പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ വാഹനം ആരോഗ്യവും, വനിതാശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. വീടും, പരിസരവും ശുചിയായി സംരക്ഷിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ വലിയൊരളവുവരെ ഉറപ്പാക്കാനാകുമെന്നും ഇക്കാര്യം സ്വന്തം ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വായുജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ബോധവത്ക്കരണ വാഹനം തയ്യാറാക്കിയിട്ടുളളത്. വരുന്ന ഒരാഴ്ച ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുടനീളം പരിപാടിയുടെ ഭാഗമായി പ്രചരണം നടത്തും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയോ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഇവ ശ്രദ്ധിക്കാം
കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടുകളിലും ഓഫീസ് പരിസരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.
വയറിളക്കം, മഞ്ഞപ്പിത്തം പോലെയുളള രോഗങ്ങള്‍ ഉണ്ടായാല്‍ കൃത്യമായ ചികിത്സ തേടണം. ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. മലിനജലവുമായോ, മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഫോട്ടോ: ഫ്ളാഗ് ഓഫ്- ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ തയാറാക്കിയ ബോധവല്‍ക്കരണ വാഹനം ആരോഗ്യവും, വനിതാശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.