Input your search keywords and press Enter.

കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണം; കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കും: മന്ത്രി പി. പ്രസാദ്

 

കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കടയ്ക്കാട് ആത്മ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധ്യമായ ഇടത്തെല്ലാം കൃഷി തുടങ്ങണം. കര്‍ഷകരുടെ 65 ഉത്പന്നങ്ങള്‍ കേരള്‍ അഗ്രോ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫിള്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ മുഖേന ലഭ്യമാക്കി കഴിഞ്ഞു. ഒരു കൃഷി ഭവന്‍ പരിധിയില്‍ നിന്ന് ഒരു ഉത്പന്നമെങ്കിലും തയാറാക്കി വിപണനം ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്തെ 500 കൃഷി ഭവനുകള്‍ക്ക് ഉത്പന്നങ്ങളായി കഴിഞ്ഞു. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കര്‍ഷക കൂട്ടായ്മകളിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

നാട്ടിലെ ആവശ്യം അറിഞ്ഞ് വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഒരേ വിള എല്ലാ കര്‍ഷകരും കൃഷി ചെയ്താല്‍ വില ലഭിക്കാതെ വരും. കേരളത്തിന്റെ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണ്. വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് രണ്ടു കോടി രൂപ കൃഷി വകുപ്പ് വകയിരുത്തിയിട്ടുണ്ട്. കൃഷി കൂട്ടായ്മകള്‍ കൂടുതലായി രൂപീകരിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി തയാറാക്കുകയും വിപണനം ചെയ്യുകയും ചെയ്യണം. ചക്ക, കൂവ, മുരിങ്ങയിലെ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അന്തര്‍ദേശിയ വിപണിയില്‍ വലിയ സാധ്യതയുള്ളത് പ്രയോജനപ്പെടുത്തണം.

ചെറുധാന്യങ്ങള്‍ക്ക് വലിയ ആവശ്യകതയുള്ളത് കണക്കിലെടുത്ത് ഇതിന്റെ കൃഷി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന കര്‍ഷകന്‍ നാരായണന്‍ ആര്യാട്ടിനെ മന്ത്രി ആദരിച്ചു.
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള വിളകളാണ് ഉത്പാദിപ്പിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തു. മായമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിക്കുന്നതിനാണ് മുന്‍ണന നല്‍കിയിട്ടുള്ളത്. അടൂര്‍ നിയോജകമണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ മാറ്റമുണ്ടാക്കാന്‍ ആവേശത്തോടെയാണ് ജനങ്ങള്‍ പങ്കാളികളാകുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പോള്‍ രാജന്‍, നഗരസഭ കൗണ്‍സിലര്‍ ഷഫീന്‍ റജീബ് ഖാന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം. മധു, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, എ.എന്‍. സലിം, നിസാര്‍ നൂര്‍മഹല്‍, ജി. ബൈജു, ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറാ റ്റി ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജാന്‍സി കെ കോശി, കാര്‍ഡ് കെവികെ മേധാവി ഡോ. സി.പി. റോബര്‍ട്ട്, ആത്മ സീനിയര്‍ സൂപ്രണ്ട് എം.ജി. ദിലീപ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മാത്യു ഏബ്രഹാമും കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദിലയും അവതരിപ്പിച്ചു. ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് മോഡറേറ്ററായിരുന്നു. തുടര്‍ന്നു തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കര്‍ഷകരുമായി മുഖാമുഖം നടന്നു.

error: Content is protected !!