ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് വ്യവസായ – വാണിജ്യ പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ തനത് വ്യാവസായിക ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവുമാണ് മേളയിലൊരുക്കിയിരിക്കുന്നത്.
തടിയില്‍ നിര്‍മിച്ച കരകൗശല ഉത്പന്നങ്ങള്‍, ദാഹശമനി, പുട്ടുപൊടി, വിവിധ ചക്ക വിഭവങ്ങള്‍, ഹോം മെയ്ഡ് അച്ചാറുകള്‍, ചമ്മന്തിപ്പൊടി, സ്‌ക്വാഷുകള്‍, ജാമുകള്‍, കേക്കുകള്‍ എന്നിവയുടെ വിപുലമായ ശേഖരം മേളയെ ആകര്‍ഷകമാക്കുന്നു. ഡിസൈനര്‍ വസ്ത്രങ്ങള്‍, എളുപ്പത്തില്‍ അടുപ്പ് കത്തിക്കാന്‍ സഹായകമാകുന്ന അഗ്നി തിരികള്‍, ചിപ്സുകള്‍, നാടന്‍ സ്നാക്‌സുകള്‍, കറിക്കത്തികള്‍, കറിപൗഡറുകള്‍, കാഞ്ഞീറ്റുകര എസ്.എന്‍.ഡി.പി. സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച എല്‍ഇഡി ബള്‍ബുകള്‍ എന്നിവ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം രശ്മി.ആര്‍.നായര്‍, ഉപ ജില്ലാ വ്യവസായ ഓഫീസര്‍ അനൂപ് ഷിനു എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 19-ന് മേള സമാപിക്കും.