നാട്ടാന പരിപാലനം; യോഗം ചേര്‍ന്നു
ഉത്സവകാലത്തോടനുബന്ധിച്ച് നാട്ടാന പരിപാലനം ചട്ടം നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ജില്ലാതല സമിതി യോഗം ചേര്‍ന്നു. ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂ. ആനകളുടെ വിവരങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉത്സവത്തിനു മുന്നോടിയായി പോലീസ്, ഫോറസ്റ്റ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ആനകളുടെ ആരോഗ്യ പരിശോധനയും നടത്തിയിരിക്കണം.
രാവിലെ 11 നും വൈകിട്ട് നാലിനും ഇടയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി ഇല്ല. ആനകളെ ടാര്‍ റോഡ് വഴി കൊണ്ടുപോകുമ്പോള്‍ ഇടയ്ക്കിടെ തണുത്ത വെള്ളം ഒഴിച്ച് റോഡ് നനയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ക്ഷേത്രാങ്കണത്തിലും മറ്റും ആനകളെ ചടങ്ങുകള്‍ക്കായി അണിനിരത്തുമ്പോള്‍ നിശ്ചിത അകലം പാലിക്കണം. ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പോലീസിനും നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം, ഉദ്യോഗസ്ഥര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളും: ജില്ലാ ആശുപത്രി എച്ച്.എം.സി
ജില്ലാ ആശുപത്രിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. അടിസ്ഥാനരഹിയമായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, മെമ്പര്‍ സെക്രട്ടറി ഡോ. ഡി. വസന്തദാസ് എന്നിവര്‍ പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ആശുപത്രിയിലെ നിയമനങ്ങള്‍, കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം, എം.ആര്‍.ഐ സ്‌കാനിന്റെ തകരാര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വ്യാജവാര്‍ത്തകള്‍. ആശുപത്രിയുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് നടക്കുന്നത്. എം ആര്‍.ഐ സ്‌കാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സാങ്കേതികം ആയിരുന്നു, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനിയുമായി ചേര്‍ന്ന് അവ പരിഹരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. പരാതി അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹൃദ്രോഗ വിഭാഗവുമായി ബന്ധപ്പെട്ട ന്യൂനതകള്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങളും സജ്ജമാക്കിയെന്നും വ്യക്തമാക്കി.
സങ്കീര്‍ണമായ ശസ്ത്രക്രിയ കുറഞ്ഞ ചിലവില്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വിദഗ്ദ്ധസംഘം. കുറഞ്ഞ ചിലവിലാണ് ശസ്ത്രക്രിയ നടത്തിയത്. പെരുംകുളം സ്വദേശിനിയായ 70 വയസ്സുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ആഹാരം കഴിക്കാനാകാത്ത അവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് പരിശോധനയില്‍ പിത്താശയത്തിലും പിത്തനാളിയിലും രണ്ട് സെന്റിമീറ്ററോളം വലുപ്പത്തില്‍ കല്ലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചത്.
സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാനാകാത്ത രോഗിക്ക് താലൂക്ക് ആശുപത്രി കൈത്താങ്ങായി. കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. ജി.വിനുവിന്റെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ. പിത്തനാളിയിലെ കല്ലുകള്‍, പിത്താശയം എന്നിവ നീക്കം ചെയ്തു. പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ടി ട്യൂബ് കോളന്‍ജിയോഗ്രാം സംവിധാനത്തിലൂടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ സജീവ്, മനുരാജ്, സര്‍ജ•ാരായ ഡോ.വിവേക്, ഡോ.നദിയ, സിസ്റ്റര്‍ റീജ എന്നിവരും പങ്കെടുത്തു.
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈ സ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ‘നല്ല ഭാവി നല്ല ശീലം’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ഹരിലാല്‍, മാത്യു പോള്‍ എന്നിവര്‍ ക്ലാസ്് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ബാബു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി കോടതി കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന് (ജനുവരി 18)
കരുനാഗപ്പള്ളിയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ കരുനാഗപ്പള്ളി പട:നോര്‍ത്തിലെ കെ.സി സെന്റര്‍ അനക്‌സ് വാടക കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 18) രാവിലെ 9.30ന് ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഓണ്‍ലൈനായി നിര്‍വഹിക്കും.
ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി, സബ് , മുന്‍സിഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്് മജിസ്‌ട്രേറ്റ് കോടതികള്‍ എന്നിവയാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ബി സ്‌നേഹലത അധ്യക്ഷയാകും എ.എം ആരിഫ് എംപിയും സി.ആര്‍ മഹേഷ് എംഎല്‍എയും മുഖ്യപ്രഭാഷണം നടത്തും.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യല്‍ ജഡ്ജ് വി.ഉദയകുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഫ്. മിനിമോള്‍, കൗണ്‍സിലര്‍ റെജി ഫോട്ടോപാര്‍ക്ക്, കരുനാഗപ്പള്ളി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി. അഭയകുമാര്‍, സെക്രട്ടറി ബി.ബിനു, അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രായോഗിക പരീക്ഷ
വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-രണ്ട് (എല്‍.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഡയറക്ട് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 19/21, 20/21) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പ്രായോഗിക പരീക്ഷ (എച്ച് ആന്‍ഡ് റോഡ് ടെസ്റ്റ് ) ജനുവരി 23, 24, 25 തീയതികളില്‍ രാവിലെ 5:30 മുതല്‍ ആശ്രമം മൈതാനത്ത് നടത്തും. വ്യക്തിഗത അറിയിപ്പ് ലഭിച്ചവര്‍ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അസല്‍ ഡ്രൈവിംഗ് ലൈസന്‍സ് സഹിതം പരീക്ഷ ദിവസം രാവിലെ 5:30ന് ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി പി.എം.എഫ്.എം.ഇ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി ചിലവിന്റെ 35 ശതമാനം വായ്പാബന്ധിത മൂലധന സബ്‌സിഡിയായി പരമാവധി 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. വിവരങ്ങള്‍ കൊല്ലം താലൂക്ക് വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9074476943.
ദര്‍ഘാസ് ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ വിഭാഗത്തിലേക്ക് ടൂള്‍സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് 2.30 നകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം- 691574 വിലാസത്തില്‍ ദര്‍ഘാസ് സമര്‍പ്പിക്കണം. ഫോണ്‍ – 0474 2572574, 0474 2572572.
അപേക്ഷ ക്ഷണിച്ചു
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ തസ്തികകളിലേക്ക് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ജനുവരി 27നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹികാരോഗ്യകേന്ദ്രം, വെളിനല്ലൂര്‍, ഓയൂര്‍ പി.ഒ 691510 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2467167.
ടെന്‍ഡര്‍ ക്ഷണിച്ചു
തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സി/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ :8086000911.
ദര്‍ഘാസ് ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ വിഭാഗത്തിലേക്ക് സ്പെയേഴ്‌സ്/അക്സസറീസ് ഫോര്‍ എക്സിസ്റ്റിംഗ് മെഡിക്കല്‍ എക്യുപ്മെന്റ്സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 20 ഉച്ചയ്ക്ക് രണ്ടരയ്ക്കകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം- 691574 വിലാസത്തില്‍ ദര്‍ഘാസ് സമര്‍പ്പിക്കണം. ഫോണ്‍ – 0474 2572574, 0474 2572572.
തീയതി മാറ്റി
ലീഗല്‍ മെട്രോളജി സര്‍ക്കിള്‍-രണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലെ ഇന്ന് (ജനുവരി 18) നടത്താനിരുന്ന ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകളുടെ പുന:പരിശോധനയും മുദ്രവയ്പ്പും ജനുവരി 25ലേക്ക് മാറ്റി.
തൊഴിലധിഷ്ഠിത കോഴ്‌സ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെനിക്ക് കോളജില്‍ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ബ്യൂട്ടീഷ്യന്‍ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി ജനുവരി 30. ഫോണ്‍: 9496846522.
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന യൂത്ത് ടെക് പദ്ധതി പ്രകാരം സാങ്കേതിക യോഗ്യതയുള്ള സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐടിഐ/ ഡിപ്ലോമ/ എന്‍ജിനീയറിങ്/ എംബിഎ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി. സംരംഭകര്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനം, പരമാവധി ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കുന്നതാണ്. വിശദമായ പദ്ധതി രേഖ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പഞ്ചായത്ത് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ രേഖകള്‍ എന്നിവ സഹിതം ജനുവരി 25 നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍ : 0474 2748395.
ടെണ്ടര്‍ ക്ഷണിച്ചു
കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിലെ 121 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 28 ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം . ഫോണ്‍: 8281999102.
യോഗം നാളെ (ജനുവരി 19)
ജില്ലയിലെ 11-ാമത് കാര്‍ഷിക സെന്‍സസ് സംബന്ധിച്ച് നാളെ (ജനുവരി 19) ഉച്ചയ്ക്ക് മൂന്നു മണിക്ക് ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം കളക്ടറുടെ ചേമ്പറില്‍ നടത്തും.
അപേക്ഷ ക്ഷണിച്ചു
വിക്ടോറിയ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡി.ഫാം/ബി. ഫാമും, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ജനുവരി 30 വൈകിട്ട് നാലിനകം സൂപ്രണ്ട്, വിക്ടോറിയ ആശുപത്രി കൊല്ലം ,691001 മേല്‍വിലാസത്തില്‍ ഹാജരാക്കണം. ഫോണ്‍ 0474 2752700.
അഭിമുഖം ജനുവരി 21 ന്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ജനുവരി 21 രാവിലെ 10.30ന് അഭിമുഖം നടത്തും. അടിസ്ഥാന യോഗ്യത പ്ലസ് ടു. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 8281359930, 7012212473.