Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 14/02/2023)

അട്ടപ്പാടിയുടെ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ ലക്ഷ്യമിടുന്നത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയുടെ സമഗ്രമായ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ    ലക്ഷ്യമിടുന്നതെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീഴുന്ന തെളിവുകള്‍ ശിലായുഗ കാലം മുതല്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന പഠനത്തില്‍ കൂടുതല്‍ വീരക്കല്ലുകള്‍ ലഭിച്ച പ്രദേശമാണ് അട്ടപ്പാടിയെന്നും മന്ത്രി പറഞ്ഞു.  ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയെക്കുറിച്ച് സമഗ്രമായ സര്‍വ്വെ നടത്തുന്നത് ആദ്യമായാണ്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥിക്കള്‍ ഉള്‍പ്പെടെ 22 പേര്‍ അടങ്ങിയ ഫീല്‍ഡ് സര്‍വ്വെ സംഘത്തെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ നാല് സംഘങ്ങളായി തിരിഞ്ഞ് അട്ടപ്പാടിയില്‍ സര്‍വ്വെ നടത്തും. സര്‍വ്വെ സമഗ്രമാവുന്നതിന് പ്രാദേശിക പിന്തുണ അനിവാര്യമാണെന്നും തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് അട്ടപ്പാടിയുടെ സവിശേഷതകള്‍ ചൂണ്ടിക്കാണിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണം സര്‍വ്വെക്ക് ഉറപ്പാക്കും. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ചരിത്ര സംരക്ഷണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും.  പ്രദേശവാസികള്‍ക്ക് ദോഷകരമാവാത്ത രീതിയില്‍ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം.
സ്മാരകങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്രാവശിഷ്ടങ്ങള്‍ പോയ തലമുറയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അത് നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.  തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സര്‍വ്വെക്ക് തുടക്കമിട്ടത്. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍,  ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, ഷോളയൂര്‍- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രാമൂര്‍ത്തി, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ആതിര.ആര്‍.പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനതല തദ്ദേശദിനാഘോഷം:  പ്രചാരണത്തിന് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്

ഫെബ്രുവരി 16 മുതല്‍ 19 വരെ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷ പരിപാടികളുടെ പ്രചാരണാര്‍ത്ഥം തൃത്താല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ് പര്യടനം ആരംഭിച്ചു. തൃത്താല മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് രണ്ട് ദിവസങ്ങളിലായി (ഫെബ്രുവരി 14, 15) ഫ്‌ളാഷ് മോബ് നടക്കുക. തൃത്താല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ക്യാമ്പസിലാണ് ഫ്‌ളാഷ് മോബിന് തുടക്കമായി.  കോളേജ് യൂണിയന്‍ ചെയര്‍മാന്‍ റിജിന്‍ മാനേജറായ ഫ്‌ളാഷ് മോബ് സംഘത്തില്‍ വിദ്യാര്‍ത്ഥികളായ ശ്രീഷ, സ്‌നേഹ, വൃന്ദ, മേഘ, ആതിര, രശ്മി, അശ്വതി, സിദ്ധാര്‍ത്ഥ്, സുഹൈല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

 
സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ കലാപരിപാടികൾക്ക്  തുടക്കമായി ; ഇന്ന് സൂഫി സംഗീതം

തൃത്താല ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള കലാ-സാംസ്കാരിക പരിപാടിയിൽ ഇന്ന് (ഫെബ്രുവരി 15 ) വൈകിട്ട് ആറിന് വട്ടേനാട് ജി.എൽ.പി. സ്‌കൂളിൽ സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫി സംഗീതം അരങ്ങേറും. പ്രണയത്തിന്റെയും വിരഹത്തിന്റെയും ലഹരിയൂറുന്ന സൂഫി ഗസലുകളും ഖവാലികളും സംഗീത പ്രേമികൾക്ക് ആസ്വദിയ്ക്കാം.

ഫെബ്രുവരി  16 ന്

രാവിലെ 10 ന് ഏകദിന ചിത്രകലാക്യാമ്പ് ചാലിശ്ശേരി മുല്ലയംപറമ്പ് ഗ്രൗണ്ടിൽ  ആരംഭിക്കും.

ഫെബ്രുവരി   16 മുതൽ 19 വരെ

മുല്ലയംപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വൈകിട്ട് ആറിന് ലിറ്റൽ എർത്ത് സ്‌ക്കൂൾ ഓഫ്  തിയ്യേറ്റർ അവതരിപ്പിക്കുന്ന നാടകം ‘ക്ലാവർ റാണി’ രാത്രി എട്ടിന് കൂറ്റനാട് ഫോക്ക് വോയ്സിന്റെ നാടൻപാട്ടുകൾ എന്നിവ ഉണ്ടായിരിക്കും

ഫെബ്രുവരി  17 ന്

വൈകിട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നേതൃത്വം നൽകുന്ന 101 പേരുടെ പഞ്ചവാദ്യം രാത്രി എട്ടിന് ഞമനങ്ങോട് തിയേറ്റർ അവതരിപ്പിക്കുന്ന നാടകം ‘പാട്ടബാക്കി’

ഫെബ്രുവരി   18 ന്

അൻസാരി കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാലിന്  മുരളീ മേനോന്റെ സിത്താർ വാദനം, അഞ്ചിന് ചവിട്ടുകളി, മുല്ലയംപറമ്പ് മൈതാനിയിൽ ആറിന് വയലി ബാംബു മ്യൂസിക് എന്നിവ അരങ്ങേറും. ബാംബൂ മ്യൂസികിന് ശേഷം പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. രാത്രി 8 മണിയ്ക്കാണ് സിതാരയുടെയും സംഘത്തിന്റെയും മ്യൂസിക് ഷോ നടത്തുന്നത്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള പ്രൊജക്ട് മലബാറിക്കസ് ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഏറെ പ്രശസ്തമായതാണ്.
സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ലിൽ ഭാരതപ്പുഴയിൽ ഫെബ്രുവരി 18,19 തീയ്യതികളിൽ കയാക്കിംങ്ങ് ഫെസ്റ്റ്നടത്തുന്നുണ്ട്.

 
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: യുവജന കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍  തെളിവെടുപ്പ് നടത്തി. പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നല്ലേപ്പിള്ളി സ്വദേശിയുടെ വീട്ടിലും ആശുപത്രിയിലുമെത്തി സംസ്ഥാന യുവജന കമ്മീഷന്‍ അംഗം  അഡ്വ. ടി മഹേഷ് മൊഴിയെടുത്തു. സംഭവത്തില്‍ യുവജന കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഡോക്ടന്മാരുടെ ഭാഗത്ത് നിന്നും വീഴ്ച  സംഭവിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പറഞ്ഞു.

പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക്
അപേക്ഷിക്കാന്‍ ഇന്ന് കൂടി അവസരം

ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയിലേക്ക് സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനലിലേക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലോണ് പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഇന്ന് (ഫെബ്രുവരി 15) careers.cdit.org ല്‍ ഓണ്‍ലൈനായി നല്‍കാം. ജില്ലാ അടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമാണ് പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കണ്ടന്റ്-വീഡിയോ എഡിറ്റിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 2023 ജനുവരി ഒന്നിന് 35 വയസ്. എഴുത്ത് പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുക. ഒരു വര്‍ഷമാണ് പാനല്‍ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദ വിവരങ്ങള്‍ www.prd.kerala.gov.incareers.cdit.org ല്‍ ലഭിക്കും.

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍: സെലക്ഷന്‍ ട്രയല്‍ 20 ന്

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളാനിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക്  ഫെബ്രുവരി 20 ന് രാവിലെ ഒന്‍പതിന്  ഗവ വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താതപര്യമുള്ളവര്‍ സ്‌കൂള്‍ മേധാവിയുടെ കത്ത,് ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണിലേക്ക്  ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍ നടക്കുകയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491-2505005

തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന  കേന്ദ്രത്തില്‍ ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ  തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു.  താത്പര്യമുള്ളവര്‍ 9188522713, 0491-2815454 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ  പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: 20 വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് ഫെബ്രുവരി 20 വരെ  അപേക്ഷിക്കാം. മുക്കാലി എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേക്കും അഗളി ഏകലവ്യ എം.ആര്‍.എസിലേക്ക് ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അതത് സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ,് റേഷന്‍ കാര്‍ഡ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. ദുര്‍ബല ഗോത്ര വര്‍ഗ്ഗ വിഭാഗക്കാരെ വാര്‍ഷിക വരുമാനം, പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ www.stmrs.in ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അടുത്തുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലോ നല്‍കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അട്ടപ്പാടി ഐ.റ്റി.ഡി.പി-0924 254382, സീനിയര്‍ സൂപ്രണ്ട് മുക്കാലി എം.ആര്‍.സ്്- 9847745135, പ്രിന്‍സിപ്പാള്‍ ഇ.എം.ആര്‍.എസ് അഗളി – 8281230461, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഗളി-6282026874, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുതൂര്‍-8301863310, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷോളയൂര്‍-8907514501.

കിക്മയില്‍ എം.ബി.എ കൂടിക്കാഴ്ച 16 ന്

സഹകരണ വകുപ്പിന് കീഴില്‍ സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ ഫുള്‍ടൈം കോഴ്സിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജില്‍ ഫെബ്രുവരി 16 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ കൂടിക്കാഴ്ച നടത്തുന്നു. കേരള സര്‍വകലാശാല, എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സിലേക്ക് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ സ്പെഷലൈസേഷന്‍ അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പും എസ്.സി/എസ്.റ്റി/ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍, ഫെബ്രുവരിയില്‍ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ലും 9746287745, 8547618290 നമ്പറുകളിലും ലഭിക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് 16 ന്

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 16 ന്  രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന്  എന്യൂമറേറ്റര്‍ നിയമനം. അയിലൂര്‍, നെന്മാറ, പട്ടഞ്ചേരി, മുതലമട, നല്ലേപ്പിള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നീ പഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം).  സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22 നകം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04923 291184

error: Content is protected !!