സംസ്ഥാന തല തദ്ദേശ സ്വയംഭരണദിനാഘോഷം: അവലോകന യോഗം 27 ന്
സംസ്ഥാന തല തദ്ദേശ സ്വയംഭരണ ദിനാഘോഷവുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റികളുടെയും ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍/ കണ്‍വീനര്‍മാര്‍/ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരുടെ അവലോകന യോഗം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ജനുവരി 27 ന് ഉച്ചയ്ക്ക് 2.30 ന് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ബോധവത്ക്കരണം ഇന്ന്
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ശൈശവ വിവാഹ പ്രതിരോധ നിയമത്തെക്കുറിച്ച് ഇന്ന് (ജനുവരി 25) രാവിലെ പത്തിന് ഡി.ആര്‍.ഡി.എ ഹാളില്‍ ബോധവത്ക്കരണ പരിപാടി നടത്തും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗം 28 ന്
ജനുവരിയിലെ ജില്ലാ വികസന സമിതി യോഗം ജനുവരി 28 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംരംഭകത്വ പരിശീലനം 27, 28 തീയതികളില്‍
പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ജനുവരി 27, 28 തീയതികളില്‍ മത്സ്യ സംസ്‌കരണത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ബഹുരാഷ്ട്ര പൊതു സ്വകാര്യമേഖലകളിലുള്ള 68 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. 1428 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്ന മേളയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തൊഴില്‍ ലഭിച്ചു. പരിപാടിയില്‍ മലമ്പുഴ ഐ.ടി.ഐ ട്രെയിനികളായ അഖിലേന്ത്യ പരീക്ഷയില്‍ ടി.പി.ഇ.എസ് ട്രേഡില്‍ ഒന്നാം റാങ്ക് ലഭിച്ച എസ്. നവീന്‍ കുമാര്‍, മൂന്നാം റാങ്ക് ലഭിച്ച ടി. സജിത്ത്, എസ്.എം.ഡബ്ല്യൂ ട്രേഡില്‍ രണ്ടാം റാങ്ക് ലഭിച്ച പി.കെ മിനി എന്നിവരെയും ഗവ ഐ.ടി.ഐ പെരുമാട്ടിയില്‍ നിന്ന് എം.എ.എം ട്രേഡില്‍ ഒന്നാം റാങ്ക് നേടിയ സെബിന്‍ തോമസിനെയും അധ്യാപകരെയും ആദരിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിനോയ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, ഐ.എം.സി ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, പ്രൈവറ്റ് ഐ.ടി.ഐ മാനേജ്മെന്റ് പ്രതിനിധി രാജേഷ്, പി.ടി.എ പ്രസിഡന്റ് സദാനന്ദന്‍, ട്രെയിനിങ് ഓഫീസര്‍ പി.വി സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ് കുമാര്‍, പാലക്കാട് ജില്ലാ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് ആനി സ്റ്റെല്ല ഐസക്ക്, മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ പ്രൈമറി വിഭാഗം ഭാഷാ അധ്യാപകരെ ഹൈസ്‌കൂള്‍ അധ്യാപകരായും പാര്‍ട്ട് ടൈം അധ്യാപകരെ ഫുള്‍ടൈം അധ്യാപകരായും സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddepalakkad.wordpress.com ല്‍ ലഭിക്കും. ലിസ്റ്റില്‍ പരാതി ഉള്ളവര്‍, പുതുതായി പേര് ഉള്‍പ്പെടുത്തേണ്ടവര്‍ ജനുവരി 28 നകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലുമായി നേരിട്ട് നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ഒ.എം.ആര്‍ പരീക്ഷ 28 ന്
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ആദിവാസി വിഭാഗങ്ങളില്‍ നിന്ന് മാത്രം-കാറ്റഗറി നമ്പര്‍-092/22, 093/22) തസ്തിക തെരഞ്ഞെടുപ്പിന് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ (തമിഴ്/കന്നഡ) ഒ.എം.ആര്‍ പരീക്ഷ നടക്കും. ജനുവരി 28 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ജില്ലാ പി.എസ്.സി ഓഫീസിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയില്‍ സര്‍ട്ടിഫിക്കറ്റുമായി ഉച്ചയ്ക്ക് ഒന്നിനകം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ഗവ-പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ക്ലാസുകള്‍ ഇന്ന് (ജനുവരി 25) ആരംഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫീസ്, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 27 നകം കോളെജിലെത്തി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ തീയറി ക്ലാസുകളും ഓഫ്‌ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസുകളും ഉണ്ടായിരിക്കും. ഫോണ്‍: 8547005029.
‘ലഹരിയില്ലാ തെരുവ് ‘ ലഹരിവിരുദ്ധ തീവ്രയജ്ഞം സമാപനം 26 ന്
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ ആരംഭിച്ച മയക്ക് മരുന്ന് വിരുദ്ധ തീവ്രജ്ഞ പരിപാടിയുടെ സമാപനം ജനുവരി 26 ന് രാവിലെ 10 ന് പാലക്കാട് കോട്ടമൈതാനത്ത് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ‘ലഹരിയില്ലാ തെരുവ്’ എന്ന ആശയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ പങ്കെടുക്കും.
വലിച്ചെറിയല്‍ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം 26 ന്
മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും
നവകേരളം കര്‍മ്മ പദ്ധതി -2 ന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം ജനുവരി 26 ന് രാവിലെ 11 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിസരത്ത് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും മാലിന്യം തള്ളിയിട്ടുള്ള പൊതുയിടങ്ങള്‍ കണ്ടെത്തി ശുചീകരിക്കുന്നതിനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. നവകേരള കര്‍മ്മപദ്ധതി -2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിര്‍മ്മല, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ശോഭന, മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. ഗോപിനാഥന്‍ ഉണ്ണിത്താന്‍, ആര്‍. കൃഷ്ണകുമാരി, വാര്‍ഡ് മെമ്പര്‍ എം. സജിത്ത്്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാമചന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്ത് എന്നിവര്‍ പങ്കെടുക്കും.
റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും
ആഘോഷപരിപാടികള്‍ കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന് തുടങ്ങും
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ജനുവരി 26 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിക്കും. പരേഡില്‍ 30 പ്ലറ്റൂണ്‍സ് അണിനിരക്കും. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്‌കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്‌സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണ്‍സാണ് അണിനിരക്കുന്നത്. മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.
സംസ്ഥാനതല ദ്വിദിന തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു
സൃഷ്ടികള്‍ ഇന്ന് വരെ നല്‍കാം
തൃത്താലയില്‍ ഫെബ്രുവരി 18, 19 ദിനങ്ങളിലായി ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണം നിലവില്‍ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ച് കൊണ്ട് തൃത്താലയുടെയും പാലക്കാടിന്റേയും കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തനത് കലാരൂപങ്ങളും ബിംബങ്ങളും (കോട്ട, കരിമ്പന) ഉള്‍പ്പെടുത്തിയാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി വരെയാകാവുന്ന ലോഗോ [email protected] ല്‍ ഇന്ന് (ജനുവരി 25) വൈകീട്ട് അഞ്ചിനകം നല്‍കണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടാവിന് ഉദ്ഘാടന ദിവസം പാരിതോഷികം കൈമാറും. ദ്വിദിനആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിക്കുക. ഫെബ്രുവരി 16, 17, 18, 19 തീയതികളില്‍ വിപണനമേള, പുഷ്പമേള, കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, കലാസാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ദ്വിദിനതദ്ദേശ സ്ഥാപന ദിനാഘോഷത്തിന് മുന്നോടിയായി നടക്കും.
വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍
വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കാന്‍ താമസിയാതെ ജില്ലയ്ക്ക് കഴിയുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ. കൃഷ്ണകുമാര്‍ പറഞ്ഞു. ഭരണഭാഷ അവാര്‍ഡ് പാലക്കാടിന് ലഭിച്ചത് വകുപ്പുകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ ഓഫീസുകളിലും സേവനാവകാശ നിയമ, വിവരാവകാശ നിയമ ബോര്‍ഡുകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമായി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍, മാസങ്ങളിലെ ഭാഷാ പുരോഗതിയുടെ റിപ്പോര്‍ട്ട് ആണ് ഏകോപനസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. എത്ര ഫയലുകള്‍ മലയാളത്തില്‍, എത്ര ഫയലുകള്‍ ഇംഗ്ലീഷില്‍ എന്നും മലയാളത്തിലുള്ള ഫയലുകളുടെ ശതമാനം എത്ര, ഓഫീസുകളുടെ നെയിം ബോര്‍ഡ്, ഔദ്യോഗിക വാഹന ബോര്‍ഡില്‍ മലയാളം, സീല്‍, വെബ്‌സൈറ്റ്, അപേക്ഷാഫോം ഇവയെല്ലാം മലയാളത്തിലാണോ എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവലോകനയോഗം നടക്കുന്നത്. എന്തുകൊണ്ട് ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്തില്ല, എന്താണ് പോരായ്മ, എന്നുള്ള വിശകലനവും യോഗത്തില്‍ ഉണ്ടായി.
ജില്ലയില്‍ വിവിധ വകുപ്പ് ഭാഷാ പരിപാടികള്‍ നടത്തിയതിന്റെ വിവരങ്ങള്‍, ചിത്രങ്ങള്‍, ഏത് വകുപ്പാണ്, എന്താണ് പരിപാടി, ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ എന്തൊക്കെ ചെയ്തു, മലയാളം ഭാഷ വാരാചരണം ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ഭാഷ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. കൃഷ്ണകുമാറിന് നല്‍കി നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ. മധു, സീനിയര്‍ ക്ലര്‍ക്ക് വി. ഭവദാസ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ മേധാവികള്‍ തുടങ്ങിയവര്‍ ഔദ്യോഗിക ഭാഷാ ജില്ലാ ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തു.
”ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും”: ഡിജിറ്റല്‍ വാഹന പര്യടനം തുടരുന്നു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ജില്ലയില്‍ അഞ്ചാം ദിവസവും വിജയകരമായി പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 24 ന് തൃത്താല ഗ്രാമപഞ്ചായത്തില്‍ നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം ചാലിശ്ശേരി, ആനക്കര, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും കെ.പി ദിനകറുടെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.
ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ഇന്ന് (ജനുവരി 25)
ചെര്‍പ്പുളശ്ശേരി- രാവിലെ 10 ന്
ശ്രീകൃഷ്ണപുരം- ഉച്ചയ്ക്ക് 12 ന്
കരിമ്പുഴ- ഉച്ചയ്ക്ക് 2.30 ന്
കാരാകുറിശ്ശി- വൈകിട്ട് 4.30 ന്
കോങ്ങാട്-വൈകിട്ട് ആറിന്
സുസ്ഥിര തൃത്താല: സ്‌കൂളുകളില്‍ ഇന്ന് സ്‌പെഷ്യല്‍ അസംബ്ലി
സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് (ജനുവരി 25) സ്‌പെഷ്യല്‍ അസംബ്ലികള്‍ ചേരും. എല്ലാ സ്‌കൂളുകളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. 2023 ഏപ്രില്‍ മുതല്‍ മാര്‍ച്ച് മാസങ്ങളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ നിര്‍മ്മിക്കലും ഇതിന്റെ ഭാഗമായി നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് ഇതിന്റെ ചുമതല.
പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം നടന്നിരുന്നു.
പത്തിന കര്‍മ്മ പരിപാടികളുടെ ഭാഗമായി എല്ലാ വാര്‍ഡിലും പ്രത്യേക ഗ്രാമസഭ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുസ്ഥിര വികസന ക്ലബ്ബുകള്‍, കൃത്രിമ ഭൂജല പോഷണവും കിണര്‍ റീചാര്‍ജിങും, ജനകീയ മഴക്കൊയ്ത്ത്, ഒരു ലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍, പഞ്ചായത്തില്‍ ഒരു ചെറുമാതൃക നീര്‍ത്തടം, പഞ്ചായത്തില്‍ ഒരു ജൈവ വാര്‍ഡ്, പച്ചതുരുത്തും കാവുകളുടെ സംരക്ഷണവും, മാലിന്യമുക്ത തൃത്താല, ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ ജലസ്രോതസുകളെയും മുന്നില്‍ കണ്ട് ഏപ്രില്‍ മാസത്തില്‍ നബാര്‍ഡിന് 100 കോടിയുടെ സമഗ്രവും സമ്പൂര്‍ണവുമായ ഡ്രാഫ്റ്റ് പ്രൊപ്പോസല്‍ കൈമാറുന്നതിന് ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. എം.ജി.എന്‍.ആര്‍.ജി.എസുമായി ചേര്‍ന്ന് മാര്‍ച്ചിനകം ഒരു വാര്‍ഡില്‍ ഒരു കുളം എന്ന തരത്തില്‍ 135 കുളങ്ങള്‍ നവീകരിക്കും. ലോകജല ദിനത്തിന് മുന്‍പ് മണ്ഡലത്തിലെ 500 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. സുസ്ഥിര തൃത്താല ജനകീയ മുന്നേറ്റമായി മാറ്റുന്നതിന് ശുചിത്വ സന്ദേശ ജാഥകള്‍, സൈക്കിള്‍ റാലി, ബാല പാര്‍ലമെന്റ്, കര്‍ഷക- വ്യാപാരിസഭ, സുസ്ഥിര അയല്‍ക്കൂട്ട യോഗങ്ങള്‍, തെരുവ് നാടകങ്ങള്‍, വാര്‍ഡ് തല ഗൃഹ സന്ദര്‍ശന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
ബാലികാ ദിനാചരണം നടന്നു
ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ ബാലിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നേതൃനിരയിലുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ശൈശവ വിവാഹം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് അഡ്വ. കെ. വിജയ, കുട്ടികളിലെ വൈകാരിക-മാനസിക വളര്‍ച്ച, ആരോഗ്യകരമായ ബന്ധങ്ങള്‍ വിഷയത്തില്‍ ആര്‍. ഐശ്വര്യ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പരിപാടിയില്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 159 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളും ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. 3180 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട്, കുന്നത്തൂര്‍മേട്, പാലക്കാട്- 678013 ല്‍ ലഭിക്കും. ഫോണ്‍: 0491 2528500.