Input your search keywords and press Enter.

കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ക്ക് കുഞ്ഞാപ്പ്

പാലക്കാട്: വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലസംരക്ഷണ മൊബൈല്‍ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കുഞ്ഞാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ https://play.google.com/store/apps/details?id=in.tr.cfw.rn.kunjaapp ലിങ്ക് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനം, കര്‍ത്തവ്യവാഹകര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ലോഗിന്‍ ചെയ്ത് ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളില്‍ കുട്ടികളെ കാണാന്‍ ഇടയായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ ബാലസംരക്ഷണം, പാരന്റിങ് സംവിധാനങ്ങള്‍, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാനും ആപ്പ് സഹായകരമാണ്.

ആപ്പിലെ സേവനങ്ങള്‍

കുഞ്ഞാപ്പ് തുറന്ന് വരുമ്പോള്‍ കാണുന്ന ഹോം സ്‌ക്രീനില്‍ ശിശുവികസനം, കുട്ടികളുടെ സംരക്ഷണം, പോസിറ്റീവ് പാരന്റിങ്, കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമം, ലൈംഗിക വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വീഡിയോ/ വിവരങ്ങള്‍ ലഭ്യമാണ്. ഉള്ളടക്കത്തില്‍ മാതാപിതാക്കള്‍ക്കുള്ള കൈപ്പുസ്തകത്തില്‍ പാരന്റിങ് സംബന്ധിച്ച വിവരങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ വായിക്കാം. കുടുംബത്തില്‍ മുതിര്‍ന്ന കുട്ടികള്‍ നേരിടുന്ന അവഗണന, ലഹരിക്കടിമപ്പെടുന്ന കൗമാരം, കുട്ടികളില്‍ മാതാപിതാക്കളോടുള്ള ബഹുമാനക്കുറവിന് കാരണം, കാര്‍ട്ടൂണ്‍ അഡിക്ഷന്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍, കൗമാരക്കാരിലെ വിഷാദരോഗം, കുട്ടികള്‍ പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കൊപ്പം എങ്ങനെ നല്ല രീതിയില്‍ സമയം ചെലവഴിക്കാം, ജങ് ഫുഡ്‌സ് എന്നിവ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കഥാരൂപത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ കുട്ടികള്‍ക്കെതിരായ അതിക്രമം, കൗമാരപ്രായം, കുട്ടികളുടെ സംരക്ഷണം, പെരുമാറ്റ പ്രശ്‌നങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളും ഉള്ളടക്കത്തില്‍ ലഭ്യമാണ്.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ശിശു വികസന പദ്ധതി ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന ജില്ലയിലെ രക്ഷാകര്‍തൃ ക്ലിനിക്കുകളുടെ മേല്‍വിലാസം ഉള്‍പ്പെടുന്ന വിവരങ്ങള്‍, ജില്ലാ റിസോഴ്‌സ് സെന്ററുകള്‍, പോറ്റി വളര്‍ത്തല്‍ മാനദണ്ഡങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പിനായി കുട്ടികളെ തെരഞ്ഞെടുക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍, കാവല്‍, കാവല്‍ പ്ലസ് പദ്ധതികള്‍, കുട്ടികളെ ദത്തെടുക്കല്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയ സേവന വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ഹോം സ്‌ക്രീനില്‍ കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ കുട്ടികളുടെ ഫണ്ടിലേക്ക് സംഭാവന, ശിശുസംരക്ഷണ സംവിധാനങ്ങളുടെ ഫോണ്‍ നമ്പര്‍, വിലാസങ്ങള്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍, അത്യാവശ്യ സമീപനങ്ങള്‍ക്ക് പോലീസ് (100), കേന്ദ്രീകൃത ഹെല്‍പ് ലൈന്‍ (112), ചൈല്‍ഡ് ലൈന്‍ (1098), ദിശ ഹെല്‍പ് ലൈന്‍ (1056), വനിത ഹെല്‍പ് ലൈന്‍ (1091), എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കും.

പരാതി നല്‍കല്‍

കുട്ടി ഭിക്ഷാടനം, തെരുവിലെ സാഹചര്യത്തില്‍ കഴിയുന്ന കുട്ടികള്‍, ബാലവേല, മറ്റ് പരാതികള്‍ എന്നിങ്ങനെയാണ് പരാതി നല്‍കല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവയില്‍ പരാതി നല്‍കേണ്ട വിഭാഗം ക്ലിക്ക് ചെയ്താല്‍ ജില്ല തെരഞ്ഞെടുക്കാം. തുടര്‍ന്ന് പരാതിയുമായി ബന്ധപ്പെട്ട ഫോട്ടോ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഗൂഗിള്‍ ലൊക്കേഷനില്‍ സംഭവസ്ഥലം തെരഞ്ഞെടുത്ത ശേഷം പരാതി സമര്‍പ്പിക്കാം. കുഞ്ഞാപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആപ്പ് ദിവസേന നിരീക്ഷിക്കുകയും പരാതികള്‍ പരിശോധിക്കുകയും ചെയ്യും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി നടപടി സ്വീകരിക്കും.

ഫോട്ടോ – കുഞ്ഞാപ്പ് ആപ്പ്‌

error: Content is protected !!