Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (7/1/2023)

കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിന് പദ്ധതി നടപ്പിലാക്കണം – ബാലാവകാശ കമ്മീഷന്‍

ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ സാമൂഹിക മാധ്യമങ്ങള്‍ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാന്‍ കഴിയും വിധം എല്ലാ കുട്ടികള്‍ക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിനു പദ്ധതി നടപ്പിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം കഴിയുന്നതുവരെ ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തണം. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കും വിധത്തിലുളള പരിശോധനകള്‍ ഒഴിവാക്കാനും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ്കുമാര്‍ അംഗങ്ങളായ റെനി ആന്റണി ബബിത ബി എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവായി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ 30 ദിവസത്തിനകം ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതില്ല എന്നുതന്നെയാണ് കമ്മീഷന്റെ നിലപാട്. ഓണ്‍ലൈന്‍ പഠനാനന്തരം കുട്ടികളിലെ മൊബൈല്‍ ഉപയോഗം വര്‍ദ്ധിക്കുകയും മൊബൈല്‍ അഡിക്ഷന്‍ മൂലം കുട്ടികള്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചതായുമുളള റിപ്പോര്‍ട്ടുകള്‍ വേദനിപ്പിക്കുന്നതാണ്. ഫോണ്‍ അഡിക്ഷനില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും എങ്ങനെ കുട്ടികളെ മോചിപ്പിക്കാമെന്ന ശാസ്ത്രീയവും മനശാസ്ത്രപരവുമായ സമീപനമാണ് സ്വീകരിക്കേണ്ടത്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രം ദുരുപയോഗവും ത•ൂലമുളള പ്രശ്‌നങ്ങളും ഒഴിവാക്കാനാവില്ല. സാമൂഹിക മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനുളള പരിശീലനം കുട്ടികള്‍ക്ക് നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള പരിശീലന പദ്ധതി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നടപ്പിലാക്കണം. മൊബൈല്‍ ഫോണ്‍ ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരുടെ കൂട്ടായ്മ വിദ്യാര്‍ത്ഥികളുടെ പഠന ഗ്രൂപ്പുകള്‍ വിവിധ വിഷയ സംബന്ധിയായ ആശയ വിനിമയങ്ങള്‍ അക്കാദമിക രേഖകളുടെ പങ്കുവയ്ക്കല്‍ തുടങ്ങി രക്ഷാകര്‍തൃയോഗങ്ങള്‍ വരെ മൊബൈല്‍ ഫോണിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാല്‍ സാമൂഹ്യമാധ്യമ സാക്ഷരത ആര്‍ജിക്കാനുളള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്.

വടകര പുതുപ്പണം ജെ.എന്‍.എം.ജി. എച്ച്.എസ്. സ്‌കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയറും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ കുട്ടി, സ്‌കൂളില്‍ കൊണ്ടുവന്ന ഫോണ്‍ അമ്മ ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ തിരിച്ച് നല്‍കാത്തതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിച്ചെടുത്ത ഫോണ്‍ കുട്ടി ക്ലാസില്‍ കൊണ്ടുവരാനിടയായ പ്രത്യേക സാഹചര്യം പരിഗണിച്ച് പരാതിക്കാരന് തിരികെ നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരാതി തീര്‍പ്പാക്കി.

 

അഭിമുഖം നടത്തും

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ.യില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജനുവരി 11ന് രാവിലെ 11.30 ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ് ട്രേഡിലുള്ള എന്‍.ടി.സി / എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793714.

 

തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോമിനും, വിവരങ്ങള്‍ക്കും www.ihrd.ac.in ഫോണ്‍: 0471 2322985, 0471 2322501.

 

അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ജനുവരി 11ന് തുടങ്ങുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. http://lbscentre.kerala.gov.in/services/courses ലിങ്കില്‍ അപേക്ഷിക്കാം. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 9446854661.

 

സ്‌പെക്ട്രം തൊഴില്‍ മേള ജനുവരി 19,20 തീയതികളില്‍

ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വിവിധ ട്രേഡുകള്‍ പൂര്‍ത്തിയായവര്‍ക്ക് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജനുവരി 19, 20 തീയതികളില്‍ സ്‌പെക്ട്രം തൊഴില്‍മേള നടക്കും. തൊഴിലും നൈപുണ്യവും വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ DWMS Connect എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. https://play.google.com/store/apps/details?id=com.agri.jobconnect എന്ന ലിങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0474 2712781.

 

പരവൂര്‍ കുടുംബ കോടതി പ്രവര്‍ത്തനോദ്ഘാടനം ജനുവരി 11ന്

പരവൂര്‍ കുടുംബ കോടതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 11ന് രാവിലെ 10ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമരാജന്‍ പരവൂര്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍ ജഡ്ജ് എം.ബി സ്‌നേഹലത അധ്യക്ഷയാകും.

ജില്ലയിലെ നാലാമത്തെ കുടുംബ കോടതിയാണ് പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പരവൂരിലെ രണ്ട് വില്ലേജുകള്‍ക്കൊപ്പം, പൂതക്കുളം, മയ്യനാട്, ചിറക്കര, മീനാട്, പാരിപ്പള്ളി, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, തഴുത്തല വില്ലേജുകളിലെ കേസുകളാണ് പുതിയ കുടുംബ കോടതി പരിഗണിക്കുക. ജില്ലയില്‍ നിലവില്‍ കൊല്ലം, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് കുടുംബകോടതികള്‍ പ്രവര്‍ത്തിക്കുന്നത്.

 

തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി കുണ്ടറ എക്സ്റ്റക്ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്.ടു), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അംഗീകൃത സര്‍വകലാശാല ബിരുദം), എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. എസ്.സി, എസ്.ടി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0474 2580462, 8547005090.

 

പരാതി സമര്‍പ്പിക്കാം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജനുവരി 10ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന സിറ്റിംഗില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം.

 

സ്റ്റാഫ് നഴ്സ് അഭിമുഖം

ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം / ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസാകണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. കാത്ത്‌ലാബ്/ ഡയാലിസിസ്/ ഐ.സി.യു എന്നിവയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 11 ന് വൈകിട്ട് മൂന്നിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2742004.

 

ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലം യഥാര്‍ത്ഥ്യത്തിലേക്ക്

കരുനാഗപ്പള്ളി കുന്നത്തൂര്‍ താലൂക്കുകളുടെ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയകാവ് ചക്കുവള്ളി റോഡിലെ ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലം യഥാര്‍ത്ഥ്യത്തിലേക്ക്.

സംസ്ഥാന സര്‍ക്കാര്‍ തടസരഹിത ഗതാഗതം എന്ന പദ്ധതിയില്‍ 2017ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ചിറ്റുമൂല റെയില്‍വേ മേല്‍പാലം. കിഫ്ബി വഴി 29.5 കോടി രൂപയാണ് അനുവദിച്ചത്. മേല്‍പാലത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. 9.48 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. തഴവ, തൊടിയൂര്‍ വില്ലേജുകളിലായി 56 ഭൂവുടമകളില്‍ നിന്നും 33.41 ആര്‍ (82 സെന്റ്) സ്ഥലമാണ് ഏറ്റെടുക്കുന്നത്. 14 പേരുടെ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരവും നല്‍കി. കൃഷി, തദ്ദേശ വകുപ്പുകളുടെ ഭൂമിയും ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയായി. ഇത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറും. റെയിവേയുടെ അന്തിമ അനുമതിയും പദ്ധതിക്ക് ലഭ്യമായി. ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

 

ദന്ത ചികിത്സയില്‍ പുതുസങ്കേതവുമായി ജില്ലാ ആശുപത്രി

ദന്ത ചികിത്സാരംഗത്ത് പുതിയ ചുവടുവെയ്പ്പുമായി കൊല്ലം ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിഭാഗം. ദന്ത ചികിത്സയില്‍ സെഡേഷന്‍ പോലുള്ള ചികിത്സാ രീതിയില്‍ രോഗികള്‍ക്കുണ്ടാകാറുള്ള ഭയവും ആശങ്കയും ഇല്ലാതാക്കുന്ന നൂതന ചികിത്സാമാര്‍ഗ്ഗമായ ‘കോണ്‍ഷ്യസ് സെഡേഷന്‍ ഡെന്റിസ്ട്രി’ ഇനിമുതല്‍ ജില്ലാ ആശുപത്രിയിലും ലഭ്യമാണ്.

പ്രത്യേക അനുപാതത്തില്‍ ഓക്സിജനും നൈട്രസ് ഓക്സൈഡും ചേര്‍ത്ത് ഡോക്ടറുടെ നേതൃത്വത്തില്‍ മാസ്‌കിന്റെ സഹായത്തോടെ ശ്വസനത്തിലൂടെ നല്‍കി രോഗിയെ മയക്കത്തിലാക്കി വേദന കുറച്ച് ചുരുങ്ങിയ സമയത്തില്‍ ചികിത്സ തുടങ്ങാന്‍ സാധിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചിട്ടുള്ള അത്യാധുനിക രീതിയിലുള്ള ചികിത്സാരീതി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലും മാത്രമാണുള്ളത്.

error: Content is protected !!