Input your search keywords and press Enter.

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)

സ്വകാര്യ ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ജില്ലാ കളക്ടര്‍
   ജില്ലയിലെ ജലാശയങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, എഞ്ചിനില്ലാത്ത വള്ളങ്ങള്‍ എന്നിവയ്ക്ക് ഡി.റ്റി.പി.സി മുഖാന്തിരമുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി.
നിര്‍ദിഷ്ട പ്രൊര്‍ഫോമയില്‍/ആപ്ലിക്കേഷന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.   വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന എല്ലാ യാനങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ്.  അവസാനിക്കുന്നതിന് മൂന്ന്  മാസം മുമ്പ് പുനര്‍ ലൈസന്‍സിന് നിബന്ധനകള്‍ പ്രകാരം അപേക്ഷിക്കണം.  രാത്രി താമസസൗകര്യം ഉള്ള ഹൗസ്‌ബോട്ടുകള്‍ ഒഴികെ എല്ലാ യാനങ്ങള്‍ക്കും പ്രവര്‍ത്തനസമയം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. ജൈവ-അജൈവ മാലിന്യങ്ങള്‍ ജലാശയങ്ങളിലോ സമീപ പ്രദേശങ്ങളിലോ നിക്ഷേപിക്കരുത്. മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനുമായി പ്രകൃതിസൗഹൃദ ശാസ്ത്രീയ സംവിധാനം ഉണ്ടായിരിക്കണം. ജലാശയം മലിനമാക്കരുത്. രാത്രി താമസസൗകര്യം ഉള്ള ഹൗസ്‌ബോട്ടുകള്‍ രാവിലെ ആറ് മുതല്‍ ഉപയോഗിക്കാം. വൈകിട്ട് ആറ്  മണിക്ക് സുരക്ഷിതമായ സ്ഥലത്ത് ഡോക്ക് ചെയ്യണം.
ക്രൂയിസ് ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവ തുക/വാടക ഡി.റ്റി..പി.സി അംഗീകാരത്തോടെ നിശ്ചയിക്കണം. ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. സര്‍വീസ് രജിസ്റ്റര്‍ ഹൗസ്‌ബോട്ട് ഓഫീസില്‍ സൂക്ഷിക്കണം. പ്ലാസ്റ്റിക്-പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ അനുവദനീയമല്ല. ഡീസല്‍ ജനറേറ്റര്‍ സെറ്റ് പരിസ്ഥിതി സൗഹൃദമായിരിക്കണം. നിശ്ചിത ഇടങ്ങളില്‍ ബോട്ടുകള്‍ പാര്‍ക്ക് ചെയ്യാം. ജലകായിക വിനോദങ്ങള്‍ക്ക് ഡി. റ്റി.പി.സി അനുവദിക്കുന്ന സ്ഥലംമാത്രം ഉപയോഗിക്കാം. നിയമാനുസൃത ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് വാര്‍ഷിക പരിശോധന നടത്തും.
അപേക്ഷ ഫോമിനൊപ്പം അണ്ടര്‍ ടേക്കിങ്, ബോട്ട് രജിസ്‌ട്രേഷന്‍, ലൈസന്‍സ് (ക്രൂ ലൈസന്‍സ്) സര്‍വേ, പൊളൂഷന്‍, ജലഗതാഗത യോഗ്യമാണോ എന്ന് തെളിയിക്കുന്നത്, ഇന്‍ഷുറന്‍സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് സ്വയംസാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഷന് ഹാജരാക്കണം. ടൂറിസം വകുപ്പ്/ഡി.റ്റി.പി.സി/ ഗ്രാമപഞ്ചായത്ത് എന്നിവ ഉള്‍പ്പെടുന്ന കൗണ്‍സില്‍ ജലയാനപരിശോധനയ്ക്കായി രൂപീകരിക്കും.
കേരള മാരിടൈം ബോര്‍ഡില്‍ നിന്നും ലഭ്യമായ അഞ്ച് വര്‍ഷ കാലാവധിയുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ സര്‍വേ സര്‍ട്ടിഫിക്കറ്റ്, യാനങ്ങളിലെ ജീവനക്കാരുടെ ലൈസന്‍സുകളുടെ പകര്‍പ്പ് എന്നിവ യാനത്തില്‍ ഉണ്ടാകണം. ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍
 പ്രിസം പാനല്‍ പരീക്ഷ 21-ന്
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എന്നിവരുടെ പ്രിസം പാനലിലേക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 21ന് നടക്കും. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജാണ് പരീക്ഷാ കേന്ദ്രം.
കണ്ടന്റ് എഡിറ്റര്‍ പാനലിലേക്കുള്ള പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയും നടക്കും. പരീക്ഷ എഴുതുന്നതിനുള്ള വെള്ളപേപ്പര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും നല്‍കും. പേപ്പറിന് മുകളിലായി എല്ലാ പേജിലും ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ ദിവസം രാവിലെ 10 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ്  ഹാളിനുള്ളില്‍ പ്രവേശിക്കണം. പരീക്ഷ ആരംഭിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. .
പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ അനുവദിക്കില്ല. ബാഗുകളും മറ്റും ഹാളിന് പുറത്ത് സൂക്ഷിക്കണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറുകള്‍ ഉത്തരക്കടലാസുകള്‍ക്കൊപ്പം തിരികെ നല്‍കണം.

ഉത്സവമേഖല-മദ്യനിരോധനം
 കടയ്ക്കല്‍ ശ്രീ ദേവിക്ഷേത്രത്തിലെ കുംഭതിരുവാതിര മഹാത്സവത്തോടനുബന്ധിച്ച്  മാര്‍ച്ച് രണ്ടിന് കടയ്ക്കല്‍, ചിതറ, ചടയമംഗലം എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. സമ്പൂര്‍ണ മദ്യനിരോധനവും ഏര്‍പ്പെടുത്തി, പാലിക്കുന്നവെന്ന് ഉറപ്പാക്കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം എന്നിവയുടെ നിശ്ചിത ചട്ടങ്ങള്‍ പാലിക്കണം.  ക്രമസമാധാനപാലനത്തിനാവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും.

ദീപം തെളിയിക്കല്‍
സര്‍ക്കാര്‍ എസ്.സി/എസ്.ടി സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ  26-ാം  ബാച്ചിന്റെ ദീപം തെളിയിക്കല്‍ ചടങ്ങ്  ഫെബ്രുവരി 21ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ടി. ലത ദീപം തെളിയിക്കും. നഴ്‌സിംഗ് ട്യൂട്ടര്‍ പി. ശ്രീദേവി പ്രതിജ്ഞ ചൊല്ലും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ്കുമാര്‍, ഡി.പി.എം. ഡോ.ദേവ് കിരണ്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ.വി.കൃഷ്ണവേണി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ഡി.എന്‍.ഒ  ഇ. അജിതകുമാരി, സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.സാലമ്മ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാധ്യമ പ്രഭാഷണ ഏകദിന ശില്‍പശാല;
അപേക്ഷ 20 വരെ സ്വീകരിക്കും
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജേണലിസം വിദ്യാര്‍ഥികള്‍ക്കായി  മാധ്യമ പ്രഭാഷണ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.
പത്ര-ദൃശ്യ-ശ്രവ്യ-നവ മാധ്യമങ്ങള്‍ ഇന്ന് ഏറെയാണ്. ജേര്‍ണലിസം ഒരു തൊഴിലിനൊപ്പം പാഷനുമായി കാണുന്ന യുവജനങ്ങള്‍ വര്‍ധിച്ചു വരുന്നുമുണ്ട്. ഇവര്‍ക്ക് അവസരങ്ങള്‍ക്കൊപ്പം അറിവും അനുഭവവേദ്യമാക്കുകയാണ് ശില്‍പശാലയുടെ  ലക്ഷ്യം.
മാറുന്ന കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനവും പൊതുജനസമ്പര്‍ക്ക കാഴ്ചപ്പാടും എന്ന വിഷയത്തിലും മാധ്യമഫോട്ടോഗ്രാഫി രംഗത്തെ നൂതന ആശയങ്ങളും എന്ന വിഷയത്തിലുമൂന്നിയാണ് ഈ മാസം അവസാനം (2023 ഫെബ്രുവരി) ശില്‍പശാല സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജേണലിസം വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയുടെ  കോപ്പി എന്നിവയും ‘എന്തുകൊണ്ട് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരാകണം’ എന്ന വിഷയത്തില്‍ എ4 സൈസ് പേപ്പറില്‍ രണ്ടു പേജില്‍ കവിയാത്ത ലേഖനവും സഹിതം അപേക്ഷിക്കണം. 50 പേര്‍ക്കാണ് അവസരം.
അപേക്ഷിക്കേണ്ട വിലാസം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കൊല്ലം. അവസാന തീയതി 2023 ഫെബ്രുവരി 20 വൈകുന്നേരം നാലു മണി. വിവരങ്ങള്‍ക്ക് 04742794911, 9846063499 നമ്പറുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം.

ഗ്രാമശ്രീ  ഹോര്‍ട്ടി സ്റ്റോറുകള്‍ തുടങ്ങാം
ഹോര്‍ട്ടികോര്‍പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടിസ്റ്റോറുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം ഉണ്ടാകണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് 25000 രൂപ അടയ്ക്കണം. നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ സ്റ്റോറുകള്‍ ക്രമീകരിക്കണം. മാനേജിങ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്, ഉദയഗിരി, പൂജപ്പുര (പി.ഒ), തിരുവനന്തപുരം- 695012 വിലാസത്തില്‍ സംരംഭകര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9447625776, 0471 2359651.

അദാലത്ത്
പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തി ജപ്തി നടപടി നേരിടുന്ന കൊല്ലം താലൂക്ക് പരിധിയിലുള്ളവര്‍ക്കായി ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കൊല്ലം താലൂക്ക് ഓഫീസില്‍ അദാലത്ത് നടത്തും. ഫോണ്‍: 0474 2764440, 9400068502.

സൗജന്യ ബീച്ച്അംബര്‍ല വിതരണം
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ ബീച്ച്അംബര്‍ല വിതരണോദ്ഘാടനം ഫെബ്രുവരി 23ന് വൈകിട്ട് മൂന്നിന് ജവഹര്‍ ബാലഭവന്‍ മിനി ഓഡിറ്റോറിയത്തില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. സെലീന ബീവി അധ്യക്ഷയാകും.

ടെന്‍ഡര്‍
മുഖത്തല ഐ.സി.ഡി.എസ് പ്രോജക്ടിലെ 100 അംഗനവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍/അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു.  ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍  0474 2504411.

അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്  കോളജില്‍  ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. 18 വയസ് പൂര്‍ത്തിയാകണം. എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് സൗജന്യം. മറ്റ് വിഭാഗക്കാര്‍ക്ക് 5040 രൂപയാണ് ഫീസ്. ഫോണ്‍ 9447488348, 0476 2623597.

.അനുയോജ്യത നിര്‍ണയം
 കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നം. 105/2020) തസ്തികയുടെ സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ അനുയോജ്യത നിര്‍ണയം മാര്‍ച്ച് രണ്ടിന് രാവിലെ എട്ടിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഒ.ടി.വി സര്‍ട്ടിഫിക്കറ്റും, അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. പ്രത്യേക പ്രവേശന ടിക്കറ്റ് പ്രൊഫൈലില്‍ നല്‍കിയിട്ടില്ല. ഫോണ്‍: 0474 2743624.

അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട  എല്‍. ബി. എസ്സ് സെന്ററില്‍   ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) ഡി.സി.എ (എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് നാലിനകം   www.lbscentre.kerala.gov.in/services/courses ലിങ്കില്‍ അപേക്ഷിക്കണം.    എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 9446854661.

റേഷന്‍കട ലൈസന്‍സി-അപേക്ഷ ക്ഷണിച്ചു
  കൊല്ലം കോര്‍പ്പറേഷന്‍ 12-ാം വാര്‍ഡിലെ (തേവളളി) കെ.എസ്.ആര്‍ടി.സി ബസ്സ്റ്റാന്റ്  പരിസരത്തുള്ള  റേഷന്‍കടയ്ക്കായി ലൈസന്‍സിയെ  സ്ഥിരമായി നിയമിക്കുന്നതിന്  പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   മാര്‍ച്ച് 16 വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും www.civilsupplieskerala.gov.in ജില്ലാ/താലൂക്ക്  സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0474 2794818.

കശുവണ്ടി ലഭ്യമാക്കാന്‍ നടപടികളായി
കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പക്‌സ് ഫാക്ടറികളുടെ  പ്രവര്‍ത്തനങ്ങള്‍ക്കായി കശുവണ്ടി ലഭ്യമാക്കുമെന്ന് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരായ എസ്. ജയമോഹന്‍, എം. ശിവശങ്കരപ്പിള്ള എന്നിവര്‍ അറിയിച്ചു.  2023 ല്‍ കുറഞ്ഞത് 160 ദിവസം ജോലി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇഎസ്‌ഐ ആനുകൂല്യവും ഇതുവഴി ഉറപ്പാക്കാനാകും.
കാഷ്യൂബോര്‍ഡ് വഴിയാണ് തോട്ടണ്ടി സംഭരണം.  മൊസാംബിക്കില്‍ നിന്നും 2100 മെട്രിക്  ടണ്‍ തോട്ടണ്ടി തൂത്തുക്കുടിയില്‍ എത്തിച്ചു. 3300 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഘാനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കരാറായി. ഐവറികോസ്റ്റില്‍  നിന്നും 5000 മെട്രിക്ക്ടണ്ണും, ഘാനയില്‍ നിന്നും 3000 മെട്രിക്ക്ടണ്ണും നാടന്‍ തോട്ടണ്ടി  പരമാവധി സംഭരിച്ച് തൊഴില്‍ നല്‍കാനാണ് പദ്ധതി.
മാര്‍ച്ചില്‍ 15 ദിവസവും തുടര്‍ന്നുള്ള മാസങ്ങളില്‍ 20 ദിവസവും വീതവുമാണ് തൊഴില്‍ നല്‍കാമെന്ന് പ്രതീക്ഷിക്കുന്നത്. പൊതുമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി നഷ്ടമില്ലാതെ മുന്നോട്ടു പോകാന്‍ ട്രേഡ്‌യൂണിയനുകളും, തൊഴിലാളികളും സഹകരിക്കണമെന്നും വ്യവസായ കശുവണ്ടിവകുപ്പ് മന്ത്രി പി. രാജീവ് നിര്‍ദ്ദേശം നല്‍കി
തൊഴിലാളികളുടെ കൂലിവര്‍ദ്ധനവും ഇതര വിഷയങ്ങളും പരിഹരിക്കാന്‍  സംസ്ഥാന സര്‍ക്കാര്‍, ട്രേഡ് യൂണിയന്‍, വ്യവസായി പ്രതിനിധികളുടെ സബ്കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയെന്നും വ്യക്തമാക്കി.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഫെബ്രുവരി 24ന് അഭിമുഖം നടത്തും. പ്ലസ്ടു, അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. രാവിലെ 10.30 ന്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍:    8281359930, 7012212473.

ലൈസന്‍സ് റദ്ദാക്കി
ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊല്ലം താലൂക്കിലെ കിളികൊല്ലൂര്‍ ഫര്‍ക്കയില്‍ 158 ആം നമ്പര്‍ റേഷന്‍ ഡിപ്പോ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കാത്ത വിധത്തില്‍ സമീപത്തുള്ള റേഷന്‍ ഡിപ്പോ നമ്പര്‍ 152ല്‍ ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ക്രമീകരണം നടത്തിയിട്ടുണ്ട്. പോര്‍ട്ടബിലിറ്റി സൗകര്യം ഉള്ളതിനാല്‍ കാര്‍ഡുടമകള്‍ക്ക് ഏത് റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം
അഞ്ചല്‍ ബ്ലോക്ക് പരിധിയില്‍ വെണ്മണിയോട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍ വാടിയുടെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതിന് താല്‍ക്കാലികമായി കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു.
അഞ്ചല്‍ ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 21- 45 വയസ്സ്. പട്ടികജാതി വികസന വകുപ്പിലോ ഇതര സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി  പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 8000 രൂപ ഓണറേറിയം. ഒരു വര്‍ഷമാണ് നിയമന കാലാവധി.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

error: Content is protected !!