‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,
എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’
എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം; മുഖ്യമന്ത്രി
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയില്‍ ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് അനുസരിച്ചു റവന്യൂ വകുപ്പും സാങ്കേതികാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ കാലത്തിന്റെ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ കൈവശാവകാശം, രേഖകള്‍ കൃത്യമായി ലഭ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റിസര്‍വെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കും.
സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതോടെ ഭൂസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഭൂമിയുടെ കൈവശാവകാശത്തില്‍ കൃത്രിമവും ഇരട്ടിപ്പും ഉണ്ടാവിലെന്ന് ഉറപ്പാക്കാന്‍ യുണീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കി. ഇത്തരത്തില്‍ ഭൂരേഖകള്‍ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജന സേവനങ്ങള്‍ ജനോ•ുഖമാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതു വരെ 54535 പട്ടയങ്ങള്‍ വിതരണം ചെയ്തു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നൂറുദിന പരിപാടികളോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഭൂരഹിതര്‍ക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി പുരോഗമിക്കുന്നു.സംസ്ഥാനത്ത് ഭൂരഹതിരായി ആരും ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഒരു കുടുംബത്തിന് മൂന്നു സെന്റ് ഭൂമി എന്ന് കണക്കാക്കിയാല്‍ പോലും 10,500 ഏക്കര്‍ വേണ്ടി വരും. ലാന്‍ഡ് ബോര്‍ഡ് കേസുകള്‍ തീര്‍പ്പാക്കിയാല്‍ 8210 ഏക്കര്‍ ഭൂമി വിതരണത്തിന് ലഭ്യമാകും. മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി 77 താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.ഇതു പൂര്‍ത്തിയായാല്‍ ഭൂരഹിതര്‍ക്കെല്ലാം നല്‍കുന്നതിനുള്ള ഭൂമി സജ്ജമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വഹണം സാധ്യമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികളും പുനസംഘടിപ്പിച്ചിട്ടുണ്ട്.
അര്‍ഹമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം, സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം എന്നിവ സൃഷ്ടിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി സേവന രീതികള്‍ പരിഷ്‌കരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വരണം. നവകേരള നിര്‍മിതിയില്‍ റവന്യൂ വകുപ്പിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ചാനലും പ്രകാശനം ചെയ്തു.
നാലു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ റവന്യൂ- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ഏകീകരിച്ച് സംയോജിത പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വരുന്നതോടെ തര്‍ക്കങ്ങളും മറ്റ് തടസ്സങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നത്തിലൂടെ നാടിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്ന് മുഖ്യാതിഥിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ശ്രദ്ധേയ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് എ. ഗീത (വയനാട്), സബ് കളക്ടര്‍ക്കുള്ള അവാര്‍ഡ് ആര്‍. ശ്രീലക്ഷ്മി (മാനന്തവാടി) എന്നിവര്‍ക്ക് ഉള്‍പ്പെടെ 60 അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.
എ.എം ആരിഫ് എം.പി, എം.എല്‍.എമാരായ എം.നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, പി.എസ്.സുപാല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റ്റി.വി.അനുപമ, റവന്യു ദിനാഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വ്വീണ്‍ , സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെയും കളക്ടര്‍മാര്‍, റവന്യു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ
ആനുകൂല്യ വിതരണം ഇന്ന്
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ ഇന്ന് (25.02.2023) വിതരണം ചെയ്യും. രാവിലെ ഒന്‍പതിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ആഡിറ്റോറിയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യും. 2022 വര്‍ഷം വിരമിച്ച തൊഴിലാളികള്‍ക്കാണ് ഗ്രാറ്റിവിറ്റി നല്‍കുന്നത്. മികവ് 2022 പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും.തൊഴിലാളികളെ സാക്ഷരപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ദിശ പദ്ധതി പ്രകാരം 10-ാംതരം തുല്യതാ പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും
കനിവ് 2023 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ രോഗ ബാധിതര്‍ക്ക് ചികിത്സാ സഹായവും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത കശുവണ്ടി തൊളിലാളികള്‍ക്കുള്ള പ്രസവാനൂകൂല്യവും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വിതരണം ചെയ്യും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും.കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിള്ള, കടപ്പാക്കട ഡിവിഷന്‍ കൗണ്‍സിലര്‍ കൃപാ വിനോദ്, ഭരണസമിതി അംഗങ്ങള്‍ കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ ഭാരവാഹികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശില്‍പശാലയ്ക്ക് തുടക്കമായി
കാഷ്യൂ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ കണ്‍വീനര്‍മാരുടെ ശില്‍പശാലയ്ക്ക് അയത്തില്‍ ഫാക്ടറിയില്‍ തുടക്കമായി. കാഷ്യൂ കോര്‍പ്പറേഷനെ മാതൃകസ്ഥാപനമാക്കി മാറ്റാന്‍ തൊഴിലാളികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു. ചെയര്‍മാന്‍ എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
സംയുക്ത സ്‌ക്വാഡ് പരിശോധന
സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് കടപ്പാക്കട, നഗരപരിധി, എസ്.വി ടാക്കീസ്, രണ്ടാംകുറ്റി പരിസരങ്ങളിലെ പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, ബേക്കറി, പ്രൊവിഷന്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് സിലിണ്ടറുകള്‍ കസ്റ്റഡിയിലെടുത്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച അഞ്ചു വ്യാപാരസ്ഥാപനങ്ങള്‍ക്കും അളവുതൂക്ക ഉപകരണങ്ങള്‍ പതിപ്പിക്കാത്ത വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വരുംദിവസങ്ങളിലും പരിശോധന തുടരും.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
തൃക്കരുവ, പനയം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി/ തത്തുല്യം പാസായിരിക്കണം. എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. അതത് പഞ്ചായത്ത് പരിധിയിലെ താമസക്കാരാകണം. പ്രായപരിധി 18-46 വയസ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക അഞ്ചാലുംമൂട് ഐ.സി.ഡിഎസ് പ്രൊജക്ട് ഓഫീസ്, തൃക്കരുവ, പനയം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ – 0474 2551311.
യോഗം ഇന്ന് (ഫെബ്രുവരി 25)
ഖേലോ ഇന്ത്യ പദ്ധതി സംബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിലെ പി.ടി അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എസ്.സി/ എസ്.ടി/ പ്രീ-മെട്രിക്കുലേറ്റ്/ മെട്രിക്കുലേറ്റ് ഹോസ്റ്റലുകള്‍/ എം.ആര്‍.എസ് എന്നിവിടങ്ങളിലെ അധികൃതരുമായി ഇന്ന് (ഫെബ്രുവരി 25) ഉച്ചയ്ക്ക് രണ്ടരയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
മുച്ചക്രവാഹനം അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും, വില്പനക്കാരുടെയും, ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ ജില്ലയിലെ ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് സൗജന്യമായി മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്നു. മാര്‍ച്ച് 20നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0474 2744447.
ബീച്ച് അംബ്രല്ലാ വിതരണം
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലാ വിതരണം ജവഹര്‍ ബാലഭവന്‍ മിനി ആഡിറ്റോറിയത്തില്‍ എം.നൗഷാദ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അധ്യക്ഷയായി.
അഭിമുഖം
കോയിക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ ഓഫീസ് അറ്റന്‍ഡന്റിന്റെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തും . യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ല. ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അഭിമുഖം. ഫോണ്‍ 0474 2731609.
വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളും വിഷയത്തില്‍ ഇന്ന് (ഫെബ്രുവരി 25) രാവിലെ 10 മുതല്‍ 11 വരെ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര് www.kied.info ല്‍ അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322.
തൊഴില്‍മേള സംഘടിപ്പിച്ചു
കുടുംബശ്രീയും കേരള നോളജ് എക്കോണമി മിഷനും വനിതകള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേള എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷയായി. തൊഴില്‍ മേളയില്‍ ഹോസ്പിറ്റല്‍, ഐ.റ്റി, നോണ്‍ ഐ.റ്റി തുടങ്ങിയ മേഖലകളിലെ വിവിധ കമ്പനികള്‍ പങ്കെടുത്തു. 3343 പേരെ ഇന്റര്‍വ്യൂ ചെയ്യുകയും 1050 വനിതകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.
വികസന സെമിനാര്‍
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി.ശശികല, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി എന്‍ മനോജ് , ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. അജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് അജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സിന്ധു,മെമ്പര്‍മാരായ എസ്.ഗീത, ജി.സന്തോഷ്‌കുമാര്‍, പി.വാസു, സച്ചുമോഹന്‍, ആര്‍ അഭിലാഷ്, അമീഷ്ബാബു,സി.എസ്.നിവാസ്, എസ്.സുജാത അമ്മ,ആര്‍.രജനി, ബി.ബൈജുകുമാര്‍, കെ.രമാദേവി, ആര്‍.ഗീത, സെക്രട്ടറി ചെറിയാന്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അരുണ്‍നാഥ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേളയും കുടുംബസംഗമവും കോട്ടുവന്‍കോണം ഗ്രാന്റ് ആഡിറ്റോറിയത്തില്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള അദ്ധ്യക്ഷനായി. ചടങ്ങില്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.സുരേഷ് കുമാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ, ഇത്തിക്കര ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.കെ.ശ്രീകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലൈല ജോയി, ജീജ സന്തോഷ്, ബ്ലോക്ക് മെമ്പര്‍ സനിത രാജീവ്, പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍.രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.