റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ജില്ലയില്‍ നാളെ (ജനുവരി 26) രാവിലെ ഒന്‍പതിന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 9.15ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജനപ്രതിനിധികള്‍, കൊല്ലം സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റൂണുകളും ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും.
പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം, ഗതാഗത സൗകര്യം, ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം അവതരിപ്പിക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊമെന്റോയും വിതരണം ചെയ്യും
ദേശീയസമ്മതിദായക ദിനാഘോഷം ഇന്ന് (ജനുവരി 25)
ദേശീയ സമ്മതിദായക ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വ്വഹിക്കും. ‘വോട്ട് ചെയ്യുന്നതുപോലെ മറ്റൊന്നുമില്ല ഞാന്‍ തീര്‍ച്ചയായും വോട്ട് ചെയ്യും’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതലക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സമ്മറി റിവിഷന്‍ 2023ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും.
എ.ഡി.എം ആര്‍.ബീനാറാണി അധ്യക്ഷയാകും. കരിക്ക് വെബ് സീരീസ് ഫെയിം ശബരീഷ് സജിന്‍ (ലോലന്‍) സമ്മതിദായക പ്രതിജ്ഞ ചൊല്ലും. സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്.ദിലീപ്കുമാര്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, ആക്‌സസബിള്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ സുധീര്‍ കുമാര്‍, ടി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.എ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ സ്വീപ് ജില്ലാ നോഡല്‍ ഓഫിസര്‍ എം.റഹീം, ഡോ: എ. മോഹനകുമാര്‍, മാധ്യമപ്രവര്‍ത്തകരായ ജയചന്ദ്രന്‍ ഇലങ്കത്ത്, രതീഷ് രവി തുടങ്ങിയവര്‍ സംസാരിക്കും.
ദേശീയപാത നവീകരണം കൂടുതല്‍ കാര്യക്ഷമമാക്കും
ദേശീയപാത നവീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ സി.ആര്‍ മഹേഷിന്റെയും സുജിത്ത് വിജയന്‍ പിള്ളയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടിയെടുക്കും. ഓട്ടോ-ടാക്‌സി സ്റ്റാന്റുകളെയും ഗതാഗതത്തെയും ബാധിക്കാത്ത രീതിയിലാകും പ്രവര്‍ത്തനങ്ങള്‍. പുതിയകാവ് ജംഗ്ഷനിലെ അടിപ്പാതയുടെ വീതി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകള്‍ നിര്‍മ്മിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തും. ശങ്കരമംഗലം ജംഗ്ഷനിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കരിമണല്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ ഉന്നയിക്കപ്പെട്ട തടസ്സങ്ങള്‍, പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. പലവിധത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായകരമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘കനിവ്’. കൃത്രിമ കാലുകള്‍, ശ്രവണ സഹായികള്‍, വീല്‍ചെയര്‍, മുച്ചക്രസ്‌കൂട്ടറുകള്‍, എം.ആര്‍ കിറ്റ്, വോക്കിങ് സ്റ്റിക്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തിയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്.
ഈ വിഭാഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും പഞ്ചായത്ത് ഉറപ്പാക്കുമെന്ന് പ്രസിഡന്റ് പി.അനില്‍ കുമാര്‍ പറഞ്ഞു.
ലേലം ജനുവരി 30ന്
കൊട്ടാരക്കര കില സി.എസ്.ഇ.ഡി (ഇ.റ്റി.സി) ഫാമില്‍ വിളവെടുത്ത ഉദ്ദേശം 273 കിലോഗ്രാം ഉണങ്ങിയ കുരുമുളക് ജനുവരി 30ന് രാവിലെ 11:30ന് ലേലം ചെയ്യും. ഫോണ്‍ : 9495853315, 0474 2454621.
സൗജന്യ പരീക്ഷാ പരിശീലനം
കൊട്ടാരക്കര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 150 മണിക്കൂര്‍ സൗജന്യമായി സഹകരണ ബാങ്ക് പരീക്ഷാ പരിശീലനം നടത്തും. ബി.കോം (കോ-ഓപ്പറേഷന്‍)/ ജെ.ഡി.സി/ എച്ച്.ഡി.സി യോഗ്യതയുള്ളവര്‍ https://forms.gle/9YMeUgTv8Yxp27rn9 ഗൂഗിള്‍ഫോമില്‍ ജനുവരി 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0474 2919612
ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം കോര്‍പ്പറേഷന്റെ ‘സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ സ്ഥാപിക്കല്‍’ പദ്ധതിയിലേക്ക് നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 28 ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തില്‍ നിന്നും ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. ഫോണ്‍ : 0474 2792957, 8547129371, 9074030763.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അവസാന തീയതി: ഫെബ്രുവരി 15. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആര്‍.സി ഓഫിസിലും www.srccc.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0471 2325101, 9846033001.
സൗജന്യ നെറ്റ് പരീക്ഷാ പരിശീലനം
കൊട്ടാരക്കര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 40 മണിക്കൂര്‍ സൗജന്യ നെറ്റ് പരീക്ഷാ പരിശീലനം നല്‍കുന്നു. ജനറല്‍ പേപ്പറിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ജനുവരി 31ന് മുമ്പ് https://forms.gle/YVPHM2mLB2FY23hE7 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം ഫോണ്‍ : 0474 2919612.
സൗജന്യ പരിശീലനം
പട്ടികജാതി വിഭാഗത്തിലെ 10-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള യുവതീ-യുവാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൈനിക/അര്‍ദ്ധസൈനിക/പോലീസ്/സെക്യൂരിറ്റി മേഖലയിലെ ജോലികള്‍ക്കായുള്ള രണ്ട് മാസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 17 മുതല്‍ 23 വയസ് ഉള്ളവര്‍ക്ക് സൈനിക/പോലീസ് ജോലിക്കും 17 മുതല്‍ 45 വയസ് ഉള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കുമുള്ള പരിശീലനമാണ് നല്‍കുന്നത്. ഭക്ഷണ താമസ സൗകര്യങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.
മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവര്‍ ഫോട്ടോ, ആധാര്‍, ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ പ്രാഥമിക സ്‌ക്രീനിംഗിന് ഹാജരാകണം. കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 0474 2794996, 9562098157, 9947324655.
ജില്ലാ വികസന സമിതി യോഗം 28ന്
ജില്ലാ വികസന സമിതി യോഗം ജനുവരി 28ന് രാവിലെ 10:30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷ ക്ഷണിച്ചു
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ.്എല്‍.സി. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. അപേക്ഷകര്‍ ഫീസ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 27ന് മുമ്പ് കോളജില്‍ എത്തി പ്രവേശനം നേടണം. ഫോണ്‍: 8547005029.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ KL02 AK4410 ബൊലേറോ വാഹനം (2012 മോഡല്‍) ഫെബ്രുവരി എട്ടിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം/ക്വട്ടേഷന്‍ വഴി വില്പന നടത്തും. ഫോണ്‍ : 0474 2593260, 2592232.