Input your search keywords and press Enter.

ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിന് ജില്ലാ സമിതി രൂപീകരിക്കും

കൊല്ലം: ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കായലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനാണ് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കുക. പദ്ധതികള്‍ക്ക് കാലതാമസം അനുവദിക്കില്ല. സമിതി പ്രതിമാസം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

കായല്‍ തീരത്ത് നിന്നും പൈപ്പുകള്‍ മാറ്റാന്‍ നടപടി എടുത്തതിന് യോഗം കളക്ടറെ അഭിനന്ദിച്ചു. കായലിന് ചുറ്റുമുള്ള അക്കേഷ്യ മരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കളക്ടര്‍ ചുമതലപ്പെടുത്തി. സി.ആര്‍.ഇസഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും. കായലിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് തടയും. കായലില്‍ നിന്നും മണ്ണ്, പായല്‍ എന്നിവ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണന്‍, പി.എം.സെയ്ദ്, ആര്‍.ഗീത, കായല്‍ സംരക്ഷണ കൂട്ടായ്മ പ്രസിഡന്റ് എസ്.ദിലീപ്കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം

error: Content is protected !!