Input your search keywords and press Enter.

സമ്പൂര്‍ണവികസനത്തിന് ദുരിതമനുഭവിക്കുന്നവരെ കൂടി ചേര്‍ത്തുപിടിക്കണം: മന്ത്രി സജി ചെറിയാന്‍

കൊല്ലം: വികസനം സമ്പൂര്‍ണമായി സാക്ഷാത്കരിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ദുരിതമനുഭവിക്കുന്നവരെ കൂടി ചേര്‍ത്തുപിടിക്കണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇവ രണ്ടും നടപ്പാക്കുന്നതില്‍ മികച്ച മാതൃകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്. ‘ആയൂര്‍ പാലിയം’, ‘പാരാമെഡിക്കല്‍ ടെക്’ പദ്ധതികള്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സാന്ത്വന പരിചരണത്തിന് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടയിലാണ് സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചത്. സഹജീവികളോട് കരുതലും സ്‌നേഹവും പരിഗണനയും ഹൃദയത്തില്‍ നിന്ന് പ്രാവര്‍ത്തികമാക്കണം. പാലിയേറ്റീവ് രോഗികളോടുള്ള കുടുംബക്കാരുടെ മനോഭാവത്തിലും മാറ്റം വരുത്തണം. ഇതിന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാന്ത്വന പരിചരണ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും. ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകള്‍ കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ചികിത്സ സംവിധാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം. ഇന്‍ഷുറന്‍സ് കവറേജ് പദ്ധതി രൂപീകരിച്ച് ചികിത്സ ഉറപ്പാക്കണം. ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൂടുതല്‍ ഓപ്പണ്‍ ജിമ്മുകള്‍ സജ്ജമാക്കണം. യുവതലമുറയുടെ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം. ഇത്തരത്തില്‍ ആരോഗ്യപരിപാലനം 100 ശതമാനം പൂര്‍ത്തിയാക്കാമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ പാലിയേറ്റീവ് കെയര്‍ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികള്‍ക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മികച്ച പരിചരണം നല്‍കുന്ന പദ്ധതിയാണ് ‘ആയൂര്‍ പാലിയം’. കൂടുതല്‍ ശ്രദ്ധയും നിരന്തരപരിചരണവും ആവശ്യമുള്ള രോഗികള്‍ക്ക് പരിമിതികള്‍ കൂടാതെയുള്ള ഗൃഹകേന്ദ്രീകരണ പരിചരണമാണ് ലക്ഷ്യം. ജില്ലയിലെ ബ്ലോക്കുകളില്‍ മെഡിക്കല്‍ ഓഫീസര്‍, പാലിയേറ്റീവ് നഴ്സ്, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ടീം ഗൃഹസന്ദര്‍ശനം നടത്തിയാണ് പരിചരണം ഉറപ്പാക്കുന്നത്. പദ്ധതി പ്രകാരം എട്ടു വീതം മെഡിക്കല്‍ ഓഫീസര്‍, നഴ്സ്, തെറാപ്പിസ്റ്റ് എന്നിവര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവ് കൈമാറിയത്.

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പാസായ വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌റ്റൈപ്പന്റോടുകൂടി അപ്പ്രന്റിഷിപ്പ് നിയമനം നല്‍കുന്ന പദ്ധതിയാണ് ‘പാരാമെഡിക്കല്‍ ടെക്’. അനസ്‌തെറ്റിക് ടെക്‌നീഷ്യന്‍, ഒഫ്താല്‍മിക് അസിസ്റ്റന്റ്, തീയറ്റര്‍ ടെക്‌നീഷ്യന്‍, ഡെന്റല്‍ മെക്കാനിക്, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങി 65 പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നിയമന ഉത്തരവ് നല്‍കി.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ പി.കെ ഗോപന്‍, ജെ.നജീബത്ത്, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എഫ്. അസുന്തമേരി, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ പഞ്ചായത്തിന്റെ ‘ആയൂര്‍ പാലിയം’, ‘പാരാമെഡിക്കല്‍ ടെക്’ പദ്ധതികള്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു

error: Content is protected !!