Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 24/02/2023)

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങി
പുതിയതായി മൂന്ന് ഹോട്ടലുകള്‍ ആരംഭിക്കും: മന്ത്രി ജി. ആര്‍ അനില്‍

സംസ്ഥാനത്ത്  ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങിയതായും മൂന്ന് സുഭിക്ഷാ ഹോട്ടലുകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും പൊതുവിതരണ-ഉപഭോക്തകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെട്ട വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷ ഹോട്ടലുകളിലൂടെ വിഭവസമൃദ്ധമായ ഭക്ഷണമെന്ന ആശയമല്ല നടപ്പാക്കുന്നത്, പട്ടിണി കൂടാതെ കഴിയാനും വിശപ്പ് മാറ്റാനുമുള്ള ഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സംഘങ്ങള്‍ മുഖേന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍  2016-ലെ വിലയ്ക്ക് ഇന്നും നല്‍കുന്നുണ്ട്. വലിയ ശതമാനം ജനങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും ദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്ക് കൊണ്ടുവരികയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി അതിവേഗം കാര്‍ഡുകള്‍ വിതരണം ചെയ്യത് അവരെ വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ ഭാഗമാക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം 3.5 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു.

റേഷന്‍ വിതരണം എല്ലാ മാസവും പത്താം തീയതിക്കകം ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുകയാണ് ശ്രമം. റേഷന്‍ വിതരണത്തിലെ സെര്‍വര്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റുകളാക്കി മാറ്റിയത് മാര്‍ച്ച് ഒന്ന് മുതല്‍ അവസാനിപ്പിച്ച് പഴയ രീതിയിലുള്ള നില തുടരുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളിലൂടെ പുഴുക്കലരി കൂടുതലായി വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തില്‍ 50:50 എന്ന തരത്തില്‍ അടുത്ത മാസം മുതല്‍ അരി വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍ എം.എല്‍.എ പി മമ്മിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍  വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍, അംഗങ്ങളായ പി.ശ്രീലത, എന്‍.പി കോമളം, സി.സൂരജ്, പി ഹരിദാസന്‍, പി കനകരാജന്‍, എ.പി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി എ.കെ വിനോദ് എന്നിവര്‍ സംസാരിച്ചു

ജില്ലാതല ഭക്ഷണ പോഷണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി  ഗവ. പി.എം.ജി.എച്ച്.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ഭക്ഷണ പോഷണ പ്രദര്‍ശനം സ്‌കൂള്‍ പ്രധാനധ്യാപിക ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് സെമിനാര്‍, ക്വിസ് മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ആല്‍ജോ.സി.ചെറിയാന്‍, ടി.എസ് സുബ്രഹ്മണ്യന്‍്, അധ്യാപകരായ രമേശ് പാറപുറത്ത്, എസ്.പി.സി  ഓഫീസര്‍ ഇ.ജെ രാജന്‍, സി. ഹരിത, എം.എസ് അതുല്യ, ഫൗസിയ മഡാല എന്നിവര്‍ സംസാരിച്ചു.


മണക്കടവ് വിയറില്‍ 6084.80 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 22 വരെ 6084.80 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 1165.20 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-105.07 (274), തമിഴ്നാട് ഷോളയാര്‍-610.42 (5392), കേരള ഷോളയാര്‍-5006.20 (5420), പറമ്പിക്കുളം-9944.21 (17,820), തൂണക്കടവ്-549.80 (557), പെരുവാരിപ്പള്ളം-610.78 (620), തിരുമൂര്‍ത്തി-1385.86 (1935), ആളിയാര്‍-1769.90(3864).

ജില്ലാ വികസന സമിതി യോഗം ഇന്ന്

ജില്ലാ വികസന സമിതി യോഗം ഇന്ന് (ഫെബ്രുവരി 25) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ല കലക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. പ്രീ-ഡി.ഡി.സി യോഗം രാവിലെ 10 ന് നടക്കും.

കാണ്മാനില്ല

ചിറ്റൂര്‍ നല്ലേപ്പിള്ളി തെക്കേദേശം പാറക്കല്‍ സുകുമാരന്റെ മകന്‍ സുമേഷിനെ 2023 ജനുവരി 28 മുതല്‍ കാണ്മാനില്ല. 27 വയസാണ്. ജനുവരി 28 ന് ജോലി സംബന്ധമായി ഇടുക്കിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. 163 സെ.മീ ഉയരം, വെളുത്ത നിറം, കാണാതെയാവുമ്പോള്‍ ബ്രൗണ്‍ നിറത്തിലെ ഷര്‍ട്ടാണ് ധരിച്ചത്.  ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍- 9188722338, 9497980604, 9497987149.

സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫൈഡ് ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് അസിസ്റ്റന്റ്  സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസ്/എട്ടാം ക്ലാസ് പാസായവരും  സ്‌കൂള്‍ തുടര്‍ പഠനം നടത്തുന്നവരോ/ രണ്ട് വര്‍ഷം ഐ.ടി.ഐ  പൂര്‍ത്തീകരിച്ച എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍  അവസരം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം അപേക്ഷിക്കണം. ഫോണ്‍ – 04922285577

സൗജന്യ മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം. 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവരും ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തുന്ന 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഏഴ് വര്‍ഷത്തിനകം സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ സൗജന്യമായി മുച്ചക്രവാഹനം ലഭിച്ചിട്ടില്ലാത്തവര്‍ മാര്‍ച്ച് 20 നകം അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0491-2505170

ബീച്ച് അംബ്രല്ല പദ്ധതി: വിതരണോദ്ഘാടനം 27 ന്

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങള്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ല പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഫെബ്രുവരി 27 ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. സിവില്‍ സ്‌റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ക്ഷേമനിധി ബോര്‍ഡ് അംഗം ദയാനന്ദന്‍ അധ്യക്ഷനാവും. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍  ഇ.കൃഷ്ണദാസ് മുഖ്യാതിഥിയാകും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍, ക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ലൈഫ് സര്‍ട്ടിഫിക്കറ്റ് കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

സംസ്ഥാന ബില്‍ഡിംഗ് ആന്‍ഡ് അദര്‍  കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് 2023-ലെ പെന്‍ഷന്‍ വിതരണത്തിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഗസറ്റഡ് ഓഫീസര്‍, ഗവ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയപരിധിയാണ് നീട്ടിയത്. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നും ലഭ്യമാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491-2546873

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പി.എസ്.സി ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള പഴയ ഇരുമ്പ് സാധന സാമഗ്രികള്‍ വില്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ആറ് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ സാധന സാമഗ്രികള്‍ പരിശോധിക്കാം. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ജില്ലാ ഓഫീസര്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം, കലക്ടറേറ്റ് പി.ഒ, പാലക്കാട് വിലാസത്തില്‍  മാര്‍ച്ച് എഴിന് ഉച്ചക്ക് രണ്ടിനകം നല്‍കണം. അന്നേ ദിവസം ഉച്ചക്ക് 2.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 0491 2505398

error: Content is protected !!