Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (25/1/2023)

ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു

ദേശീയ സമ്മതിദായക ദിനാഘോഷം

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ടി.കെ.എം എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും സമ്മതിദാനാവകാശം വിനിയോഗിക്കണം. ഓരോ വോട്ടിനുമുള്ള പ്രാധാന്യം യുവവോട്ടര്‍മാര്‍ തിരിച്ചറിയണം. തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

എ.ഡി.എം ആര്‍. ബീനാറാണി അധ്യക്ഷയായി. കലാകാരനായ ശബരീഷ് സജിന്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലി.

18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ ഉള്‍പ്പെടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ജനാധിപത്യബോധവും അഭിമാനവും ഉണര്‍ത്തുക, ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള പ്രേരണ ജനിപ്പിക്കുക എന്നിവയാണ് ദേശീയ സമ്മതിദായക ദിനത്തിന്റെ ലക്ഷ്യം.

ജില്ലാതല ക്വിസ്മത്സര വിജയികളായ പൂജിത കല്യാണി, ആര്‍. ഹരികൃഷ്ണന്‍, വൈഷ്ണവ, എം.എല്‍ ഹര്‍ദ്ദ എന്നിവര്‍ക്ക് സമ്മാനദാനവും സമ്മറി റിവിഷന്‍ 2023ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ടി. ആര്‍. അഹമ്മദ് കബീര്‍, ഡോ. എ. മോഹനകുമാര്‍, അക്സസബിള്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ സുധീര്‍ കുമാര്‍, ടി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി. എ ഷാഹുല്‍ ഹമീദ്, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ എം. റഹീം, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

‘ചുവട് 2023’ ജില്ലയിലെ 26306 അയല്‍ക്കൂട്ടങ്ങളില്‍ അയല്‍ക്കൂട്ട സംഗമം ഇന്ന് (ജനുവരി 26)

കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയിലെ 26306 അയല്‍ക്കൂട്ടങ്ങളിലും ഇന്ന് (ജനുവരി 26) ‘ചുവട് 2023′ അയല്‍ക്കൂട്ട സംഗമം. 358211 കുടുംബശ്രീ വനിതകള്‍-കുടുംബാംഗങ്ങള്‍, ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന-അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ പരിപാടികളില്‍ കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതുശുചിത്വം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസനആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും.

അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങള്‍ക്ക് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണാനാകും.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അനുബന്ധമായുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിതനിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസനലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമാകുമിത്.

കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ചടങ്ങുകളിലുണ്ടാകും. വിവിധ കലാപരിപാടികളും അരങ്ങേറും. മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികളുടെ തുടക്കത്തിനാണ് റിപബ്ലിക്ദിനം വേദിയാകുക.

 

പുനര്‍ജനി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

അഷ്ടമുടിക്കായലിനോട് ചേര്‍ന്നുള്ള ലിങ്ക് റോഡിന് സമീപം നിര്‍മാണത്തിലുള്ള ഓപ്പണ്‍ ഓഡിറ്റോറിയം ‘പുനര്‍ജനി’യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. 80 ശതമാനത്തോളം നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ പരിപാടികളുടെ ഭാഗമായി ഇത് ഉദ്ഘാടനം ചെയ്യും. ഇന്റര്‍ലോക്കിങ്, ബയോഫെന്‍സിങ് എന്നിവയുള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലസന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു.

നിര്‍മാണപ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുന്നതിന് ഹാബിറ്റാറ്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

 

അറിയിപ്പ്

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനും പരേഡ് വീക്ഷിക്കുന്നതിനും എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങളില്‍ നടക്കുന്ന റിപ്പബ്ലിക്ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ സൗജന്യ നിരക്കില്‍ (കണ്‍സഷന്‍) യാത്ര അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കാന്‍ വിസമ്മതിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ ഡി . മഹേഷ് അറിയിച്ചു.

 

വിളംബരഘോഷയാത്ര

കുടുംബശ്രീ വാര്‍ഷിക ആഘോഷം, അയല്‍കൂട്ട സംഗമം എന്നിവയുടെ ഭാഗമായി ആലപ്പാട് പഞ്ചായത്ത് സംഘടിപ്പിച്ച വിളംബരഘോഷയാത്ര ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റില്‍പ്പെട്ടവര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിര്‍വഹിച്ചു.

സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എസ്.ജയശ്രീ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.ഷൈമ, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഷിജി, കെ.ഹജിത, റ്റി.മായ, ഗ്രാമപഞ്ചായത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (ജനുവരി 27) ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ടെണ്ടര്‍ ക്ഷണിച്ചു

കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതിയുടെ നിര്‍വഹണത്തിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31 രണ്ടു മണി വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. വിശദവിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0474-2792957,8547129371, 9074030763.

 

ഗാര്‍ഹികഉപഭോഗ ചെലവ് സര്‍വേയ്ക്ക് തുടക്കമായി

ചിറക്കര കോളജ് വാര്‍ഡില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഹികഉപഭോഗ ചെലവ് സര്‍വേ ആരംഭിച്ചു. ജീവിതനിലവാരം, സാമൂഹിക വിഭവം, ക്ഷേമം, അസമത്വങ്ങള്‍ എന്നിവയുടെ സൂചികകളാണ് സമാഹരിക്കുക. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു നിര്‍വഹിച്ചു. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ വിനോദ് താരാസിംഗ്, സര്‍വേ എന്യൂമറേറ്റര്‍ അശ്വതി, അങ്കണവാടി വര്‍ക്കര്‍ ബിന്ദു ശിവന്‍, ആശാവര്‍ക്കര്‍ എല്‍.ആര്‍ രാജി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

 

ഫാം ക്ലബ് അംഗത്വം

ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണകേന്ദ്രത്തില്‍ രൂപീകരിച്ച ഫാം ക്ലബ്ബില്‍ അംഗമാകുന്നതിന് കേരളപുരത്തുള്ള ജില്ലാ സംഭരണകേന്ദ്രത്തിന്റെ ഓഫീസിലോ 9961777383, 9495701371, 9947751131, 9567222342, 7558959755 നമ്പറുകളിലോ കര്‍ഷകര്‍ക്ക് ബന്ധപ്പെടാം. നാടന്‍ ഉല്‍പ്പന്നങ്ങള്‍ ക്ലബ് വഴി സംഭരിക്കും എന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.

 

ചുരുക്കപ്പട്ടിക

വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അധ്യാപക (ഹിന്ദി) (കാറ്റഗറി നമ്പര്‍ 562/2021) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

ശാരീരികക്ഷമതാ പരീക്ഷ

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 538/19) തസ്തികയുടെ ശാരീരികക്ഷമതാ പരീക്ഷ ജനുവരി 30, 31 തീയതികളിലും വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) രണ്ടാം എന്‍.സി.എ.എം (കാറ്റഗറി നമ്പര്‍ 465/19) ഒന്നാം എന്‍.സി.എ-ഇ (കാറ്റഗറി നമ്പര്‍ 270/19) തസ്തികകളുടെ ശാരീരികക്ഷമതാ പരീക്ഷ ജനുവരി 31നും ബീച്ച് റോഡില്‍ (തങ്കശ്ശേരി ബസ്‌ബേ-കൊല്ലം ബീച്ച്) നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ ബന്ധപ്പെടണം.

സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 538/19) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിനും വിവിധ എന്‍.സി.എ വിഭാഗക്കാര്‍ക്കുമായി കായികക്ഷമത പരീക്ഷയ്ക്ക് ഒരു അവസരം മാത്രം. ഇതര ജില്ലകളിലെ എന്‍.സി.എ വിജ്ഞാപനങ്ങളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ ഈ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് ലഭ്യമായ വേദിയില്‍ രണ്ട് ഹാള്‍ടിക്കറ്റും ഹാജരാക്കി പങ്കെടുക്കണം.

ഒന്നിലധികം ജില്ലകളിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ എന്‍.സി.എ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ടെസ്റ്റിന് ഒരു അവസരം മാത്രം. ഹാള്‍ടിക്കറ്റുകള്‍ ഹാജരാക്കി ജില്ലയിലെ കേന്ദ്രത്തില്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികകളുടെ ശാരീരികക്ഷമതാ പരീക്ഷ ജനുവരി 30, 31 തീയതികളില്‍ ബീച്ച് റോഡില്‍ (തങ്കശ്ശേരി ബസ്‌ബേ-കൊല്ലം ബീച്ച്) നടത്തുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ രാവിലെ 5:30 മുതല്‍ 10:30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 

സൗജന്യ പരീക്ഷാ പരിശീലനം

കൊട്ടാരക്കര കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 150 മണിക്കൂര്‍ സൗജന്യമായി സഹകരണ ബാങ്ക് പരീക്ഷാ പരിശീലനം നടത്തും. ബി.കോം (കോ-ഓപ്പറേഷന്‍)/ ജെ.ഡി.സി/ എച്ച്.ഡി.സി യോഗ്യതയുള്ളവര്‍ https://forms.gle/9YMeUgTv8Yxp27rn9 ഗൂഗിള്‍ഫോമില്‍ ജനുവരി 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0474 2919612.

 

സൗജന്യ പരീക്ഷാ പരിശീലനം

കൊട്ടാരക്കര കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 40 മണിക്കൂര്‍ സൗജന്യമായി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷാ പരിശീലനം നടത്തും. ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ https://forms.gle/YVPHM2mLB2FY23hE7 ഗൂഗിള്‍ഫോമില്‍ ജനുവരി 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0474 2919612.

 

വനാമി ചെമ്മീന്‍ കൃഷി; ചര്‍ച്ച 28ന്

ഫിഷറീസ് വകുപ്പിന്റെ അനുബന്ധ ഏജന്‍സിയായ മത്സ്യകര്‍ഷക വികസന ഏജന്‍സി അഡാക്ക് സൗത്ത് സോണ്‍ റീജണല്‍ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വനാമി ചെമ്മീന്‍ കൃഷി സംബന്ധിച്ച ചര്‍ച്ച നടത്തും. കര്‍ഷകര്‍ക്ക് ജനുവരി 28ന് രാവിലെ ഒന്‍പതരയ്ക്ക് നീണ്ടകര അവയര്‍നെസ്സ് സെന്ററില്‍ ചേരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാം.

error: Content is protected !!