ ആര്‍. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരം (25 വയസിന് മുകളില്‍) വിഭാഗം രണ്ടില്‍ പട്ടാമ്പി താലൂക്കിലെ സി. സജിത ഒന്നാം സ്ഥാനവും പട്ടാമ്പി താലൂക്കിലെ എം. രജനി രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് താലൂക്കിലെ ടി. വിദ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി സെക്രട്ടറി പി.എന്‍ മോഹനന്‍ അറിയിച്ചു.

 

ഗതാഗത നിരോധനം

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ കീഴില്‍ കിഴക്കേത്തറ-കല്‍ക്കുളം- ചുങ്കമന്ദം റോഡില്‍ കിഴക്കേത്തറ എല്‍.പി സ്‌കൂളിന് സമീപം കള്‍വര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ടിന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ചുങ്കമന്ദം ഭാഗത്തുനിന്നും കിഴക്കേത്തറയിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ കണ്ണന്നൂര്‍-മാത്തൂര്‍ വഴി അമ്പാട്-ആനിക്കോട് റോഡ് ഉപയോഗിക്കണം.

 

ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ദര്‍ഘാസ് ക്ഷണിച്ചു

കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫീസ് 400 രൂപ. ജനുവരി 19 ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446150627,6282483395

 

ഓംബുഡ്‌സ്മാന്‍ സിറ്റിങ് 17 ന്

പി.എം.എ.വൈ(ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ജനുവരി 17 ന് രാവിലെ 10 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ് നടക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ അന്നേദിവസം ഓംബുഡ്‌സ്മാനെ ബന്ധപ്പെടാം. ഫോണ്‍: 0491 2572014.

 

പെരുമാട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി പാസിങ് ഔട്ട്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വാര്‍ഷികം ഉദ്ഘാടനം ഇന്ന്

മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

പെരുമാട്ടി പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സ്‌കൂള്‍ വാര്‍ഷികം എന്നിവ ഇന്ന് (ജനുവരി ഏഴ്) രാവിലെ 10 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് എസ്.പി.സി വിദ്യാര്‍ത്ഥികളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കും. എസ്.എം.സി ചെയര്‍മാന്‍ കെ. സുരേഷ് അധ്യക്ഷനാവും. ഏഷ്യാനെറ്റ് സ്റ്റാര്‍ സിങര്‍ ഫെയിം സനിഗ സന്തോഷ് മുഖ്യാതിഥിയാവും. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ നന്ദിനി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീഷ് കുമാര്‍, വിനോദ് ബാബു, മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ കെ. ചെന്താമര, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഉദയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് മഞ്ജു വര്‍ഗീസ്, ഹെഡ്മിസ്ട്രസ് സി. ശോഭ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാവ്യശില്‍പം, നാടകം, മറ്റ് കലാ പരിപാടികള്‍ അരങ്ങേറും.

 

ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ 2023 നോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ 12 അസംബ്ലി നിയോജകമണ്ഡലങ്ങളിലെയും പുതുക്കിയ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 10,93,237 പുരുഷന്മാരും 11,36,961 സ്ത്രീകളും 11 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 22,30,209 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പുതിയ കണക്കനുസരിച്ച് ജില്ലയിലലെ യുവവോട്ടര്‍മാരുടെ എണ്ണം 18-19 വയസുകാരായ 12,035 പേരുള്‍പ്പെടെ 3,75,217 ആയി. കൂടാതെ 11,458 വോട്ടര്‍മാര്‍ ഭിന്നശേഷിക്കാരായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലമ്പുഴ നിയോജകമണ്ഡലത്തിലാണ്, 2,05,613 പേര്‍. ഏറ്റവും കുറവ് തരൂര്‍ മണ്ഡലത്തിലും- 1,65,438 പേര്‍.

എല്ലാ താലൂക്ക്, വില്ലേജ്, നഗരസഭ, പഞ്ചായത്ത് ഓഫീസുകളിലും വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണെന്നും പൊതുജനം ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും voterhelpline ആപ്പ് വഴിയോ www.nvsp.in മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ബി.എല്‍.ഒമാര്‍ മുഖാന്തിരമോ സൗകര്യം ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

ഹരിത കര്‍മ്മസേനയുടെ യൂസര്‍ഫീ നിയമപരമായ ബാധ്യത: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഹരിത കര്‍മ്മസേനയുടെ യൂസര്‍ഫീ നിയമപരമായ ബാധ്യതയാണെന്നും ജില്ലയിലെ മാലിന്യ സംസ്‌കരണ പരിപാലന സംവിധാനത്തിന്റെ സജീവമായ കണ്ണിയാണ് ഹരിതകര്‍മ്മ സേന എന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ട്രലില്‍ കലക്ട് ചെയ്ത്, ഒന്നാം തരം-രണ്ടാം തരം എന്ന രീതിയില്‍ വേര്‍തിരിച്ച് റിസോഴ്സ് റിക്കവറി സെന്ററിലേക്ക് മാറ്റി വെയിലിങ് മെഷീനും ഷ്രെഡിങ് മെഷീനും ഉപയോഗിച്ച് റീസൈക്കിള്‍ ചെയ്ത് ഗ്രാനുവലാക്കി മാറ്റി ടാറിങ്ങിനും മറ്റും ഉപയോഗിക്കുന്നതാണ് ഹരിത കര്‍മ്മ സേനയുടെ രീതി.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ ഫീ ഈടാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) വകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. പ്രസ്തുത ചട്ടപ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 12.08.2020 ലെ 1496/2020 നമ്പര്‍ ഉത്തരവ് പ്രകാരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അംഗീകരിച്ച ബൈലോ സെക്രട്ടറിമാര്‍ക്ക് അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ ഫീ സ്വീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്നുമുള്ള വ്യാജവും നിയമവിരുദ്ധവുമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഹരിതകര്‍മ്മ സേനാ സംവിധാനത്തെ കരുതലോടെ പിന്തുണച്ച് ജില്ലയിലെ മാലിന്യ പരിപാലന സംസ്‌കരണ യജ്ഞത്തെയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ആവശ്യപ്പെട്ടു.

 

ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

പെരിങ്ങോട്ടുകുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഉപകരണങ്ങളുടെ പട്ടിക ടെന്‍ഡര്‍ ഫോമിനോടൊപ്പം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. നിരതദ്രവ്യം 2000 രൂപ. ടെന്‍ഡര്‍ ഫോം വില 400 രൂപ. ജനുവരി 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8075167364.

 

സൗജന്യ ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍ കോഴ്‌സ് പ്രവേശനം

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈനും സംയുക്തമായി നടത്തുന്ന സൗജന്യ ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍ കോഴ്‌സിലേക്ക് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സിന് പ്ലസ് ടു ആണ് കുറഞ്ഞ യോഗ്യത. പ്രായപരിധി 18 നും 26നും മധ്യേ. കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. അഭിരുചി നിര്‍ണയ പരീക്ഷയുടെയും മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

ഡിസൈന്‍ രംഗത്തെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ആറ് മാസം ദൈര്‍ഘ്യമുള്ള റസിഡന്‍ഷ്യല്‍ കോഴ്‌സ് പാലക്കാട് ക്യാമ്പസിലാണ് സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ. ടി, ഐ.ടി അനുബന്ധ മേഖലകള്‍, ഇ-കൊമേഴ്‌സ്, അഡ്വര്‍ടൈസിങ് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും. മുതലമട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ നല്‍കണമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9656039944.

 

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം

പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. പ്രവേശനത്തിന് ഓഫീസര്‍ ഇന്‍ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2527425.

 

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം 16 ന്

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ജനുവരി 16 ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

error: Content is protected !!