പത്തനംതിട്ട: ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ നഗരസഭയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നിർവഹിച്ചു. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്കും ശുചിത്വത്തിനും നഗരസഭ ഭരണസമിതി പ്രത്യേക പരിഗണനയാണ് നൽകുന്നത്. മാലിന്യ സംസ്കരണം നമ്മുടെ ശീലവും ജീവിതരീതിയുമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്ത്കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വേണു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുൻ നഗരസഭാധ്യക്ഷൻ അഡ്വ. എ സുരേഷ് കുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍മായ എം.സി ഷരീഫ്, ആർ. സാബു, സി.കെ അർജുനൻ, നഗരസഭ സെക്രട്ടറി ഷെർല ബീഗം എന്നിവർ പങ്കെടുത്തു.
നഗര മാലിന്യം ഇനി പ്രശ്നമാകില്ല; മാലിന്യ സംസ്കരണത്തിൽ ചിട്ടയായ പ്രവർത്തന മാതൃകയായി നഗരസഭ
നഗരത്തിന് ഏറ്റവും വെല്ലുവിളി ഉയർത്തിയിരുന്ന മാലിന്യ പ്രശ്നത്തിന് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കാണുകയാണ് പത്തനംതിട്ട നഗരസഭ. ജൈവ മാലിന്യ സംസ്കരണം, അജൈവമാലിന്യ ശേഖരണം, തരംതിരിക്കൽ, പുനഃചംക്രമണം എന്നിങ്ങനെ വിവിധ ഘട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് ഇവിടെ.
നിലവിലെ ഭരണസമിതി അധികാരം ഏൽക്കുമ്പോൾ 55 ശേഖരണ കേന്ദ്രങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുന്ന അവസ്ഥയാണ് നഗരസഭാ പരിധിയിൽ ഉണ്ടായിരുന്നത്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിയ ഭരണസമിതി വെല്ലുവിളിയായ നഗര ശുചീകരണവും അതേ പ്രാധാന്യത്തോടെ ഏറ്റെടുത്തു. “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി പൊതുജന പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.
ഉറവിടത്തിൽ തന്നെ ജൈവ – അജൈവ മാലിന്യങ്ങൾ തരം തിരിക്കുകയും ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും ചെയ്യുന്നതിന് മുൻഗണന നൽകി. അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് നാമമാത്രമായ തുക ഈടാക്കി പൊതുജനങ്ങളെയും ഉത്തരവാദിത്വപൂർണ്ണമായ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമാക്കി. ഹരിത കർമ സേന പ്രവർത്തകരെ ആവശ്യാനുസരണം നിയോഗിച്ച് മാലിന്യ ശേഖരണം, തരം തിരിക്കൽ എന്നിവയും കൃത്യമായി ചെയ്ത് വരുന്നു. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങളിൽ എത്തിച്ച് തരംതിരിക്കുന്ന അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പണം നൽകിയും പുനരുപയോഗിക്കാവുന്നവയ്ക്ക് നിശ്ചിതനിരക്ക് ഈടാക്കിയും ക്ലീൻ കേരള കമ്പനിക്ക് നൽകുകയാണ് നഗരസഭ.
മാലിന്യ സംസ്കരണത്തിന് തനതായ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ഇതിനു മുന്നോടിയായാണ് 38 ലക്ഷംരൂപ മുതൽമുടക്ക് ചട്ടങ്ങൾ പാലിച്ചുകൊണ്ട് മാലിന്യ ശേഖരണ വാഹനങ്ങൾ നഗരസഭ സ്വന്തമാക്കുന്നത്. കൗൺസിൽ തീരുമാനപ്രകാരം രണ്ടാമത്തെ വാഹനം ഉടൻ പുറത്തിറക്കും. സർക്കാർ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഹരിതമിത്ര – സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരത്തിൽ ഉടൻതന്നെ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകും.
ഫോട്ടോ: വേയ്സ്‌റ്റ് – ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ നഗരസഭയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നിർവഹിക്കുന്നു.