Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ്
തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നതിന് താല്‍ക്കാലിക റോഡ് നിര്‍മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമണ്‍ പാലം അപകടത്തിലായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലായതായി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഏകദേശം പത്ത്  കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയില്‍ എത്താന്‍. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ യാത്ര ചെയ്യാനായി താല്‍ക്കാലിക റോഡും നിര്‍മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
70 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റര്‍ നീളവും 10.20 മീറ്റര്‍ വീതിയും ഉണ്ട്. ബീം ഒടിഞ്ഞതിനെ തുടര്‍ന്ന് പാലത്തിന്റെ സ്ലാബ് താഴ്ന്നിട്ടുണ്ട്. ഇതാണ് ഗതാഗതം നിര്‍ത്തി വച്ചിരിക്കുന്നത്. 4.20 മീറ്റര്‍ വീതിയുണ്ടായിരുന്ന പാലം ഏകദേശം 10 വര്‍ഷം മുമ്പ് മൂന്ന് മീറ്റര്‍ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിര്‍മിച്ചതാണ്. പാലത്തിന്റെ അപകടാവസ്ഥ എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഈ സംഘം സ്ഥലം സന്ദര്‍ശിച്ചു. മധ്യഭാഗത്തെ പഴയ പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താന്‍ കഴിയാത്ത വിധം ബീമുകള്‍ക്ക് ഒടിവ് സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലാണെന്നും പൂര്‍ണമായും പൊളിച്ച് പുനര്‍ നിര്‍മിക്കേണ്ടി വരുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി അറിയിച്ചു.

പദ്ധതി പുരോഗതി അവലോകന യോഗം ( 8)
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനും  (8) ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുവാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13  ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2224070.

കിക്മ എംബിഎ അഭിമുഖം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്ററിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എംബിഎ (ഫുള്‍ടൈം) കോഴ്സിന് ഫെബ്രുവരി 17 ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ കൂടികാഴ്ച നടത്തുന്നു. കേരള സര്‍വകലാശാലയുടെയും  എഐസിറ്റി യുടെയും  അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്.  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പിനും എസ്.സി/ എസ് റ്റി/ ഒഇസി ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ഉണ്ട്.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ്  എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറാവുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 7356650384/8547618290. ഇ മെയില്‍ : www.kicma.ac.in

ഒറ്റത്തവണ പ്രമാണ പരിശോധന    
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെ.എ.പി- 3ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍. 530/19) തസ്തികയുടെ  ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ഒന്‍പത്, 10,13,14,15,16,17,20,21,22,23 എന്നീ തീയതികളില്‍  പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. ഈ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം.
ഫോണ്‍ : 0468 -2222665

error: Content is protected !!