Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (16/1/2023)

ചര്‍മ മുഴ രോഗം

എല്ലാ പശുക്കള്‍ക്കും ഒരുമാസത്തിനകം കുത്തിവയ്പ്പ് – മന്ത്രി ജെ. ചിഞ്ചുറാണി

ചര്‍മ മുഴ രോഗം ഇല്ലാതാക്കുന്നത് ലക്ഷ്യമാക്കി സംസ്ഥാനത്തുള്ള പശുക്കള്‍ക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വാക്‌സിന്‍ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചര്‍മ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചു കഴിഞ്ഞു. മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജില്ലയില്‍ ചര്‍മ മുഴ കുത്തിവയ്പ്പിനായി 120 സ്‌ക്വാഡുകളുണ്ട്. ഒരു ലക്ഷത്തിലധികം പശുക്കളാണ് ജില്ലയില്‍. അവയ്ക്കായി 86,650 ഡോസ് വാക്‌സിന്‍ സംഭരിച്ചു. വൈറസ് രോഗമായതിനാല്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. രോഗനിര്‍ണയത്തിനായി സംസ്ഥാന മൃഗരോഗനിര്‍ണയ കേന്ദ്രത്തെ ആധുനീകരിക്കും.

നായ്ക്കളുടെ വന്ധ്യംകരണവും പേവിഷ പ്രതിരോധകുത്തിവയ്പ്പും ശക്തിപ്പെടുത്തി. തദ്ദേശീയവാക്‌സിന്‍ വികസിപ്പിക്കുന്നതിന് ബയളോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിട്ടുമുണ്ട്.

രോഗബാധയിലൂടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കുന്നു. പക്ഷിപ്പനിയിലൂടെയുള്ള നഷ്ടം നികത്താന്‍ നാലു കോടി രൂപ, പന്നികര്‍ഷകര്‍ക്ക് 86 ലക്ഷം എന്നിങ്ങനെ ലഭ്യമാക്കി.

വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള മുട്ടക്കോഴി വളര്‍ത്തലിനായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും അവയെ ലഭ്യമാക്കുകയാണ്. 10 കോഴിയും കൂടും നല്‍കുന്ന പദ്ധതിയുടെ ചിലവായ 15,000 രൂപയില്‍ 9,500 രൂപയും ഗുണഭോക്താവിന് സബ്‌സിഡിയായി നല്‍കുകയാണ്. ജില്ലയില്‍ 170 പേര്‍ക്കാണ് നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, കൗണ്‍സിലര്‍ ബി. ഷൈലജ, എ.ഡി.സി.പി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. സിന്ധു, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രിയ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. വി. സുകുമാരന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നല്ല ഭാവി നല്ല ശീലം; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ‘നല്ല ഭാവി നല്ല ശീലം’ വിഷയത്തില്‍പടിഞ്ഞാറെകല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് ക്യാമ്പയിന്‍.

എക്‌സൈസ് ഉദ്യോഗസ്ഥരായ അശ്വന്ത് എസ്. സുന്ദരം, ആര്‍. ശ്രീമോള്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. പ്രഥമാധ്യാപകന്‍ പി.ഒ.സണ്ണി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അഞ്ചര കിലോഭാരമുളള ട്യൂമര്‍ നീക്കം ചെയ്ത് ജില്ലാ ആശുപത്രിയിലെ വിദഗ്ധ സംഘം

അഞ്ചര കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ജില്ലാ ആശുപത്രിയിലെ വിദഗ്ധര്‍. ആഹാരം കഴിക്കാനാകാതെ ബുദ്ധമിട്ടിയും കാലില്‍ നീരുബാധിച്ചും ചികിത്സ തേടിയ ജോനകപ്പുറം സ്വദേശിയായ 56 വയസ്സുള്ള സോഫിയക്കാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രോഗവിമുക്തി ഉറപ്പാക്കിയത്.

ഇന്‍ട്രാഅബ്ഡോമിനല്‍ ലിപ്പോമറ്റോസിസ് രോഗബാധിതയായിരുന്നു സോഫിയ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജഗത്കുമാര്‍ വ്യക്തമാക്കി. സാധാരണയില്‍ നിന്ന് വലുപ്പമുള്ള മുഴ ആയതിനാല്‍ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സമാന രീതിയിലുള്ള ശസ്ത്രക്രിയകള്‍ക്ക് ജില്ലാ ആശുപത്രിയിലെ വിദഗ്ധസംഘം സജ്ജമാണെന്നും അറിയിച്ചു. അനസ്‌തേഷ്യവിഭാഗം ഡോക്ടര്‍മാരായ ഡോ. ശ്രീജ, ഡോ. ബബിത, ഹൗസ് സര്‍ജന്‍ ഡോ. ആഷ്ലി, നേഴ്‌സുമാരായ ജയ, ധന്യ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രയിയില്‍ സഹായത്തിനുണ്ടായിരുന്നതെന്നും പറഞ്ഞു.

 

ദേശീയ വിരവിമുക്ത ദിനം ഇന്ന് (ജനുവരി 17)

ജില്ലയില്‍ 5,42,415 കുട്ടികള്‍ക്ക് ഗുളിക നല്‍കും

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് (ജനുവരി 17) ഒരു വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള 5,42,415 കുട്ടികള്‍ക്ക് വിരക്കെതിരെയുള്ള ഗുളിക അതാത് വിദ്യാലയങ്ങളിലുടെയും അങ്കണവാടികളിലുടെയും നല്‍കും. ജില്ലാതല ഉദ്ഘാടനം പൂവറ്റൂര്‍ ദേവിവിലാസം എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റ്റി ഇന്ദുകുമാര്‍ നിര്‍വ്വഹിക്കും. ഗുളികവിതരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

വിരകളെ നശിപ്പിക്കാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ കഴിക്കുന്നതാണ് ഉചിതം. ഒരു വയസ്സു മുതല്‍ രണ്ട് വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം), രണ്ട് മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം) തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് നല്‍കാം.

മൂന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ചഭക്ഷണത്തിനു ശേഷമാണ് നല്‍കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് ജനുവരി 24 പ്രയോജനപ്പെടുത്താം.

വിരബാധയുടെ ലക്ഷണങ്ങള്‍

മലദ്വാരത്തില്‍ ചൊറിച്ചില്‍, മലത്തിലും ഛര്‍ദ്ദിയിലും വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തില്‍ രക്തം എന്നിവയാണ് ലക്ഷണങ്ങള്‍.

പകരുന്ന വിധം

നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലംകലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധയുണ്ടാകാം.

തടയാനുള്ള മാര്‍ഗം

ഭക്ഷണത്തിന് മുമ്പും ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കണം. മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കണം. കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റണം. പാദരക്ഷകള്‍ നിര്‍ബന്ധം. ഭക്ഷണം അടച്ച് സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണം എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും – മാനേജ്‌മെന്റ് കമ്മിറ്റി

ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം പരാതിരഹിതമായും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി. ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുകയാണ്. സ്‌കാനിംഗ് മെഷീനിന്റെ തകരാര്‍ പരിഹരിച്ചു. പുതിയ മെഷീന്‍ പരമാവധി പേര്‍ക്ക് പ്രയോജനകരമാം വിധമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ജീവനക്കാരുടെ എണ്ണത്തിലെ പരിമിതി മറികടക്കാന്‍ നടപടി സ്വീകരിക്കുകയാണ്. മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനുമതിയോടെ താത്ക്കാലിക നിയമനങ്ങള്‍ നടത്തിയാണ് പ്രവര്‍ത്തനം സുഗമമാക്കുന്നത്. ആവശ്യാനുസരണം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആധുനീകരണം നടപ്പിലാക്കുന്നതിനുമുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്.

 

അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന സമിതിയും ചേര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പോത്തുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി, ഓച്ചിറ, ക്ലാപ്പന, തഴവ, കുലശേഖരപുരം, തൊടിയൂര്‍, ആലപ്പാട്, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, തേവലക്കര, പ•ന, ചവറ, തെക്കുംഭാഗം, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 334 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അപേക്ഷ ജനുവരി 20നകം പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെടുന്ന മൃഗാശുപത്രികളില്‍ നല്‍കണം. ഫോണ്‍: 0474-2793464.

 

അപേക്ഷ ക്ഷണിച്ചു

കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് പുനലൂര്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന പ്രവേശനത്തിന് അപേക്ഷിക്കാം. (പ്രാക്തനഗോത്രവര്‍ഗ്ഗക്കാരെ വാര്‍ഷിക വരുമാനപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്) അപേക്ഷാ ഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും കുളത്തുപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന www.stmrs.in വെബ്‌സൈറ്റ് വഴിയും അയക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് പുനലൂര്‍ ജില്ലാ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുളത്തുപ്പുഴയിലോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍:0475-2222353.

 

അപേക്ഷ ക്ഷണിച്ചു

സമൂഹമാധ്യമ അവബോധം ലക്ഷ്യമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.

ഭക്ഷണം, താമസം ഉള്‍പ്പെടെ 2950 രൂപയാണ് ഫീസ്. www.kied.info വെബ്‌സൈറ്റില്‍ ജനുവരി 31നു മുന്‍പ് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍ : 0484 2532890/2550322

 

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാതല സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) ഭിന്നശേഷി കുട്ടികള്‍ക്ക് ഡയപ്പര്‍, വാട്ടര്‍ബെഡ്, തെറപ്പി മാറ്റ്, എയര്‍ബെഡ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് വൈകിട്ട് നാല് മണി വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794098.

 

ടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794098.

 

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നാളെ (ജനുവരി 18)

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ) യോഗം നാളെ (ജനുവരി 18) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ടെന്‍ഡര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹ്യആരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ക്കായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് ഒരുമണിവരെ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2467167.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊല്ലം അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 20 ഉച്ചയ്ക്ക് രണ്ടുമണിവരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2740590, 9188959663.

error: Content is protected !!