പത്തനംതിട്ട: മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തിൽ രേവതി നാൾ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് കൊട്ടാരം കുടുംബാഗങ്ങൾക്ക് അശുദ്ധിയായതിനാൽ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല. വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടൻതന്നെ ക്ഷേത്രം അടച്ച് ദർശനത്തിനായി വെച്ചിരുന്ന ആഭരണങ്ങൾ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കൾ പെട്ടിയിലാക്കി ക്ഷേത്രത്തിന് പുറത്തെക്കെടുത്തു. ഘോഷയാത്ര ഒരുമണിക്ക് തന്നെ പുറപ്പെട്ടു. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു.
പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകുന്നേരമാണ് ശബരിമലയിലെത്തിച്ചേരുന്നത്. സന്ധ്യയിൽ ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് ആഭരണങ്ങൾ ശ്രീകോവിലിനു മുമ്പിൽ ഭക്തർക്ക് ദർശനത്തിനായി തുറന്നുവെച്ചു.
ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ദേവസ്വം ഓഫീസിൽ സൂക്ഷിച്ച പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റി ഘോഷയാത്ര പുറപ്പെട്ടു.
കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം ആദ്യ ദിവസം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണങ്ങൾ ശബരീശ വിഗ്രഹത്തിൽ ചാർത്തും. ശബരിമലയിൽ രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും അശുദ്ധികാരണം ഇത്തവണ ഉണ്ടാകില്ല.
പത്തനംതിട്ട എ.ആർ. ക്യാമ്പിലെ അസി: കമാൻഡന്റ് എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും, ബോംബ് സ്‌ക്വാഡും തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ., ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ വി.എസ്. ശ്രീകുമാർ, പത്തനംതിട്ട എഡിഎം ബി. രാധാകൃഷ്ണൻ, മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എംഎൽഎമാരായ എ. പത്മകുമാർ, കെ.കെ. ഷാജു, മാലേത്ത് സരളാദേവി, പന്തളം നഗരസഭ ചെയർപേഴ്‌സണൽ സുശീല സന്തോഷ്, അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കൾ സന്നിഹിതരായിരുന്നു.