രേഖകളുടെ ലഭ്യമാക്കല്‍ 90 ശതമാനത്തിനടുത്ത്
പാലക്കാട്: ജില്ലയിലെ എല്ലാ പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്കും എല്ലാ സേവന രേഖകളും ലഭ്യമാക്കുക ലക്ഷ്യമിട്ട് ജില്ല ഭരണകൂടം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി പുരോഗതി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ചേംബറില്‍ യോഗം ചേര്‍ന്ന്് വിലയിരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 90 ശതമാനത്തിനടുത്ത്് രേഖകളുടെ ലഭ്യമാക്കല്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പറമ്പിക്കുളത്ത് 2022 നവംബര്‍ അവസാനത്തോടെയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് എ.ബി.സി.ഡി. പദ്ധതിക്ക് ജില്ലാതലത്തില്‍ തുടക്കമിട്ടത്. സര്‍വ്വെ പ്രകാരം രേഖകളില്ലാത്തവര്‍ കൂടുതലായുളള 32 പഞ്ചായത്തുകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്യാമ്പില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് രേഖകള്‍ ലഭ്യമാക്കാനുളള സംവിധാനം ഒരുക്കുമെന്ന്് ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും, റേഷന്‍ കാര്‍ഡ് തുടങ്ങിയവയും ബാങ്ക് അക്കൗണ്ടും പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക്് സജ്ജമാക്കി വരുന്നുണ്ട്. ഐ.ടി.മിഷന്‍, പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ് , ലീഡ് ബാങ്ക്, ജില്ലാതെരഞ്ഞെടുപ്പ് വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരെഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഫോട്ടോ: എ.ബി.സി.ഡി പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം.