Input your search keywords and press Enter.

മികച്ച ജാഗ്രതാ സമിതിക്ക് വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കും

പാലക്കാട്: ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ജാഗ്രതാ സമിതിക്ക് വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കുമെന്ന് കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാ മണി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജീവമായാല്‍ കുറേയധികം പരാതികള്‍ പ്രദേശത്ത് തന്നെ പരിഹരിക്കാനാകുമെന്ന് കമ്മിഷന്‍ വിലയിരുത്തി. ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നത് ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

സംസ്ഥാന തലത്തില്‍ 14 സെമിനാറുകള്‍, ജില്ലാതലത്തില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തി ജില്ലാതല സെമിനാര്‍, ഇരുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല സബ്ജില്ലാ സെമിനാറുകള്‍ എന്നിവ നടത്തി വരികയാണ്. കൂടാതെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലാലയ ജ്യോതി എന്ന പേരില്‍ ബോധവത്ക്കരണ ക്ലാസുകള്‍, സംശയനിവാരണം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഫേസ് ടു ഫേസ്, പ്രിമാരിറ്റല്‍ കൗണ്‍സലിങ് തുടങ്ങിയവയും നടത്തി വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ 80 ശതമാനത്തോളം പൂര്‍ത്തിയായതായി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാ മണി പറഞ്ഞു.

കുടുംബബന്ധ ശിഥിലീകരണം, സാമ്പത്തിക ഇടപാട്, വസ്തു തര്‍ക്കം, കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കാതിരിക്കല്‍, ബന്ധം വേര്‍പിരിഞ്ഞ് ഭര്‍ത്താവ് കുട്ടികള്‍ക്ക് സഹായം നല്‍കാതിരിക്കല്‍ ഉള്‍പ്പെടെ 30 കേസുകളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനും രണ്ടെണ്ണം കൗണ്‍സിലിങ്ങിനും മാറ്റിവച്ചു. ബാക്കി പത്ത് കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.

വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കമ്മിഷന്‍ ഡയറക്ടര്‍ പി.ബി രാജീവ്, അഭിഭാഷകരായ അഡ്വ. സി. രമിക, അഡ്വ. സി. ഷീബ, കൗണ്‍സിലര്‍മാരായ സ്റ്റഫി എബ്രഹാം, സിംബിള്‍ മരിയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിജയം, വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സജിത, കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, ബി.എസ് പ്രവീണ്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ പഞ്ചായത്തില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിങ്.

error: Content is protected !!