Input your search keywords and press Enter.

വലിച്ചെറിയല്‍ മുക്ത കേരളം; ഒന്നാം ഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

പാലക്കാട്: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ഒന്നാം ഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്ഥാപന മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 26 ന് തദ്ദേശ സ്വയംഭരണ-വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ പൊതുയിട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ശുചീകരണ യജ്ഞത്തില്‍ ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, സ്ഥാപന ഉടമകള്‍, കച്ചവടക്കാര്‍, യുവജന സംഘടനകള്‍, ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ പങ്കാളികളാക്കും. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ശ്രാവണ്‍, കെല്‍ട്രോണ്‍ ജില്ലാ പ്രധിനിധി ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ ആദ്യ തദ്ദേശ സ്ഥാപനമായ അകത്തേത്തറ ഗ്രാമപഞ്ചായത്തിനെ പരിപാടിയില്‍ ആദരിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍, റിസോഴ്‌സ് പേഴ്‌സന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: നവകേരളം കര്‍മ്മ പദ്ധതി ‘വലിച്ചെറിയല്‍ മുക്ത കേരളം’ ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!