Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/02/2023)

ഖാദി സ്‌പെഷ്യല്‍ റിബേറ്റ് മേള

സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്‌പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ഗ്രാമവ്യവസായ ഓഫീസര്‍ ഹേമകുമാര്‍ ആശംസകള്‍ നേര്‍ന്നു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ സ്വാഗതവും, ജൂനിയര്‍ സൂപ്രണ്ട് എച്ച്.ഷൈജു നന്ദിയും രേഖപ്പെടുത്തി. ഇലന്തൂര്‍, പത്തനംതിട്ട , അടൂര്‍, റാന്നി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2362070

 

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ:ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്തെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33.വിശദാംശങ്ങള്‍
www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9846033001.

ഗതാഗത നിയന്ത്രണം
കുരമ്പാല -പൂഴിക്കാട് -മുട്ടാര്‍-വലക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 10 മുതല്‍ കലുങ്കിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ പൂഴിക്കാട് ഭാഗത്തു നിന്ന് മുട്ടാര്‍ ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പളളിയുടെ വലത് വശത്ത് കൂടിയുളള മുന്‍സിപാലിറ്റി റോഡ് വഴി തിരിഞ്ഞു പോകണമെന്നും മുട്ടാര്‍ ഭാഗത്തു നിന്നും പൂഴിക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇതേ വഴി തന്നെ പോകണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വെബിനാര്‍ ഡിസൈന്‍ തിങ്കിംഗ്

ഡിസൈന്‍ തിങ്കിംഗ് എന്താണ് അതിന്റെ സാധ്യതകള്‍ എവിടെയൊക്കെയാണ് എന്ന വിഷയത്തെ ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഡിസൈന്‍ തിങ്കിംഗ് എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ് ഫോം) മാര്‍ഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കണം. ഫോണ്‍ : 0484 2550322.

നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ജിയോളജി/ജിയോഗ്രഫി വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണ്‍ പരിപാടിയില്‍ രണ്ടു മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ചേരാന്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പത്തനംതിട്ട ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസ സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. താത്പര്യമുളളവര്‍ ഫെബ്രുവരി 13 ന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി

റാന്നിയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മണിയാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവര്‍ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ മുന്‍പ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തിരുന്നു. നിര്‍ദിഷ്ട പദ്ധതി പ്രദേശം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലായതിനാല്‍ പ്രവര്‍ത്തി നടപ്പാക്കാന്‍ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. നിയമ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നഷ്ടമാകുന്ന സ്ഥിതിയിലായിരുന്നു.
ഇതേത്തുടര്‍ന്ന് ടൂറിസം – ഇറിഗേഷന്‍ വകുപ്പ് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അനുമതിക്കായി തുടര്‍ച്ചയായി ഇടപെടല്‍ നടത്തുകയും ചെയ്തു വരുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് ഇറിഗേഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും വകുപ്പിന്റെ അനുമതിക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. ഇറിഗേഷന്‍- ടൂറിസം വകുപ്പ് മന്ത്രിമാരുടെ പ്രത്യേക താല്‍പര്യമാണ് സാങ്കേതികതയില്‍ കുരുങ്ങി മുടങ്ങിപ്പോകുമായിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിക്കുന്നതിനു കാരണമായിട്ടുള്ളത്.
മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന്റെ പ്രകൃതി ഭംഗി നിലനിര്‍ത്തിക്കൊണ്ടും പരിസ്ഥിതിക്ക് ദോഷം വരാത്ത നിലയിലും ആകര്‍ഷകമായ രീതിയിയിലാകും പദ്ധതി നടപ്പാക്കുക. റാന്നിയുടെ ടൂറിസം വികസനത്തിന് മുതല്‍ കൂട്ടാകുന്ന ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നും വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.

ജലസേചന കുളം നിര്‍മ്മിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തി പൂതംകര മൂന്നാം വാഡില്‍ നിര്‍മ്മിച്ച ജലസേചന കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍, മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 104804 രൂപ അടങ്കല്‍ വകയിരുത്തിയ പ്രവൃത്തിയില്‍ 22 തൊഴിലാളികള്‍ 13 ദിവസം കൊണ്ട് കുളം നിര്‍മ്മിക്കുകയും 286 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2023-2024 വര്‍ഷത്തെഅഞ്ചാം ക്ലാസ്, 11-ാം ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് അഞ്ചിന് രാവിലെ ഒന്‍പതിന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല് , പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്തയും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കു പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും ഉണ്ടാകും. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. സായി, സ്പോര്‍ട്സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഉയര്‍ന്ന നിലവാരത്തിലുളള കായിക പരിശീലനത്തിന് സൗകര്യമൊരുക്കും.
ഫോണ്‍ : 0471 2381601, 7012831236.

 

നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷനീട്ടി
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ടില്‍ നിന്നും ഫെബ്രുവരി 15 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചതില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാനുള്ള അവസരം ഈ മാസം 16, 17 തീയതികളില്‍ ഉണ്ടായിരിക്കും.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി മത്സര പരീക്ഷ
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് 2023-24 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് 2022-23 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മത്സര പരീക്ഷ നടത്തും.
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രതേൃക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം നല്‍കും. ഇവയ്ക്ക് പുറമെ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേരും, വിലാസവും, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി തോട്ടമണ്‍ എസ്.ബി.ഐ യ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 04735- 227703.

പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ഫെബ്രുവരി 15
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ല്‍ 35 വയസ്.
എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

error: Content is protected !!