പാലക്കാട്: സംസ്ഥാനതല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ ജില്ലാ ടീമിനെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ യുവജനങ്ങളെ കലാ-കായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്ന കേരളോത്സവം ലോകത്തിന് തന്നെ മാതൃകയാണെന്നും വരും തലമുറയെ കൂടി വാര്‍ത്തെടുക്കുന്നതിന് ഇത്തരം പൊതു ഇടങ്ങള്‍ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കലാ-കായിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ല പഠന മേഖലയില്‍ കൂടി മുന്നേറണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനതല കേരളോത്സവത്തില്‍ പാലക്കാട് ജില്ല 511 പോയിന്റോടെയാണ് ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല കായിക മേളയില്‍ 243 പോയിന്റും കലാമേളയില്‍ 268 പോയിന്റുമുള്‍പ്പെടെയാണ് 511 പോയിന്റ് നേടിയത്. 507 പോയിന്റുകള്‍ നേടി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കലാമേളയില്‍ 365 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് ഒന്നാമതെത്തിയത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷഫ്ദര്‍ ഷറീഫ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. റിയാസുദ്ദീന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കലാ-കായിക പ്രതിഭകള്‍ പങ്കെടുത്തു.
ഫോട്ടോ: സംസ്ഥാനതല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ ജില്ലാ ടീം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിനൊപ്പം.