കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ ഭാഗമായി പഠന സഹായികളുടെ വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠ്യവിഷയങ്ങള്‍ ലളിതമാക്കി വിദ്യാര്‍ഥികളെ ഭയരഹിതമായി വാര്‍ഷിക പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ മാനസികസമ്മര്‍ദ്ദം കുറച്ച് പഠനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായികള്‍ വിതരണം ചെയ്യുന്നത്. കൊല്ലം ഡയറ്റിലെ അധ്യാപകരുടെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ.ലാല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി.കെ.ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.സെല്‍വി, ഗേളി ഷണ്‍മുഖന്‍, പ്രിജി ശശിധരന്‍, വിദ്യാഭ്യാസ ഓഫീസര്‍മാരായ തങ്കമണി, രാജു, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഉജ്ജ്വലം പദ്ധതിയുടെ ഭാഗമായി പഠനസഹായകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിക്കുന്നു.