അതിദരിദ്ര വിഭാഗക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ; ജില്ലയില്‍ പ്രത്യേക ക്രമീകരണം:- ജില്ലാ കളക്ടര്‍
കൊല്ലം: ‘അവകാശം അതിവേഗം’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ജനുവരി 11ന് അതാത് ഗ്രാമപഞ്ചായത്തുകളിലെ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് സൗകര്യമുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേന ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിനായി കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിദരിദ്ര പട്ടികയില്‍ ഉള്‍പെട്ട എല്ലാവര്‍ക്കും സൗജന്യസേവനം നല്‍കും. നിലവില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്ത അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട എല്ലാവരും സേവനം പ്രയോജനപ്പെടുത്തണം. താല്‍ക്കാലിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് സര്‍ട്ടിഫൈ ചെയ്തു നല്‍കിയിട്ടും ആധാര്‍ എടുക്കാത്തവര്‍ അടിയന്തരമായി ആധാര്‍ കാര്‍ഡ് എടുക്കണമെന്നും അല്ലാത്തപക്ഷം റേഷന്‍ കാര്‍ഡ് റദ്ദാകുമെന്നും യോഗത്തില്‍ പറഞ്ഞു.
ഇ.പി.ഐ.പി പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സ്വന്തമായി മേല്‍വിലാസം ഇല്ലാത്തവരും കണ്ടെത്താന്‍ കഴിയാത്തവരുമായ വ്യക്തികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിച്ചു. ഇവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. സ്വന്തമായി വാസസ്ഥലമില്ലാത്തവരെ കണ്ടെത്തി പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സാമൂഹ്യ നീതി വകുപ്പ് മുഖേന സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.കെ സയൂജ, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ , വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം