Input your search keywords and press Enter.

ജില്ലാ വികസന സമിതി യോഗം


തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തീകരണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പുറമറ്റം പഞ്ചായത്തിലെ അംഗന്‍വാടി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണം.

 

തിരുവല്ല സബ് ട്രഷറി കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കണം. ഉപദേശിക്കടവ് പാലവുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം തുടങ്ങണം. നിരണം കണ്ണശ്ശ സ്മാരകം സ്‌കൂള്‍, കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിക്കണം. തിരുവല്ല നഗരത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

 

റാന്നി നിയോജകമണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍, റവന്യു എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവയ്ക്കുന്നതിന് തോക്ക് ലൈസന്‍സ് ഉള്ളവരെ ഉള്‍പ്പെടുത്തി ടാസ്‌ക്‌ഫോഴ്‌സ് ഉടന്‍ സജ്ജമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റാന്നി, കോന്നി ഡിഎഫ്ഒമാരെ ഇതിനായി ചുമതലപ്പെടുത്തണം.

 

മിഷന്‍ അന്ത്യോദയ സര്‍വേ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സഹകരണം പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, വനിതാ ശിശു വികസന വകുപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജോയിന്റ് ഡയറക്ടര്‍ കത്തു നല്‍കണം.  കടപ്ര പഞ്ചായത്തിലെ പുളിക്കീഴില്‍ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്
എബിസി കേന്ദ്രം നിര്‍മാണം ആരംഭിക്കുന്നതിന് അനുമതി വേഗം ലഭ്യമാക്കണം. 1.50 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്. പാറ ഉത്പന്നങ്ങളുടെ ലഭ്യത കുറവിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ അടിയന്തിര യോഗം വിളിക്കണം. പത്തനംതിട്ട റിംഗ് റോഡിലെ കൈയേറ്റങ്ങള്‍ വിട്ടുവീഴ്ച ഇല്ലാതെ ഒഴിപ്പിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

പത്തനംതിട്ട ജനറല്‍ ആശുപത്രി റോഡിന്റെ വശങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ആംബുലന്‍സുകള്‍ക്കെതിരേ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ പറഞ്ഞു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് പ്രേരിപ്പിക്കുന്നത് ഉള്‍പ്പെടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തെറ്റായ പ്രവണതകള്‍ ചെയ്യുന്നതിന് തടയിടേണ്ടതുണ്ട്. പത്തനംതിട്ട-കുമ്പഴ റോഡില്‍ ജില്ലാ ജയിലിനു മുന്‍വശത്ത് ഉള്‍പ്പെടെ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടച്ച് അപകടരഹിതമാക്കണം.

 

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലവിതരണം നടത്തുന്നതിന് നഗരസഭയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം. തോന്ന്യാമല റോഡിലെ പെരിങ്ങമല ഭാഗത്ത് റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് പൊതുമരാമത്ത് നിരത്തു വിഭാഗം അനുമതി നല്‍കണം. കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നതു മൂലം ഇവിടെ 150 കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഒപി നവീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ വൈകുന്നതിനും കുടിവെള്ളം മുടങ്ങുന്നതിനും പരിഹാരം കാണണമെന്ന് ഡെപ്യുട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി പറഞ്ഞു. ട്രോമാ കെയര്‍ സംവിധാനം, ഡോക്ടര്‍മാരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എയുടെയും ജില്ലാ കളക്ടറുടെയും സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പുനലൂര്‍-മൂവാറ്റുപുഴ റോഡിലെ ഓടകളും കലുങ്കുകളും നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഓടകള്‍ സ്ലാബിട്ട് അപകടരഹിതമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. റവന്യു റിക്കവറിക്ക് അയച്ചവയില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവരുടെ കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം. ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ ഓടകള്‍ കാടു കയറിയിട്ടുള്ളത് തെളിക്കണം.

 

റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ വശത്തേക്ക് മാറ്റി സ്ഥാപിക്കണം. പ്രളയത്തെ തുടര്‍ന്ന് മണിമലയാറ്റിലെ കടവുകളില്‍ അടിഞ്ഞിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യണം. അഴിയിടത്തുചിറ-മേപ്രാല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണം. പെരിങ്ങര കൃഷി ഭവന്‍ നിര്‍മാണം പൂര്‍ത്തീകരിക്കണം. പെരിങ്ങരയില്‍ കൃഷി ഓഫീസറെ നിയമിക്കണം. കോന്നി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കണം. കെഎസ്ആര്‍ടിസി ബസുകള്‍ കളക്ടറേറ്റ് പടിക്കല്‍ കൂടി സ്റ്റാന്‍ഡിലേക്ക് പോകണം. ജില്ലയിലെ കുടിവെള്ള പ്രശ്‌നമുള്ള പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം. മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ റോഡ് പുനരുദ്ധാരണം നടത്തണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.

 

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!