Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ ( 07/02/2023)

സംസ്ഥാനതല തദ്ദേശദിനാഘോഷം പൂന്തോട്ട പ്രേമികളുടെ ഉത്സവമാകും
പുഷ്പ-ഫല സസ്യ പ്രദര്‍ശനം 16 മുതല്‍ 19 വരെ

തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടാനുബന്ധിച്ച് 16 മുതല്‍ 19 വരെ പ്രദര്‍ശന-വിപണന മേളയും പുഷ്പമേളയും നടക്കും. പൂക്കളും ചെടികളും ഇഷ്ടപ്പെടുന്നവരുടെ കൂടെ ഉത്സവകേന്ദ്രമായി തദ്ദേശദിനാഘോഷം മാറും. പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി നടക്കുന്ന പുഷ്പ-ഫല സസ്യ പ്രദര്‍ശനം മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രം മൈതാനത്തിലാണ് സംഘടിപ്പിക്കുക. ഫെബ്രുവരി 16 മുതല്‍ 19 വരെ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം കാണാനെത്താം. പൂന്തോട്ടങ്ങളിലും വീടിനകത്തും വളര്‍ത്താവുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പ്രദര്‍ശനത്തില്‍ ഉണ്ടാവും. ഇതിന് പുറമെ ഫലവൃക്ഷങ്ങള്‍, പഴച്ചെടികള്‍, പച്ചക്കറിതൈകള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. ചെടികളുടെയും വിത്തുകളുടെയും വില്‍പ്പന ഉണ്ടാവും. ചെടികള്‍ വളര്‍ത്തുന്നതിനാവശ്യമായ ജൈവവളങ്ങളും സെറാമിക് പോട്ടുകളും പ്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇവിടെ നിന്ന് വാങ്ങാം. ആയിരത്തോളം നഴ്‌സറികളുള്ള കേരളത്തിലെ ഏക പഞ്ചായത്തായ മാടക്കത്തറ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അവിടത്തെ നിരവധി നഴ്‌സറികളുടെ പങ്കാളിത്തവും സഹകരണവും പ്രദര്‍ശനത്തിനുണ്ട്.

്പ്രദര്‍ശന വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ

പ്രദര്‍ശന വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, പഞ്ചായത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശദിനാഘോഷം സംഘടിപ്പിക്കുന്നത്.

സംസ്ഥാനതല തദ്ദേശദിനാഘോഷം: മികച്ച മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരം നല്‍കും

തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശവും തദ്ദേശ ഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഏറ്റവും  മികച്ച  ദൃശ്യമാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, ഏറ്റവും മികച്ച റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച  ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുക. ഫെബ്രുവരി എട്ട് മുതല്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്ന റിപ്പോര്‍ട്ടുകളും ഫോട്ടോയും പരിഗണിക്കും. ഫെബ്രുവരി 19 ന് തദ്ദേശ ദിനാഘോഷത്തിന്റെ സമാപന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസല്‍ 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതം 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് മൈതാനിയില്‍ നാടന്‍ പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക.

സംസ്ഥാന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് കയാക്കിങ്ങ് ഫെസ്റ്റ്

തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കയാക്കിങ്ങ് ഫെസ്റ്റ് ഒരുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിന് സമീപം ഭാരതപ്പുഴയില്‍ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തദ്ദേശ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 18,19 തീയതികളിലാണ് കയാക്കിങ്ങ് ഫെസ്റ്റ് ഒരുക്കുന്നത്. തദ്ദേശ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും തൃത്താലയിലെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ലിലെത്തി കയാക്കിങ്ങ് ആസ്വദിക്കാം. വിദഗ്ധരായ പരിശീലകരുടെ സേവനം ഇതിനായി ഉണ്ടാവും. സ്ഥലം എം.എല്‍.എകൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ താത്്പര്യപ്രകാരം ഡി.ടി.പി.സി നേരത്തെയും വെള്ളിയാങ്കല്ലില്‍ കയാക്കിങ്ങ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ടൂറിസം വികസിപ്പിക്കുന്നതിലൂടെ ഭാരതപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക, ജലാശയം സംരക്ഷിയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍  മുന്‍നിര്‍ത്തിയാണ് വെള്ളിയാങ്കല്ലില്‍ കയാക്കിങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികള്‍ക്ക് ഈ സാദ്ധ്യതകള്‍ നേരിട്ട് കണ്ട് വിലയിരുത്താനുള്ള അവസരമാണ്  ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്.

ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി

പാലക്കാട് ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി ആരംഭിക്കുന്ന  ആദ്യഘട്ട  പ്രവര്‍ത്തനങ്ങള്‍ക്കായി 98.89 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കും. ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. കിഫ്ബിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഇന്‍ഫ്രാടെക് സര്‍വീസസിനാണ് നിര്‍മാണ ചുമതല.

വനിതാ കമ്മീഷന്‍ അദാലത്ത് 16 ന്

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 16 ന്  രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

മാധ്യമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി ആന്‍ഡ് ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2721917, 9388942802, 8547720167

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്

മലമ്പുഴ ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ബി.കോം ബിരുദധാരികള്‍, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ള 35 വയസ്സ് കഴിയാത്ത മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത,് പാലക്കാട് നഗരസഭകളിലുള്ളവരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം.  ഫോണ്‍ – 0491 2815111

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ – 0491-2504599,8590605273

ലേലം

ചിറ്റൂര്‍ തലൂക്കില്‍ തെക്കേദേശം വില്ലേജിലെ ബ്ലോക്ക് 39 റീസര്‍വെ നമ്പര്‍ 68/1 ലുള്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ മുറിച്ച് മാറ്റിയ 174 മുളകള്‍ ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 12 ന് തെക്കേദേശം വില്ലേജ് ഓഫീസില്‍ തഹസില്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ട് പരസ്യമായി ലേലം ചെയ്യും.  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവയ്ക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍- 04923- 224740
ഫോണ്‍: 04923224740

ദര്‍ഘാസ് ക്ഷണിച്ചു

മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ‘ആരോഗ്യ സ്ഥാപനങ്ങളിലെ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍’ പദ്ധതിയിലേക്ക് ലാബ് റീ ഏജന്റ്, ഗ്ലൂക്കോമീറ്റര്‍, സ്ട്രിപ്പ്, ബി.പി അപ്പാരറ്റസ് എന്നിവ വാങ്ങുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.lsg.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ -0491-2816011

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലേക്ക് ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള നോണ്‍ എ.സി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 0491-2533327

പോത്തുണ്ടി ഡാം തുറക്കും

പോത്തുണ്ടി ഡാമിന്റെ ഇടത്- വലത്കര കനാലിലൂടെ ഫെബ്രുവരി 12 മുതല്‍ കൃഷി ആവശ്യത്തിന് ജലവിതരണം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വലത്കര കനാലിലൂടെ ഫെബ്രുവരി 12 നും ഇടത്കര കനാലിലൂടെ ഫെബ്രുവരി 14 നും ജലവിതരണം നടത്തും.

error: Content is protected !!