Input your search keywords and press Enter.

അനധികൃത കൈയേറ്റങ്ങള്‍ അവസാനിപ്പിക്കും: താലൂക്ക് വികസന സമിതി

കൊല്ലം: ജില്ലയിലെ നീര്‍ത്തടങ്ങളുടെയും, വയലുകളുടെയും കൈയേറ്റം അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വകരിക്കുമെന്ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ വട്ടക്കായല്‍, കട്ടക്ക കായല്‍, പെരുംകുളം ഏലാ എന്നിവയുടെ കൈയേറ്റം സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കാവനാട് ബൈപ്പാസിന് സമീപത്തുള്ള ദേശീയപാതയോരത്തെ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് സമിതിയില്‍ ആവശ്യമുയര്‍ന്നു.

ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറിലെ ഓട വൃത്തിയാക്കാനും, അനധികൃത ചീനവലകള്‍ നിയന്ത്രിക്കാനും നടപടികള്‍ക്ക് ശിപാര്‍ശ നല്‍കി. ചരിത്ര സ്മാരകങ്ങള്‍ക്ക് മുമ്പില്‍ പ്രാധാന്യം വ്യക്തമാക്കുന്ന ഫലകങ്ങള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. നഗരപ്രദേശങ്ങളില്‍ കൂടുതല്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണം. ചിന്നക്കട പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള നടപ്പാതയിലെ വഴിയോരക്കച്ചവടം ഒഴിപ്പിക്കണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.

ലിങ്ക് റോഡ് പാലം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ശക്തികുളങ്ങര ഫാത്തിമ ഐലന്‍ഡ് അപ്പ്രോച്ച് റോഡ് നിര്‍മാണ പുരോഗതി അറിയിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. താലൂക്ക്തല ജനകീയ അദാലത്ത് പുനരാരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു. ആശ്രാമം മൈതാനത്ത് വിവിധ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച ശേഷം യഥാസമയം പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. ഇവിടെ മരചില്ലകള്‍ ഒടിഞ്ഞു വീഴുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ പിള്ള, അംഗങ്ങളായ കിളികൊല്ലൂര്‍ ശിവപ്രസാദ്, അയത്തില്‍ അപ്പുകുട്ടന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എന്‍.എസ്.വിജയന്‍, അനീഷ് പടപ്പക്കര, തടത്തിവിള രാധാകൃഷ്ണന്‍, കെ.രാജു, ആര്‍.മനോജ്, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം

error: Content is protected !!