Input your search keywords and press Enter.

പാലക്കാട്‌ ജില്ലാ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 22/02/2023)

ഖരമാലിന്യ പരിപാലന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7.27 കോടിയുടെ പ്രവര്‍ത്തനങ്ങള്‍
ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7.27 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു. പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റായധാരണകള്‍ മാറ്റുന്നതിന് സാമൂഹ്യ-പെരുമാറ്റ ആശയ വിനിമയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതി ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ബാങ്ക്, എ.ഐ.ഐ.ബിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഖരമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം, മാലിന്യ പരിപാലനം, സംസ്‌കരണം എന്നിവയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ഖരമാലിന്യ പരിപാലനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലൂടെ നഗരസഭകളില്‍ ആവശ്യമായ പദ്ധതികളും വിഭാവനം ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കല്‍ തുക. സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്കചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവ 70 ശതമാനവും പദ്ധതി വിഹിതം വഹിക്കും. പദ്ധതിയിലൂടെ ജില്ലയിലെ നിലവിലുള്ള എം.സി.എഫ്/ആര്‍.ആര്‍.എഫ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍, മാലിന്യ സംസ്‌കരണത്തിന് പര്യാപ്തമായ ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാലക്കാട്, ഒറ്റപ്പാലം നഗരസഭകളില്‍ പൈതൃക മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ബയോമൈനിങ് പദ്ധതിയും നടപ്പാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പദ്ധതി ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന- എന്‍.ജി.ഒ പ്രതിനിധികള്‍, വിഷയവിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ‘ശുചിത്വ നഗരം’ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ഓഫീസ്, രണ്ടാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റില്‍ ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റര്‍, ഫിനാന്‍സ് എക്സ്പേര്‍ട്ട്, സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട്, എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍, മോണിറ്ററിങ് ഇവാലുവേഷന്‍ എക്സ്പേര്‍ട്ട് എന്നിവരുടെ സേവനം ലഭിക്കും. ഇതിന് പുറമെ എല്ലാ നഗരസഭകളിലും ഒരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എന്‍ജിനീയറെയും നിയമിച്ചിട്ടുണ്ട്. ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി. ധര്‍മ്മലശ്രീ നിര്‍വഹിച്ചു. പരിപാടിയില്‍ എല്‍.എസ്.ജി .ഡി ജോയിന്‍ ഡയറക്ടര്‍ കെ.പി വേലായുധന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഭിജിത്ത്, വിവിധ നഗരസഭാ പ്രതിനിധികള്‍,  ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് എന്നിവര്‍ പങ്കെടുത്തു.

സ്വത്ത് വകകള്‍ കണ്ടുകെട്ടും : ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാം

ഒറ്റപ്പാലം താലൂക്കിലെ നെല്ലായ വില്ലേജില്‍ പട്ടിശ്ശേരി കോളനി, കുന്നത്തൊടി വീട്ടില്‍ കേശവന്റെ ബി.ടി.ആര്‍ സര്‍വ്വെ നമ്പര്‍ 9/5 ലെ 01.42 ആര്‍ (3.50) സെന്റ് സ്ഥലം 1964-ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കേശവന്റെ ഭാര്യയും മക്കളും മരണപ്പെടുകയും സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ മറ്റ് നിയമാനുസൃത അവകാശികളോ ഇല്ലാത്തതിനാല്‍ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നിലവില്‍ അവകാശികള്‍ ഇല്ലെന്നും ഒറ്റപ്പാലം തഹസില്‍ദാര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വത്തുവകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതില്‍ ആക്ഷേപമോ അവകാശവാദമോ ഉണ്ടെങ്കില്‍ ആറുമാസത്തിനകം ജില്ലാ കലക്ടര്‍ മുമ്പാകെ നേരിട്ട് എത്തി ആക്ഷേപം ബോധിപ്പിക്കണമെന്നും അവധി കഴിഞ്ഞ് തപാല്‍ മാര്‍ഗ്ഗമുള്ള ആക്ഷേപം സ്വീകരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാം
അടുക്കളക്കായി അടുക്ക് കൃഷി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ കൃഷിനിവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ അടുക്കളക്കായി ‘അടുക്ക് കൃഷി’ പച്ചക്കറി കൃഷി നടപ്പാക്കുന്നു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍-പൊതുജനങ്ങളില്‍ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക, നഗര-പ്രാന്ത പ്രദേശങ്ങളില്‍ ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന നാല് അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ 16 ചെടികള്‍, 80 കിലോഗ്രാം ചകിരിച്ചോര്‍, ചീര, മുളക്, പാലക്, മല്ലി,  കത്തിരി, തക്കാളി വിത്ത് അല്ലെങ്കില്‍ തൈകള്‍ സസ്യ പോഷണ സംരക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ നല്‍കും. അടുക്ക് കൃഷിക്ക് ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ച് സ്ഥാനം മാറ്റിവയ്ക്കാം. 22,100 രൂപയാണ് ഒരു യൂണിറ്റിന്റെ ആകെ ചെലവ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് 10525 രൂപ ധനസഹായത്തോടെയാണ് ലഭ്യമാക്കുക. താത്പര്യമുള്ളവര്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ ലിങ്ക് ചെയ്തിട്ടുള്ള http://serviceonline.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിണം. ഇതിനായി ഗുണഭോക്താക്കള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനില്‍ ലഭിക്കുന്ന യൂസര്‍ ഐഡി പാസ് വേര്‍ഡ് ഉപയോഗിച്ച് പോര്‍ട്ടല്‍ മുഖേന അപേക്ഷ പൂര്‍ത്തിയാക്കാം. 11575 രൂപ ഗുണഭോക്തൃത വിഹിതമായി അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടയ്ക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായോ, ജില്ലാ കൃഷി ഓഫീസിലെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വിഭാഗമായോ ബന്ധപ്പെടാം. ഫോണ്‍ -9383471460, 9747839928, 8594047289

പട്ടാമ്പി നേര്‍ച്ച: മാര്‍ച്ച് 4, 5 തീയതികളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പട്ടാമ്പി നേര്‍ച്ചയോടനുബന്ധിച്ച് പട്ടാമ്പി നഗരസഭ പരിധിയില്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ രാവിലെ ആറ് മുതല്‍  രാത്രി 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ.ചിത്ര.എസ് അറിയിച്ചു.

മണപ്പുള്ളിക്കവ് വേല : മാര്‍ച്ച് രണ്ടിന് ഡ്രൈ ഡേ പ്രഖ്യാപിച്ചു

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് നഗരസഭ, കണ്ണാടി-മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് രണ്ടിന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ.ചിത്ര.എസ് അറിയിച്ചു.

പുതുശ്ശേരി വെടി  : 27 ന് ഡ്രൈ ഡേ പ്രഖ്യാപിച്ചു

പുതുശ്ശേരി വെടിയോടനുബന്ധിച്ച് പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഫെബ്രുവരി 27 ന്  രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ.ചിത്ര.എസ് അറിയിച്ചു.

തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ 9188522713, 0491-2815454 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

ആലത്തൂര്‍ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ 13 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ് നല്‍കണം.താത്പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് വൈകിട്ട് 5 നകം [email protected][email protected] ലോ, 04922-226040, 9496839675, 9446972314 നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!