Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (12/1/2023)

സ്മാം പദ്ധതി

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ് നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.സുഭാഷ്, എന്‍.ഗീതാകുമാരി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി

പുതിയ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസില്‍ 10 ദിവസത്തെ ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു.

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 5900 രൂപ കോഴ്‌സ്ഫീ അടച്ചു കീഡിന്റെ വെബ്‌സൈറ്റായ www.kied.info മുഖേന ജനുവരി 13ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0484 2 550 322, 2 532 890, 9605 542 061.

 

ചാര്‍ജ് കുടിശികയുളള കണക്ഷനുകള്‍ വിഛേദിക്കും: വാട്ടര്‍ അതോറിറ്റി

തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വാട്ടര്‍ ചാര്‍ജ് കുടിശികയുളള എല്ലാ ഉപഭോക്താക്കളുടെയും കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും കുടിശികയുളള എല്ലാ ഉപഭോക്താക്കളും കുടിശിക അടച്ചു തീര്‍ത്ത് ഡിസ്‌കണക്ഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ വെളളത്തിന്റെ ദുരുപയോഗം പരമാവധി ഒഴിവാക്കണമെന്നും ആയത് ശ്രദ്ധയില്‍പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

 

ഗതാഗത നിയന്ത്രണം

വെട്ടിപ്പുറം മൈലപ്ര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 15,16 തീയതികളില്‍ ഭാഗികമായും 17,18,19,20 തീയതികളില്‍ പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു

ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്. മലയോര ജില്ലയായ പത്തനംതിട്ടയില്‍ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹചരത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഈ സേവനം സജ്ജമാക്കിയത്. ഈ നേട്ടം കൈവരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശമിച്ച ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 10 ജില്ലകളില്‍ സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അനിയന്ത്രിതമായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും.

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതിനാലാണ് വളരെദൂരം യാത്ര ചെയ്യാതെ ചികിത്സ ലഭിക്കാന്‍ അതത് ജില്ലകളില്‍ തന്നെ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിക്കുന്നത്.

 

സ്പോര്‍ട്സ് ടീം രൂപീകരിക്കുന്നു

സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 28 സ്‌കൂളുകളില്‍ സ്പോര്‍ട്സ് ടീം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി അടൂര്‍ എക്സൈസ് റേഞ്ചിന്റെ പരിധിയിലുള്ള പറക്കോട് അമൃത ഗേള്‍സ് സ്‌കൂളില്‍ വോളിബോള്‍ കോര്‍ട്ടും വിമുക്തി ആലേഖനം ചെയ്ത ടീഷര്‍ട്ട് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ബിന്ദു അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ഡിവിഷന്‍ മാനേജര്‍ എം മഹേഷ്, റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു, എന്‍. ബേബി, പ്രിവനറ്റീവ് ഓഫീസര്‍ എം.കെ. വേണുഗോപാല്‍, അധ്യാപകരായ സി. അനില്‍കുമാര്‍, ജി. ചിന്തു എന്നിവര്‍ പ്രസംഗിച്ചു.

 

കെ.ഐ.പി കനാല്‍ തുറന്നു വിടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം

കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര വലതുകര മെയിന്‍ കനാലുകളിലൂടെയുളള വേനല്‍കാല ജലവിതരണം ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന വിവരം കെ.ഐ.പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുളളതിനാല്‍ കനാലിന്റെ ഇരുകരകളിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

26 ശബരിമല റോഡുകള്‍ കൂടി നവീകരിക്കും; 170 കോടി രൂപ അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ശബരിമലയിലേക്കെത്തുന്നത്. അവര്‍ക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ ശബരിമല റോഡുകള്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത്തവണ തീര്‍ത്ഥാടന കാലം ആരംഭിക്കും മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ നല്ല നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യോഗം ചേര്‍ന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.

മണ്ഡലം: റോഡിന്റെ പേര്, അനുവദിച്ച തുക, പ്രവൃത്തി എന്ന ക്രമത്തില്‍

അരുവിക്കര: നെട്ടാര്‍ചിറ- വെള്ളനാട് – പൂവക്കല്‍, 1290.32 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. കാട്ടാക്കട: പൊങ്ങുംമൂട്- പ്ലാവൂര്‍ റോഡ്, പൊങ്ങുംമൂട് – ആനപ്പാട്, 762.50 ലക്ഷം, ബിസി ഓവര്‍ലേ. കൊട്ടാരക്കര: കരിക്കം- ലോവര്‍ കരിക്കം- ഈയംകുന്ന്- തട്ടം- പ്ലാവില- ഉദയ ജംഗ്ഷന്‍- കോരിത്തുവിള- നെല്ലിക്കുന്നം- കടലവിള റോഡ്, 1200 ലക്ഷം. ബിഎം ബിസി.

കൊട്ടാരക്കര: അമ്പലത്ത്കല ജെറ്റിഎസ് റോഡും അമ്പലത്ത്കല ഇരുമ്പനങ്ങാട് റോഡും- 380 ലക്ഷം, ബിഎം ബിസി. കൊട്ടാരക്കര: പെരുംകുളം- കലയപുരം റോഡ്, 500 ലക്ഷം റോഡ് മെച്ചപ്പെടുത്തല്‍. ആറന്‍മുള: കുമ്പഴ- പ്ലാവേലി റോഡ്, 725 ലക്ഷം, ബിഎം ബിസി. കോന്നി: ഇരപ്പന്‍കുഴി – പ്രമാടം അമ്പലം റോഡ്, 700 ലക്ഷം, ബിഎം ബിസി. റാന്നി: അത്തിക്കയം- കക്കുടുമണ്‍- മന്ദമരുതി റോഡ്, 1255 ലക്ഷം, ബിഎം ബിസി.

ചടയമംഗലം: പാരിപ്പള്ളി മാടത്തറ റോഡ് (നിലമേല്‍) – (കടയ്ക്കല്‍) ചടയമംഗലം മണ്ഡലത്തിലെ അനുബന്ധ പ്രവര്‍ത്തികളും, 1000 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. തിരുവല്ല: മണിപ്പുഴ- പെരിങ്ങര റോഡും മൂവടത്ത്പടി മേപ്രാല്‍ റോഡും 483.5 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പീരുമേട്: 35-ാം മൈല്‍ കെ കെ റോഡ് തെക്കേമല, 850 ലക്ഷം, ബിഎം ബിസി. ചങ്ങനശേരി: 82-ാം മൈല്‍ എം.സി റോഡ്- 5-ാം മൈല്‍ സിഡബ്ലു റോഡ്, 300 ലക്ഷം, ബിസി ഓവര്‍ലേയും അനുബന്ധ പ്രവൃത്തികളും.

കളമശേരി: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 217 ലക്ഷം, റോഡ് റീസര്‍ഫസിംഗ്. കുന്നത്തുനാട്: പെരുമ്പാവൂര്‍ ആലുവ റോഡ്, 649.50 ലക്ഷം, ബിഎം ബിസി. ആലുവ: കരിയാട് മാട്ടൂര്‍ റോഡ് കാരിയാട് ജംഗ്ഷന്‍- എയര്‍പോര്‍ട്ട് ജംഗ്ഷന്‍, 269 ലക്ഷം, ബിഎം ബിസി. കാഞ്ഞിരപ്പള്ളി: കറുകച്ചാല്‍ മണിമല റോഡ്, 600 ലക്ഷം, ബിസി ഓവര്‍ലേ.

ഇടുക്കി: തൊടുപുഴ പുളിയന്‍മല റോഡ്, 369 ലക്ഷം, ബിസി ഓവര്‍ലേ. പുതുപ്പള്ളി: ചേന്നംപള്ളി കുമ്പഴ റോഡ്, 576 ലക്ഷം, ബിഎം ബിസി. അടൂര്‍: പറക്കോട് ഐവര്‍കാല റോഡ്, 1100 ലക്ഷം, ബിഎം ബിസി. പിറവം: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 344 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍.

തൃക്കാക്കര: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 234.2 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പാല: മുത്തോലി- കൊങ്ങാണ്ടൂര്‍ റോഡ്, 800 ലക്ഷം, ബിഎം ബിസി. പെരുമ്പാവൂര്‍: ആലുവ മൂന്നാര്‍ റോഡ്, 902 ലക്ഷം, ബിഎം ബിസി. മൂവാറ്റുപുഴ: മൂവാറ്റുപുഴ – അഞ്ചല്‍പെട്ടി, 200 ലക്ഷം, ബിഎം ബിസി. ആലുവ: പെരുമ്പാവൂര്‍ ആലുവ റോഡ് പകലോമറ്റം-തോട്ടമുഖം ബ്രിഡ്ജ്, 512.5 ലക്ഷം, ബിഎം ബിസി, ഇടുക്കി: തങ്കമണി- നീലിവയല്‍- പ്രകാശ് റോഡ്, 733.90 ലക്ഷം, ബിഎംബിസി.

 

ചൂട് കൂടുന്നു മുന്‍കരുതല്‍ വേണം: ഡിഎംഒ

ജില്ലയില്‍ അന്തരീക്ഷതാപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ്കുറയുക, അബോധാവസ്ഥ എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുത്. പ്രായമായവര്‍, ചെറിയകുട്ടികള്‍, ഗുരുതരരോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. ഉപ്പിട്ടകഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന സമയങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കട്ടികുറഞ്ഞതും, ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. വേനല്‍ക്കാലത്ത് സൂര്യാതപത്തിനൊപ്പം പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്എ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.’ വെള്ളം ശേഖരിച്ചു വെയ്ക്കുന്നവര്‍ കൊതുക് കടക്കാതെ പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!