Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ ( 21/02/2023)

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം: അപേക്ഷ മാര്‍ച്ച് ഒന്ന് വരെ ദീര്‍ഘിപ്പിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസ് സംസ്ഥാനത്തിനകത്ത് പഠനം പൂര്‍ത്തീകരിക്കുകയും പരീക്ഷകളില്‍ ആദ്യ തവണ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷന്‍, തത്തുല്യ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ തീയതി മാര്‍ച്ച് ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക,് പ്രൊഫഷണല്‍ ബിരുദം,  പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പത്താം ക്ലാസ് എസ്.എസ്.എല്‍.സി സിലബസ് പഠിച്ചവരെയാണ് പരിഗണിക്കുക. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ,് മാര്‍ക്ക് ലിസ്റ്റ,് ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പുമായി ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രിന്റൗട്ട് ബ്ലോക്ക് മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം എന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ – 0491 2505005

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ റീ ഷിഫ്റ്റ് ചെയ്ത ക്രഷിലേക്ക് കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം,  മാനസികോല്ലാസം, പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിംഗ് എന്നിവയ്ക്ക് ഗുണമേന്മയുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സാധനങ്ങളുടെ ജി.എസ്. ടി അടങ്ങിയ വില ടെന്‍ഡറില്‍ രേഖപ്പെടുത്തണം. 1500 രൂപയാണ് നിരതദ്രവ്യം.  മാര്‍ച്ച് ഒന്നിന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ -0491-2911098

കെല്‍ട്രോണ്‍ കോഴ്‌സ് :  അപേക്ഷിക്കാം

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ 0491-2504599, 8590605273

ജില്ലാ വികസന സമിതിയോഗം 25 ന്

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 25 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഭക്ഷ്യ സുരക്ഷയില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി ) ഭക്ഷ്യ സുരക്ഷയില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവര്‍, സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍, നിയമവശങ്ങള്‍ സംബന്ധിച്ചാണ് വെബ്ബിനാര്‍ നടക്കുക. ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈനായാണ് വെബ്ബിനാര്‍ നടക്കുക. താത്പര്യമുള്ളവര്‍ www.kied.info -ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.ഫോണ്‍-  0484 2532890, 0484 255032

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മാര്‍ച്ച് ആറിന്

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 24 ന് നടത്താന്‍ നിശ്ചയിച്ച പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മാര്‍ച്ച് ആറിന് രാവിലെ 11  ന് നടത്തുമെന്ന് പാലക്കാട് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.

ഫോറസ്റ്റ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് 3,4 തീയതികളില്‍

ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒന്നാം ഘട്ട സിറ്റിംഗ് മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ പാലക്കാട് എസ്.ബി.ഐ ജംഗ്ഷനിലെ ഡി.റ്റി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ – 0495 2365091

 

പട്ടയമുണ്ടായിട്ടും കൈവശ രേഖയില്ലാതെ ഭൂമി ക്രയവിക്രയം സാധ്യമാകാത്തതിന്  ശാശ്വത  പരിഹാരമായി അനുയോജ്യ തീരുമാനത്തിന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്  സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഒട്ടാകെ പട്ടയം ലഭിച്ചിട്ടും കൈവശ രേഖയില്ലാത്തതിനാല്‍ ഭൂമി ക്രയവിക്രയം ചെയാന്‍ കഴിയാത്ത 1000 കണക്കിനാളുകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന ലാന്റ് ബോര്‍ഡിനോട് അനുയോജ്യമായ തീരുമാനം എടുത്ത് കമ്മീഷനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ അഗളി ലാന്റ് ട്രൈബ്യൂണിലെ പട്ടയ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ അപേക്ഷകര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനോ ക്രയവിക്രയം ചെയ്യാനോ സാധ്യമാകാത്ത സാഹചര്യമടങ്ങിയ പരാതി കമ്മീഷന് മുന്നില്‍ ലഭിച്ചു.  ഈ അപേക്ഷകളില്‍ മാര്‍ച്ച് 16 നകം ബാക്ക് ഫയല്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സമയം അനുവദിച്ചു. വിദ്യാഭ്യാസ-റവന്യൂ വകുപ്പുകളിലെ ചില ഫയലുകള്‍ ഇനിയും കണ്ടെത്തി നല്‍കാന്‍ ഉണ്ട്. മാര്‍ച്ച് 16 നകം ബന്ധപ്പെട്ട ഫയല്‍ കണ്ടെത്തി അപേക്ഷകര്‍ക്ക് നല്‍കുമെന്ന് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ കമ്മീഷന് എഴുതി നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ കണ്ടെത്തിയത് വിവരാവകാശ നിയമം ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്പെടുന്ന നിയമമെന്ന് വ്യക്തമാക്കുന്ന ഫയലുകള്‍ – സംസ്ഥാന വിവരാകവകാശ കമ്മീഷ്ണര്‍

വിവരാവകാശ നിയമം ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്പെടുന്ന ശക്തമായ നിയമമെന്ന തരത്തില്‍ ഫലപ്രദമായി ഉപയോഗിച്ച  ഫയലുകള്‍ പാലക്കാട് ജില്ലയില്‍ കണ്ടെത്തിയതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുള്‍ ഹക്കീം പറഞ്ഞു. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 13 കേസുകളാണ് പരിഗണിച്ചത്.ഓഫീസുകളില്‍ വിവരം ഉണ്ടെങ്കില്‍  അപേക്ഷകന് നല്‍കാതിരിക്കാന്‍ പഴുത് തേടുന്ന ഉദ്യോഗസ്ഥരെ കമ്മീഷന്‍ ശക്തമായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം ഉദ്യാഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള മത്സര വേദിയാകരുത്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കാന്‍, അവരെ വരുതിയിലാക്കാനുള്ള ആയുധമാക്കി ചിലര്‍ വിവരാവകാശത്തെ ഉപയോഗിക്കുന്ന പ്രവണത കാണുന്നതായും അത്തരം പ്രവണത കമ്മീഷന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പരമാവധി വേഗത്തില്‍ വിവരങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് എല്ലാ പിന്തുണയും പരിരക്ഷയും കമ്മീഷന്‍ ഉറപ്പാക്കും. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ എവിടെയും പുതുതായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.  ഇവര്‍ക്കായി ഒരു രൂപ പോലും പ്രത്യേകിച്ച് ശമ്പളം നല്‍കുന്നില്ലെന്നും മറ്റ് ജോലികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അധിക സമയം ഉപയോഗിച്ച് ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ഓരോ ഓഫീസിലും രണ്ട് പേരെ ചുമതലപ്പെടുത്തിട്ടുണ്ട്. അതിനാല്‍ അപേക്ഷകര്‍ പരമാവധി സഹകരിക്കുകയും സൗഹൃദ മനസോടെ വിവരങ്ങള്‍ നേടാനുള്ള താത്പര്യം പ്രകടിപ്പിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.വിവരാവകാശ നിയമ പ്രകാരം  പൗരന് വില്ലേജ് ഓഫീസ് മുതല്‍ സെന്ററല്‍ സെക്രട്ടറിയേറ്റ് വരെയും ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് ഓഫീസ് വരെയും കടന്ന് ചെന്ന് ഫയലുകള്‍ കാണാനും പകര്‍പ്പ് ആവശ്യപ്പെടാനും അധികാരമുണ്ട്. അത് അവകാശം മാത്രമല്ല പൗരന്റെ അധികാരമാണ്. ഉദ്യോഗസ്ഥര്‍ ജനപക്ഷത്ത് നിന്ന് തീരുമാനം എടുക്കണമെന്നതാണ് കമ്മീഷന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മേലധികാരികളുടെ സൂക്ഷ്മമായ അന്വേഷണവും മേല്‍നോട്ടവും ഇല്ലാത്തതിനാല്‍ അഴിമതി നടത്താന്‍ പഴുതുകള്‍ തുറന്നിട്ടുള്ള പല വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളും തെളിവെടുപ്പില്‍ കമ്മീഷന്‍ കണ്ടെത്തിയതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.  ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നല്ല  പഴുതുകള്‍ തുറന്ന് കിട്ടുന്ന സന്ദര്‍ഭങ്ങള്‍ വന്നിട്ടുള്ളതായും കമ്മീഷണര്‍ വ്യക്തമാക്കി.  തെങ്കര ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ നികന്ന് പോയ ഒരു തോട് പുനസ്ഥാപിക്കാനും  തോടിന് മറുകരയിലുള്ള  കോളനിക്കാരുടെ യാത്ര സൗകര്യം, കുടിവെള്ളം  തടസപ്പെടാതിരിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ അടങ്ങിയ ഫയല്‍ പരിശോധിച്ചതില്‍  വിവരം ലഭ്യമല്ലെന്നും ഫയല്‍ കാണാനില്ലെന്നും കാണിച്ച് ചില ഓഫീസര്‍മാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന പ്രവണത  കണ്ടെത്തിയതായും  അത്തരകാര്‍ക്കെതിരെ നിയമത്തിന്റെ എല്ലാം മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷ്ണര്‍ അറിയിച്ചു.  പാലക്കാട് ആര്‍.ഡി.ഒ ഓഫീസില്‍ 2018 ല്‍ പി.ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതെ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ വിവരാവകാശം സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓഫീസര്‍ക്കെതിരെ പ്രാഥമിക നടപടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും  കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിപ്പിക്കാനും തീരുമാനമായി.

മൂന്ന് അപേക്ഷകള്‍ക്ക് തല്‍ക്ഷണം മറുപടി

തെളിവെടുപ്പില്‍ എത്തിയ മൂന്ന് അപേക്ഷകര്‍ക്ക് തല്‍ക്ഷണം വിവരങ്ങള്‍ ലഭ്യമാക്കിയതായി സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ എ. അബ്ദുള്‍ ഹക്കീം പറഞ്ഞു. 2018, 2019, 2020 വര്‍ഷങ്ങളില്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ നല്‍കിയ അപേക്ഷകളിലാണ് മറുപടി നല്‍കിയത്. തെളിവെടുപ്പില്‍ ഓഫീസര്‍മാര്‍ കൊണ്ടുവന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ കണ്ടെത്തുകയും ആയത് അപേക്ഷകര്‍ക്ക് കൈമാറുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പില്‍ 13 കേസുകള്‍ പരിഗണിച്ചു

10 കേസുകള്‍ തീര്‍പ്പാക്കി

വിവരാവകാശ കമ്മീഷന്‍ പാലക്കാട് താലൂക്ക് ഓഫീസില്‍ നടത്തിയ തെളിവെടുപ്പില്‍ 13 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 10 കേസുകള്‍ തീര്‍പ്പാക്കി.  2018 ല്‍ ആര്‍.ഡി.ഒ ഓഫീസില്‍ പി. ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി നല്‍കിയ പരാതിയില്‍ മറുപടി നല്‍കാതിരുന്ന നിലവിലെ പുതുശ്ശേരി വില്ലേജ്  അസിസ്റ്റന്റിനെതിരെ വിവരാവകാശ നിയമം 2005 പ്രകാരം ശിക്ഷാ നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു. തെങ്കര ഗ്രാമപഞ്ചായത്തില്‍ നല്‍കിയ രണ്ട് വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി പഞ്ചായത്ത് എസ്.പി.ഒ, പെര്‍ഫോമന്‍സ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ മാര്‍ച്ച് 16 ന് എറണാകുളത്ത് കമ്മീഷന്‍ മുന്‍പാകെ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പ്രമോഷന്‍, സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തത ഇല്ലാത്ത മറുപടി നല്‍കിയ ഓഫീസര്‍മാരെ കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകളുമായി മെയ് മൂന്നിന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കൊല്ലങ്കോട് എ.ഇ.ഒ ഓഫീസിന് കീഴിലെ ഒരു സ്‌കൂളില്‍ പ്രധാനാധ്യാപക നിയമനുമായി ബന്ധപ്പെട്ട   മുഴുവന്‍ ഫയലുകളും കമ്മീഷന് മുന്‍പില്‍ ഹാജരാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. 2022 നവംബറില്‍ ആര്‍.ഡി.ഒ ഓഫീസില്‍ തേങ്കുറിശ്ശി സ്വദേശി നല്‍കിയ അപേക്ഷയില്‍ ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി വില്ലേജില്‍ നാല് ഏക്കര്‍ 36 സെന്റ് സ്ഥലത്തെ മാനവ വിക്രമ സാമൂതിരി രാജാവിന്റെ കുളം മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത രേഖകള്‍ മാര്‍ച്ച്  16 ന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. തത്തമംഗലം സ്വദേശി കൃഷ്ണകുമാര്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ട രേഖകള്‍ മാര്‍ച്ച് 15 നകം ലഭ്യമാക്കി കൈപ്പറ്റ് രസിത് കമ്മീഷന് ലഭ്യമാകാന്നും വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചു.

 വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമം പൂര്‍ണ്ണമായും ജനപക്ഷത്ത് നില്‍ക്കുന്നതാണെന്നും വിവരാവകാശ അപേക്ഷകള്‍ ഓഫീസര്‍മാര്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനപക്ഷത്തു നിന്ന് തീരുമാനമെടുക്കണമെന്നും  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പറഞ്ഞു. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  തെളിവെടുപ്പിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.  വിവരാവകാശ അപേക്ഷകളില്‍ എല്ലാ ഉദ്യോഗസ്ഥരും തുറന്ന സമീപനം സ്വീകരിക്കണമെന്നും അപേക്ഷകള്‍ക്ക് സത്യസന്ധമായ വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും കമ്മീഷന്‍ ഉറപ്പാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും വിവരം നല്‍കാതെ തടസ്സം നില്‍ക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വിവരാവകാശ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്കാന്‍  30 ദിവസം കാത്തിരിക്കുന്നത് നല്ല സമീപനമല്ല.  പരമാവധി വേഗം മറുപടി നല്‍കണം.  പൊതു ജനങ്ങള്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഒരേ വിവരങ്ങള്‍ പല ഉപ വിഭാഗങ്ങളിലായി ചോദിക്കുക, ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള  വിവരങ്ങള്‍ ചോദിക്കുക എന്നിവ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കില്ല.   ദൈനംദിന ജോലികള്‍ക്ക് പുറമെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാകുന്ന  ഉദ്യോഗസ്ഥരുടെ മനസ് മടുപ്പിക്കുന്ന സമീപനം പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകരുത്. വിവരാവകാശ അപേക്ഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ പേര്, തസ്തിക എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ പറഞ്ഞു.

വിവരാവകാശ അപേക്ഷകളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒന്നാം അപ്പ്‌ലറ്റ് അതോറിറ്റി എന്നിവര്‍ക്ക് അപേക്ഷകരെ ഹിയറിംഗ് വിളിക്കാന്‍ അധികാരമില്ലെന്നും ഹിയറിംഗ് അധികാരം സംസ്ഥാന വിവരാവകാശ കമ്മീഷനാണെന്നും കമ്മീഷണര്‍ അറിയിച്ചു.അപേക്ഷകരുടെ വിലാസം പോലെ തിരിച്ചറിയാനുള്ള കാര്യങ്ങളല്ലാതെ അപേക്ഷകന്റെ ലക്ഷ്യം, താല്പര്യം ഒന്നും അന്വേഷിക്കാന്‍ പാടുള്ളതല്ലായെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.

 

വനിതകള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു.

അഭ്യസ്ഥവിദ്യരും തൊഴിലന്വേഷകരുമായ വനിതകള്‍ക്ക് തൊഴിലവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നോളജ് എകണോമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും വനിതകള്‍ക്കായി പ്രത്യേക തൊഴില്‍ മേള സംഘടിപ്പിച്ചു. പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ നടന്ന തൊഴില്‍ മേള  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ കെ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് സമര്‍ത്ഥരായ വനിതാ തൊഴില്‍ അന്വേഷകരെ കണ്ടെത്തി നോളജ് ജോബ് യൂണിറ്റുകള്‍ രൂപീകരിക്കുകയും വര്‍ക്ക് റെഡിനസ് പ്രോഗ്രാമുകള്‍, വ്യക്തിത വികസന പരിശീലനങ്ങള്‍, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷ പരിശോധന ഉള്‍പ്പെടെ നിരവധി ഗ്രൂമിംഗ് കോഴ്‌സുകളിലൂടെ പരിശീലനം നല്‍കിയ ഉദ്യോഗാര്‍ത്ഥികളെയാണ് തൊഴില്‍ മേളയില്‍ പങ്കെടുപ്പിച്ചത്. മേളയില്‍ 47 തൊഴില്‍ ദാതാക്കള്‍ നേരിട്ടും 20 തൊഴില്‍ ദാതാക്കള്‍ ഓണ്‍ലൈനായും പങ്കെടുത്തു. 1082 പേര്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ഗവ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മായ.സി നായറുടെ അധ്യക്ഷയായി. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ എ. ശ്രീജ, കേരള നോളജ് മിഷന്‍ റീജ്യണല്‍ പ്രോഗ്രാം മാനേജര്‍ എം.എ സുമി, ഐ.സി.ടി അക്കാദമി പ്രോഗ്രാം മേധാവി ബിജു സോമന്‍ കുടുംബശ്രീ ജില്ലാ  പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

 
 
മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനം: ജില്ലാ കലക്ടര്‍ ഫ്‌ലാഗ് ഓഫ്  ചെയ്തു

അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ മെച്ചപ്പെട്ട ചികിത്സാ സേവനം  ലഭ്യമാക്കുന്നതിന് എന്‍.എച്ച്.എം, കേരള മെഡിക്കല്‍സ് സര്‍വ്വീസസ് കോര്‍പറേഷന്‍  മുഖേന നടപ്പാക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനത്തില്‍ ലഭിക്കും. അട്ടപ്പാടിയിലെ ഊരുകളില്‍ നിശ്ചിത ദിവസങ്ങളിലെത്തി പ്രാഥമിക മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയും സിക്കിള്‍ സെല്‍ അനീമിയ അടക്കമുള്ള ലാബ് പരിശോധനകളും നടത്തും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി റോഷ് , കെ.എം.എസ്.സി.എല്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌നേഹിത സമന്വയ സമിതി യോഗം ചേര്‍ന്നു.

 
മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കെ.എസ്.ബി.സി.ഡി.സി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സി.ഡി.എസ് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ദേശീയ പിന്നാക്ക വിഭാഗം ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, ദേശീയ സഫായി കര്‍മ്മചാരിസ് ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ വായ്പ പദ്ധതികളാണ് കെ.എസ്.ബി.സി.ഡി.സി മുഖേന നല്‍കുന്നത്. എന്‍.ബി.സി.എഫ്.ഡി.സി പദ്ധതിക്ക് തെരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടത്തിലെ 60 ശതമാനം അംഗങ്ങളും മറ്റു പിന്നാക്ക വിഭാഗക്കാരായിരിക്കണം. എന്‍.എം.ഡി.എഫ്.സി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിക്ക് 60 മുതല്‍ 75 ശതമാനം അംഗങ്ങളും ന്യൂനപക്ഷ വിഭാഗക്കാരും എന്‍.എസ്.കെ.എഫ്.ഡി.സി പദ്ധതിയിലേക്ക് 50 ശതമാനം മറ്റ് പിന്നാക്ക / ന്യൂനപക്ഷ വിഭാഗക്കാരായ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് മുന്‍ഗണന. ഒരു സി.ഡി.എസിന് പരമാവധി മൂന്ന് കോടി രൂപ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കും. സി.ഡി.എസുകള്‍ മുഖേന ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 15 ലക്ഷവും വ്യക്തികള്‍ക്ക് ഒരു ലക്ഷം വരെയും വായ്പ നല്‍കും. എന്‍.എസ്.കെ.എഫ്.ഡി.സി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിയില്‍ ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 10 ലക്ഷം രൂപയാകും വായ്പ നല്‍കുക. മഹിളാ സമൃദ്ധി യോജന പദ്ധതിയില്‍ 3 ശതമാനം  നിരക്കിലും മൈക്രോ ക്രെഡിറ്റില്‍ നാല് ശതമാനം നിരക്കിലും ആണ് സി.ഡി.എസുകള്‍ക്ക് വായ്പ അനുവദിക്കുക. സി.ഡി.എസിന് ഒരു ശതമാനം നിരക്കില്‍ മാര്‍ജിന്‍ എടുത്ത ശേഷം നാല്, അഞ്ച് ശതമാനം നിരക്കില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് ലഭ്യമായതിനാല്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ വായ്പയ്ക്കായി കുടുംബശ്രീ സി.ഡി.എസില്‍ ബന്ധപ്പെടണമെന്ന് കെ.എസ്.ബി. സി.ഡി.സി അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ഫോണ്‍ – 0491 2505366, 0491 2505367

error: Content is protected !!