Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 20/02/2023)

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ  പ്രാദേശിക പ്രത്യേകത ഉള്‍ക്കൊണ്ടുള്ള  സംരംഭങ്ങളാണ് ലക്ഷ്യമെന്ന്  മന്ത്രി എം.ബി രാജേഷ്

ഒരു തദ്ദേശം ഒരു ആശയം എന്നതാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ മുദ്രാവാക്യമെന്നും ഓരോ തദ്ദേശസ്ഥാപന പരിധിയിലെ  പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് ഒരോ സംരംഭം എന്നതാണ് ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ കൊഴിഞ്ഞാമ്പാറയില്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മില്‍ക്കോ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പഞ്ചായത്തുകളിലൊന്നായ കൊഴിഞ്ഞാമ്പാറയില്‍  നൂതനവും ജനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നതുമായ മൂല്യവര്‍ധിത പാല്‍ ഉത്പന്നങ്ങളാണ് മില്‍ക്കോ ബ്രാന്‍ഡിലൂടെ വിപണിയിലെത്തിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള പ്രസ്ഥാനമാണ് കുടുംബശ്രീ. പുതിയതും വൈവിധ്യവുമായ മേഖലകളിലേക്ക് കുടുംബശ്രീ കടക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. സംരംഭകരെ വളര്‍ത്താന്‍ സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. സംരംഭകത്വം വളര്‍ത്തുന്നതില്‍ വലിയ പങ്ക് കുടുംബശ്രീക്കുണ്ട്.

മൂല്യവധിത ഉത്പന്നങ്ങളുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകനുള്ളതാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ലാഭവിഹിതം കര്‍ഷകന് നല്‍കി കേരളം ഇന്ത്യക്ക് മാതൃകയാവണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍, മറ്റ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തദ്ദേശ കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇത് നേരിടാന്‍ കൃത്യമായ തയ്യാറെടുപ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍  മില്‍ക്കോ യൂണിഫോം വിതരണം, വനിതകള്‍ക്കുള്ള കറവപ്പശു ധനസഹായം എന്നിവ  ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ്. വി.മുരുകദാസ് നിര്‍വഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.ബി പത്മജ, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ സുജീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് മനോജ്, ഡോ. എസ് ആര്‍ മോഹന ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു: മന്ത്രി എം ബി രാജേഷ്

സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്ന് തദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് 20 വര്‍ഷം മുമ്പ് ആരംഭിച്ച സൗരോര്‍ജ്ജ ഉത്പാദന പദ്ധതിയുടെ ആദ്യ സ്ഥാപിത ശേഷിയേക്കാള്‍ 140 ശതമാനം  സോളാര്‍ വൈദ്യുതിയാണ് കഴിഞ്ഞ 20 മാസംകൊണ്ട്  ഉണ്ടാക്കാനായത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി   വടകരപതി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ വൈദ്യുതി സാമ്പത്തിക ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കും. നവീനവും വ്യത്യസ്തവും മാതൃകാപരവുമായ പദ്ധതികളാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.  ജലക്ഷാമം നേരിടുന്നതിന് ചിറ്റൂരില്‍ സ്വീകരിച്ച പദ്ധതി മാതൃകയാണെന്നും ഇത് തൃത്താലയിലും പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് തദ്ദേശ സ്വയംഭരണം. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കുന്ന വകുപ്പാണ്. വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ കുറച്ചു കാണിക്കാനുള്ള പ്രവണതകള്‍ ശക്തമാണ്. തെറ്റായ പ്രചരണങ്ങള്‍ അത് തെറ്റാണെന്ന് തെളിഞ്ഞാലും ആവര്‍ത്തിക്കുന്നു. ഗുണഭോക്താക്കളായ ജനങ്ങള്‍ സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രസ്തുത പരിപാടിയില്‍ സോളാര്‍ കനോപ്പി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഓരോ കുടുംബങ്ങളിലും ചുരുങ്ങിയ വരുമാനം ഉറപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിലാണ് വൈദ്യുതി ചാര്‍ജിങ് നടത്തുക എന്നതും പ്രത്യേകതയാണ്. പുരയിട കൃഷിക്കായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ അനുവദിച്ചു നല്‍കും. ആട്,കോഴി എന്നിവ വളര്‍ത്തുന്നതിന് ഒരു ശതമാനം പലിശയ്ക്ക് സഹായം ലഭിക്കും. വടകര പതിയില്‍ പച്ചക്കറിയുടെ നാനോ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കും. ഇതോടെ കീടനാശിനി രഹിത പച്ചക്കറി വിദേശ മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യാനാവും. മണ്ഡലത്തിലെ തിരഞ്ഞെടുത്ത 10 അങ്കണവാടികള്‍ക്ക്  സോളാര്‍ പദ്ധതികള്‍ അനുവദിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സോളാര്‍ കോള്‍ഡ് സ്റ്റോറേജ് അനുവദിച്ച്  കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണ-വിപണന സാധ്യതകള്‍  വര്‍ദ്ധിക്കും. സോളാര്‍ കനോപ്പി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനിലൂടെ  ഒരേസമയം മൂന്ന് കാറുകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും ഒരു ഇരുചക്ര വാഹനത്തിനും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ക്ക് ചാര്‍ജിങ്  നടത്താന്‍ കഴിയും. വടകരപതി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അധ്യക്ഷനായി. വടകരപ്പതി-കൊഴിഞ്ഞാമ്പാറ-പെരുമാട്ടി-നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ബ്രിട്ടോ, എം.സതീഷ്, എസ്.അനീഷ, റിഷാ പ്രേംകുമാര്‍, ജില്ല പഞ്ചായത്തംഗം മാധുരി പത്മനാഭന്‍, വാര്‍ഡ് അംഗം മിനി മുരളി, റീസ് എഞ്ചിനീയര്‍ പി.സതീഷ്, റീസ് ഡയറക്ടര്‍ ആര്‍.സുകു,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ തെളിവെടുപ്പ് ഇന്ന്

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചിട്ടുള്ള രണ്ടാം അപ്പീല്‍ ഹരജിക്കാര്‍, പൊതുവിവരാധികാരികള്‍, ഒന്നാം അപ്പീല്‍ മേധാവികള്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം അധ്യക്ഷനാവുന്ന തെളിവെടുപ്പില്‍ രേഖകളുമായി എത്തണം. ഓഫീസര്‍മാര്‍ തല്‍സ്ഥിതി വിവരണം കൂടി ഹാജരാക്കണം.

പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് 22 വരെ  അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം. സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഫെബ്രുവരി 22 നകം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് ഇന്ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്ററും, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി ഇന്ന് (ഫെബ്രുവരി 21) ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ്  തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒന്‍പതിന് എം.ഇ.എസ് കല്ലടി കോളേജില്‍ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04912505435, 8848641283

അറബിക് ലാംഗ്വേജ് ടീച്ചര്‍ : അഭിമുഖം 24 ന്

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എട്ട്  എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 225/2022) തസ്തിക അഭിമുഖം ഫെബ്രുവരി 24 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/ എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ,തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0471 2505398

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2- റാങ്ക് പട്ടിക റദ്ദാക്കി

ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) നിയമനത്തിന് (കാറ്റഗറി നമ്പര്‍ 310/2018) വിജ്ഞാപന പ്രകാരം 2020 ജനുവരി 28 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍  കോഴ്‌സിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്കാണ് അവസരം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ഇ.സി വിഭാഗകാര്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.lbscentre.kerala.gov.in,   www.ibscentre.kerala.gov.in/services/courses സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ് സെന്റര്‍, നൂറണി, പാലക്കാട്-14 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 0491- 2527425

മണപ്പുള്ളിക്കാവ് വേല:  മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.സി.എ/ ബിടെക്, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബി.ടെകാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഫെബ്രുവരി 22 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecskp.ac.in സന്ദര്‍ശിക്കാം. ഫോണ്‍ – 0466 2260565

                                                                                                       
error: Content is protected !!