ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ 2011ൽ തന്നെ നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിൻ ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.