സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ആറന്മുള കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഹീമോ ഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു.
ആരോഗ്യവകുപ്പ് ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, വുമണ്‍ സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. ഇതുകൂടാതെ ജില്ലയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗ് ആരംഭിച്ചു. പരിശോധനയില്‍ അനീമിയ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ചികിത്സ നല്‍കും.
വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം നാലിന് കണ്ണൂര്‍ തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയില്‍ നിന്നും മുക്തിനേടാം.