Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

മൊത്തം 66 സ്റ്റാളുകൾ
പ്രവേശനം സൗജന്യം
പ്രവേശന സമയം രാവിലെ 10 മുതൽ രാത്രി ഒൻപതു വരെ

തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന തല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ കെ. ദാമോദരന്റെ നാടകം പാട്ടബാക്കി ഇന്ന് വീണ്ടും അരങ്ങേറും. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായാണ് പാട്ടബാക്കിയെ വിശേഷിപ്പിക്കുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന-വിപണന-പുഷ്പ മേള നടക്കുന്ന ചാലിശ്ശേരി മുല്ലയം പറമ്പ് ക്ഷേത്ര മൈതാനിയില്‍ വൈകിട്ട് എട്ടിന് ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജാണ് നാടകം അവതരിപ്പിക്കുക. ഇതിനു മുമ്പ് മൂന്ന് വേദികളില്‍ ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജ് പാട്ടബാക്കി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തതകളോടെയാണ് തദ്ദേശ ദിനാഘോഷത്തില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകനായ ഇന്ദ്രന്‍ മച്ചാടാണ് ഇതിനായി നാടകത്തിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. തുടർന്ന് വൈകീട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍ നേതൃത്വം നല്കുന്ന നൂറ്റൊന്ന്‌പേരുടെ പഞ്ചവാദ്യം ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന – വിപണന – ഭക്ഷ്യ – പുഷ്പ മേള മുല്ലയംപറമ്പില്‍ തുടരും.

ഫെബ്രുവരി  18 ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സാരഥികളുടെ സമ്മേളനത്തില്‍ ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അദ്ധ്യക്ഷതയില്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍ രാവിലെ 10 ന് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിയ്ക്കും.രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍ ബാലഗോപാല്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിയ്ക്കും.

വൈകിട്ട് നാലിന്  അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍  മുരളീ മേനോന്റെ സിത്താര്‍ വാദനം, അഞ്ചിന് ചവിട്ടുകളി,  ആറിന് മുല്ലയം പറമ്പ് മൈതാനത്ത് വയലി ബാംബു മ്യൂസിക്.  രാത്രി എട്ടിന്  പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും വേദിയിലെത്തും. തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാങ്കല്ലില്‍ ഭാരതപ്പുഴയില്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ കയാക്കിംങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.

തദ്ദേശദിനാഘോഷം: ഏകദിന ചിത്രകലാ ക്യാമ്പിൽ  ഒന്‍പത് പേർ പങ്കെടുത്തു

സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരി മുല്ലയം പറമ്പിൽ ഏകദിന ചിത്രകലാ ക്യാമ്പ് നടന്നു. ഗോപു പട്ടിത്തറ, ബഷീർ തൃത്താല, ശശി, രേവതി വേണു, ജ്യോതി, ജഗത്ത്,  പി.സി രേണുക, ജഗേഷ്, അജയന്‍  എന്നിവർ പങ്കെടുത്തു.

 
 
സംസ്ഥാനതല തദ്ദേശദിനാഘോഷം : പ്രദര്‍ശന -വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രമൈതാനത്ത് ഫെബ്രുവരി 19 വരെ നടക്കുന്ന പ്രദര്‍ശന -വിപണന-പുഷ്പ മേളയില്‍ കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നു. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം ഉപയോഗയോഗ്യമാണെങ്കില്‍ മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് കൈമാറ്റ ചന്തയിലൂടെ നടക്കുക. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസുകളള്‍ മുഖേന കൈമാറ്റ ചന്തയിലേക്ക് വസ്തുക്കള്‍ ശേഖരിച്ചിരുന്നു.  മുല്ലയംപറമ്പില്‍ ഒരുക്കിയ കൈമാറ്റ ചന്തയിലൂടെ സൗജന്യമായി  ആവശ്യക്കാര്‍ക്ക് വസ്തുക്കള്‍ കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.എസ് മനോജ് അറിയിച്ചു. ഉപയോഗയോഗ്യമായ വസ്ത്രം, പുസ്തകം, കളിപ്പാട്ടങ്ങള്‍, ബാഗ്, ഷൂ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈമാറ്റ ചന്തയിലേക്ക് കൈമാറാനുള്ള സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന സന്ദേശ ദിനാഘോഷം : രുചി പകരാന്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ട്

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 19 വരെ ചാലിശ്ശേരി മുല്ലയംപറമ്പില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍  എത്തുന്നവര്‍ക്ക് കുടുംബശ്രീ ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ നിന്നും ഭക്ഷണം ആസ്വദിക്കാം. പാലക്കാടിന്റെ തനത് രുചി ഭേദങ്ങള്‍ക്കൊപ്പം അട്ടപ്പാടി വനസുന്ദരി ചിക്കനും ഫുഡ് കോര്‍ട്ടില്‍ ലഭിക്കും. പാലക്കാട് ഒരുമ ട്രാന്‍സ്‌ജെന്റര്‍ കാന്റീന്‍ സംരംഭകരുടെ ജ്യൂസ് കൗണ്ടറും മേളയില്‍ ഉണ്ടായിരിക്കും.

ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെന്റ് ഉദ്ഘാടനം ഇന്ന്
 നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ പാലക്കാട് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഇന്ന് (ഫെബ്രുവരി 17ന്) രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ ഷാദി മഹലിൽ നടക്കുന്ന ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെന്റിന്റെ ഉദ്ഘാടനവും ക്യാച്ച് ദി റൈൻ മൂന്നാംഘട്ടത്തിന്റെ ലോഞ്ചിങ്ങും വി.കെ ശ്രീകണ്ഠൻ എം.പി നിർവഹിക്കും. ജില്ലാ കലക്ടർ ഡോ.ചിത്ര അധ്യക്ഷയാവുന്ന പരിപാടിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നിനാൻ സ്പോർട്സ് കിറ്റ് വിതരണം ചെയ്യും. രാവിലെ 11 ന് യൂത്ത് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എന്ന വിഷയത്തിൽ ബ്രഹ്മനായകം മഹാദേവൻ ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് രണ്ടിന് കലാപരിപാടികൾ ഉണ്ടായിരിക്കും. വൈകിട്ട് മൂന്നിന് ഇന്ത്യാസ് ജി20 പ്രസിഡൻസി എന്ന വിഷയത്തിൽ അഡ്വ. റെബിൻ വിൻസന്റ് ഗ്രാലൻ ക്ലാസ്സെടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ, എൻ.വൈ.കെ ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീഖ്, വിക്ടോറിയ കോളെജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എസ് സന്ധ്യ, ഒറ്റപ്പാലം എൻ.എസ്.എസ് കോളെജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹിമ, എൻ.വൈ.കെ അക്കൗണ്ട്സ് ആൻഡ് പ്രോഗ്രാം ഓഫീസർ എൻ. കർപ്പക്കം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം : വകുപ്പ്തല ശില്‍പശാലയ്ക്ക് തുടക്കമായി

യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി  സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാലയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദ്വിദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വികസനം, സര്‍വ്വീസ്, റെഗുലേറ്ററിഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തില്‍ 47 വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇന്ന് (ഫെബ്രുവരി 17)  രാവിലെ 10 ന് നടക്കുന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥിയാവും. എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിക്ടോറിയ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. വി.സുരേഷ്, ഐ.സി.ടി യു പ്ലാനിങ് കോപറ്റന്‍സി ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍സ് മേധാവി എ.എസ് മനോജ്, കെ- ഡിസ്‌ക് ജില്ലാ കോ-ഓഡിനേറ്റര്‍ എം. കിരണ്‍ദേവ് എന്നിവര്‍ സംസാരിച്ചു.

വനിതാ കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ അധ്യക്ഷതയില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. മൂന്ന് പരാതികളില്‍ കൗണ്‍സലിങ് നല്‍കി. ജില്ലാ പഞ്ചായത്ത് വിര്‍ച്വല്‍ ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ഡയറക്ടര്‍ പി.ബി. രാജീവ്, കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, കൗണ്‍സലര്‍ പി. ബിന്ത്യ, അസിസ്റ്റന്റ്് ബൈജു ശ്രീധരന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ഫര്‍ണിച്ചര്‍, ബെഞ്ച്, ഡെസ്‌ക് എന്നിവയുടെ വിതരണോദ്ഘാടനം തേന്‍കുറിശ്ശി ജി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഷാബിറ ടീച്ചര്‍ അധ്യക്ഷയായ പരിപാടിയില്‍ തേന്‍കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മിദേവി, വാര്‍ഡ് അംഗം കെ.കൃഷ്ണന്‍കുട്ടി, പി.ടി.എ പ്രസിഡന്റ് പി.ഗോപാലന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഗീത, പ്രിന്‍സിപ്പാള്‍ ആര്‍.വിജയകുമാര്‍, ഹെഡ്മിസ്ട്രസ് ആര്‍.വിജയകുമാരി എന്നിവര്‍ സംസാരിച്ചു.

പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് 22 വരെ  അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം. സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഫെബ്രുവരി 22 നകം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ
ദി ഇഗ്നൈറ്റ്’ ബോധവത്കരണ പരിപാടി ഇന്ന്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  ‘ദി ഇഗ്‌നൈറ്റ്’ എന്ന പേരില്‍ ഇന്ന് (ഫെബ്രുവരി 17) ഹോട്ടല്‍ ഡിസ്ട്രിക്ട് നയനില്‍ രാവിലെ ഒമ്പത് മുതല്‍ ബോധവത്കരണ പരിപാടി  സംഘടിപ്പിക്കുന്നു.  സ്റ്റാര്‍ട്ടപ്പുകളില്‍ തുക നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള-23 ന്റെ മുന്നോടിയായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്‌നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പ്രൊഡക്ട് എക്‌സ്‌പോ, ഇന്‍വസ്റ്റര്‍ കഫെ, പിച്ച് ക്ലിനിക്ക്, മാസ്റ്റര്‍ ക്ലാസ്, തുടങ്ങി വിവിധ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയാണ് ഇഗ്‌നൈറ്റിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങള്‍ക്കായി ബോധവത്ക്കരിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നിവയും ഇഗ്നൈറ്റിന്റെ  ലക്ഷ്യങ്ങളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപസമൂഹവുമായി ക്രിയാത്മകമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍, നിക്ഷേപ സാധ്യതയുള്ള ധനശേഷിയുള്ള വ്യക്തികള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍, പാലക്കാടിന്റെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ ത്വരിതപ്പെടുത്തുന്നതിന് ഈ മേഖലയിലെ പങ്കാളികളുമായുള്ള കൂടിയാലോചനകള്‍ എന്നിവയും ഇഗ്നൈറ്റിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://seedingkerala.com/ignitepalakkad.html ലും vignes[email protected]  ലും ബന്ധപ്പെടാം.

ചിറ്റൂര്‍ ബ്ലോക്കില്‍ വാട്ടര്‍ എ.ടി.എം ഉദ്ഘാടനം ചെയ്തു

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ ഉദ്ഘാടനം് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് നിര്‍വഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.സിന്ധു, ജെ. മഹേഷ്,  എന്‍.കെ മണികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി സരോജ, കെ.വിജയന്‍, ബാബുരാജ്, വി. ഹരിപ്രസാദ്, കെ. സരിത, കെ.സതീഷ് കുമാര്‍, സുബൈറത്ത്, സി.വിശാലാക്ഷി, ബിന്ദു വിജയന്‍ എന്നിവര്‍ സംസാരിച്ചു.


ശീതള പാനീയ വില്പന: ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു

ജലജന്യ രോഗങ്ങള്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശീതള പാനീയ കടകളില്‍ പരിശോധന ആരംഭിച്ചു.  ജില്ലയിലെ 39 കടകള്‍ പരിശോധിച്ചതില്‍ എട്ട് കടകള്‍ക്ക് പിഴ നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ പ്രദീപ്കുമാര്‍ പറഞ്ഞു. ജ്യൂസില്‍ ചേര്‍ക്കുന്ന പാലിന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയം ഇത്തരം കേസുകള്‍ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ശീതള പാനീയ കടകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യാപക പരിശോധന നടത്തിയത്. ശീതള പാനീയങ്ങള്‍ തയ്യാറാക്കാന്‍ ശുദ്ധജലം ഉപയോഗിക്കുക, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി നല്‍കരുത്, ശീതള പാനിയങ്ങള്‍, ഐസ് എന്നിവ തയ്യാറാക്കാന്‍ ശുദ്ധജലം ഉപയോഗിക്കുക, ജ്യൂസിനുള്ള പഴങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗിക്കുക, കേടായ പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങീയ നിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ജീവനക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധന സമയത്ത് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് ഫോട്ടോ എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -0466-2220450.

വാഹനം വാടകയ്ക്ക് : ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ് മെഡിക്കല്‍ കോളേജിലേക്ക് ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 12 നും 14 ലക്ഷത്തിനും ഇടയ്ക്ക് വിലവരുന്ന എസ്.യു.വി/എം.യു.വി/കാര്‍ എന്നിവയാണ് ആവശ്യം. താത്പര്യമുള്ളവര്‍ വാഹന ഉടമയുടെ പേര്, മേല്‍വിലാസം, ഫോണ്‍, ആധാര്‍ നമ്പര്‍, വാഹനത്തിന്റെ വിവരങ്ങള്‍, കമ്പനി, വാഹനത്തിന്റെ പേര്, മോഡല്‍, നിര്‍മ്മാണ വര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ സഹിതം ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിനകം ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ് ഗവ. മെഡിക്കല്‍ കോളേജ്, ഈസ്റ്റ് യാക്കര, പാലക്കാട് 678013 വിലാസത്തില്‍ നല്‍കണം. ക്വട്ടേഷനുകള്‍ അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. ഫോണ്‍-0491 2951010

error: Content is protected !!