Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (20/1/2023)

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: എന്‍ട്രികള്‍ ജനുവരി 30വരെ സ്വീകരിക്കും

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2023 ജനുവരി 30-വരെ സമര്‍പ്പിക്കാം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.

റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.

ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10 x 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000/ രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക. ജനുവരി 30ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.

 

സംസ്ഥാന ക്ഷീരസംഗമം അദാലത്ത്

സംസ്ഥാന ക്ഷീരസംഗമം 2022-23നോട് അനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെഡിഎഫ്ഡബ്ല്യൂഎഫ്, കെഎല്‍ഡിബി മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനായി ജില്ലാതലത്തില്‍ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.

ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു / കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍, മില്‍മയും സംഘങ്ങളും, വിതരണക്കാര്‍/ ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തിലേക്ക് നല്‍കാം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കളക്ട്രേറ്റ് മൂന്നാംനില, പത്തനംതിട്ട- എന്ന വിലാസത്തിലോ [email protected] ഇ-മെയിലിലോ 9539 034 112 എന്ന നമ്പരിലേക്കോ ഈ മാസം 25ന് മുമ്പായി നല്‍കണം.

 

കെട്ടിട നികുതി

സര്‍ക്കാര്‍ പിഴപലിശ ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി ഒടുക്കാനുള്ള നികുതി ദായകരെല്ലാം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2 350 229

 

പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ

ജില്ലയില്‍ നെടുമ്പ്രം, തിരുവല്ല ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടേറ്റില്‍ ആര്‍.ആര്‍.ടിയോഗം കൂടി. മൃഗസംരക്ഷണവകുപ്പ്, പോലീസ്, വനംവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടിയുടെ മൂന്ന് ടീമുകളുടെ നേതൃത്വത്തില്‍ കളളിംഗ് നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ വിതരണം ചെയ്യുകയും ചെയ്തു. നെടുമ്പ്രം, ചാത്തങ്കരി മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 170 പേര്‍ക്ക് ഫീവര്‍ നടത്തുകയും, പനി, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തിയ മൂന്നു പേര്‍ക്ക് ഒസള്‍ട്ടാമിവിര്‍ നല്‍കുകയും, സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്പക്ഷിപ്പനി. സാധാരണയായി പക്ഷികളെയാണ് രോഗം ബാധിക്കുന്നതെങ്കിലും ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും രോഗബാധ ഉണ്ടായേക്കാം. പനി, തലവേദന, ചുമ, ശരീരവേദന, ക്ഷീണം, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാകം ചെയ്തു മാത്രം ഭക്ഷിക്കുക. അണുബാധയുള്ള പക്ഷികള്‍, അവയുടെവിസര്‍ജ്യം, ജഡം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കയ്യുറകള്‍ തൊപ്പി, ബൂട്ടുകള്‍ എന്നിവ ധരിക്കേണ്ടതാണ്. താറാവ്, കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും പക്ഷികള്‍ക്ക് രോഗബാധയുണ്ടായാല്‍ വെറ്റിനറി, ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അവയെനശിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

അടൂര്‍ ജനറല്‍ ആശുപത്രി വികസന യോഗം ചേര്‍ന്നു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 14.64 കോടി ചെലവഴിച്ച് കിഫ്ബി നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും 13 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മാതൃശിശു ബ്ലോക്കിന്റെയും 1.21 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുളള വാര്‍ഡിന്റെയും 90 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും 1.2 കോടി ചെലവഴിച്ച് ചെയ്യുന്ന ഒ.പി നവീകരണത്തിന്റെയും ഉദ്യോഗതല മീറ്റിംഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശവും നല്‍കി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.ജെ മണികണ്ഠന്‍, പി.ഡബ്യൂ.ഡി കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, എന്‍.എച്ച്.എം എഞ്ചിനീയര്‍, കിഫ്ബി ഹൈറ്റ്സ്, വാപ്കോസ്, കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് പ്രതിനിധികള്‍, പി.ആര്‍.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മാരാമണ്‍ കണ്‍വന്‍ഷന്‍: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി വീണാ ജോര്‍ജ്

തീരം കെട്ടുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു

128 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പമ്പാ നദിയുടെ മാരാമണ്‍ തീരം കെട്ടി സംരക്ഷിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും മികച്ച ഏകോപനത്തില്‍ മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കും. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കണ്‍വന്‍ഷനായതുകൊണ്ട് തന്നെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും. ചെറുകോല്‍പ്പുഴ – മുട്ടുമണ്‍ റോഡ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും, അനധികൃതമായി നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയെന്നും അതേ ഏകോപനം മാരാമണ്‍ കണ്‍വന്‍ഷന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു കുറവുമുണ്ടാകില്ല. കണ്‍വന്‍ഷന്‍ നഗറിലെത്തുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള കുറവുകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കും. കോവിഡിന് ശേഷമുള്ള കണ്‍വന്‍ഷനായതുകൊണ്ട് ജനബാഹുല്യം വളരെയേറെ വലുതായിരിക്കുമെന്നും അതിന് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പരിമിതികള്‍ക്കിടയിലും ഫലപ്രദമായ രീതിയില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ള ഈ വര്‍ഷം കുറ്റമറ്റ രീതിയില്‍ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കണമെന്നും രണ്ട് മന്ത്രിമാരുടേയും സാന്നിധ്യം ആശ്വാസവും പ്രചോദനകരവുമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയില്‍ നടത്തും. ആരോഗ്യ വകുപ്പ് ഐഇസി സ്റ്റാള്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിക്കും. കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹോട്ടലുകളില്‍ പരിശോധന നടത്തും. കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. കണ്‍വന്‍ഷന്‍ നഗറില്‍ താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നടത്തും. ഇതിനായി 250 പൊലീസ് ഉദ്യോഗസ്ഥരെ കണ്‍വന്‍ഷന്‍ നഗറിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിനിയോഗിക്കും. പോലീസ് കണ്‍ട്രോള്‍ റൂം കണ്‍വന്‍ഷന്‍ നഗറില്‍ ആരംഭിക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പ്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതിനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കും. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പവലിയന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിക്കും.

കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും. പൊടി ശല്യം നിയന്ത്രിക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ വെള്ളം തളിക്കും. റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. കണ്‍വന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും. ആറ് ടാങ്കുകള്‍, താത്കാലിക ടാപ്പുകള്‍ എന്നിവ സ്ഥാപിക്കും. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജലപരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തും. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അനീഷ് കുന്നപ്പുഴ, അജി അലക്‌സ്, കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി പി ഈശോ, മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യുസ്, ട്രഷറര്‍ ജേക്കബ് സാമുവേല്‍, കറസ്പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, സഞ്ചാര സെക്രട്ടറി റവ. സജി പി സൈമണ്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കഴിവുകള്‍ക്ക് അതിരുകള്‍ ഇല്ല : ഡെപ്യൂട്ടി സ്പീക്കര്‍

കഴിവുകള്‍ക്ക് അതിരുകള്‍ ഇല്ലന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കലോത്സവത്തില്‍ കുട്ടികള്‍ കാഴ്ചവയ്ക്കുന്നത് എന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. പുഷ്പവല്ലി, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍നായര്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബീനാപ്രഭ, കൃഷ്ണകുമാര്‍, ശ്രീനാദേവികുഞ്ഞമ്മ, വി.റ്റി. അജോമോന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷന്‍ ജേക്കബ്, ആര്‍.ബി. രാജീവ്കുമാര്‍, പി.വി. ജയകുമാര്‍, എസ്. ഷിബു, അഡ്വ. ആര്യ വിജയന്‍, പി.ബി. ബാബു, സരസ്വതി, വിമല മധു, എം. മഞ്ജു, എസ്. മഞ്ജു, സുജ അനില്‍ തുടങ്ങിയവരും എം. മനു, കെ.ജി. ജഗദീശന്‍, ഷീന റെജി, റോസമ്മ സെബാസ്റ്റ്യന്‍, റ്റി.എസ്. സജീഷ്, ഷംല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്: ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 111 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അഞ്ച് മുതല്‍ 12 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷന്‍ വകുപ്പ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. എല്ലാ വകുപ്പുകളും തിരക്ക് മനസിലാക്കി അതിന് വേണ്ട തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് മികവുറ്റതാക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടേയും സംഘാടകസമിതിയുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. വെള്ളിയാഴ്ചത്തെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കിയോയെന്ന് പരിശോധിക്കുന്നതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ അവലോകനയോഗം നടത്തുമെന്നും ആവശ്യമായ പ്രാഥമിക ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ള വലിയ സംഗമമാണ് അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മുഴുവന്‍ വകുപ്പുകളുടേയും ഏകോപനത്തില്‍ ശബരിമലയിലെ തീര്‍ഥാടനം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അത്തരത്തില്‍ തന്നെ അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷനും പൂര്‍ത്തീകരിക്കും. സംഘാടക മികവില്‍ യാതൊരു പിഴവുകളുമില്ലാതെ ഇത് പൂര്‍ത്തിയാക്കുമെന്നും മികച്ച മേല്‍നോട്ടത്തിനായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച കാര്യക്ഷമമായി നടത്തിയെന്നും തീരുമാനങ്ങള്‍ മികച്ച രീതിയില്‍ പ്രായോഗികമാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഈ മാസം മുപ്പതിന് മുന്‍പ് എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് ഹിന്ദുമത പരിഷത്തിനായി പ്രദേശം ഒരുങ്ങുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്‍പ് പമ്പാനദിയുടെ സംരക്ഷണം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മാരത്തണ്‍ സംഘടിപ്പിക്കും. ആറന്മുള അമ്പലത്തില്‍ നിന്ന് ദീപം ഏറ്റുവാങ്ങി കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നിന്ന് ആരംഭിച്ച് ചെറുകോല്‍പ്പുഴയില്‍ എത്തിച്ചേരും.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിഷത്ത് നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും മണ്‍പുറ്റുകളും ഉടനടി മേജര്‍ ഇറിഗേഷന്‍ നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉള്‍പ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.

പരിഷത്തിന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. അയിരൂര്‍- ചെറുകോല്‍പ്പുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും. ഡിസ്പെന്‍സറുകളുടേയും ടാപ്പുകളുടേയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിപ്പിക്കും. രണ്ട് ആര്‍.ഒ യൂണിറ്റുകളും അഞ്ച് വാട്ടര്‍ കിയോസ്‌ക്കുകളും പരിഷത്ത് നഗറില്‍ സ്ഥാപിക്കും.

പരിഷത്ത് നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയില്‍ നടപ്പാക്കും. പരിഷത്ത് ആരംഭിക്കുന്നതിന് മുന്‍പ് ഹോട്ടലുകളില്‍ പരിശോധന നടത്തും.

പരിഷത്ത് നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നിര്‍വഹിക്കും. ഒരു ഡിവൈഎസ്പിയും, രണ്ട് സിഐ മാരുമടങ്ങുന്ന 150 പോലീസ് ഉദ്യോഗസ്ഥരെ പരിഷത്ത് നഗറില്‍ വിന്യസിക്കും. പോലീസ് കണ്‍ട്രോള്‍ റൂം പരിഷത്ത് നഗറില്‍ ആരംഭിക്കും. പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും.

റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിനെ ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ. കെ.ഹരിദാസ്, ജോ. സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാല്‍, അനിരാജ് ഐക്കര, ട്രഷറര്‍ സോമനാഥന്‍ നായര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!